ഇസ്രായേൽ സൗദി സൗഹൃദം ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
കോഴിക്കോട്: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹ്യു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി രഹസ്യ ചർച്ച നടത്തിയ വാർത്ത കേരളത്തിലെ മാധ്യമങ്ങൾ കാര്യമായി ശ്രദ്ധിച്ചതായി കാണുന്നില്ലെങ്കിലും മലബാറിലെ മുസ്ലിം സാമൂഹിക -രാഷ്ട്രീയ വൃത്തങ്ങളിൽ അതു ഗൗരവത്തോടെ പരിഗണിക്കപ്പെടുന്ന വിഷയമാണ്.
സൗദി അറേബ്യ മരുഭുമിയിൽ നിർമിക്കുന്ന ആധുനിക സാങ്കേതിക നഗരമായ നിയോമിൽ കഴിഞ്ഞ ദിവസം ടെൽ അവീവിൽ നിന്നും പുറപ്പെട്ടു എത്തിച്ചേർന്ന ഇസ്രായേലി ജെറ്റ് വിമാനം നിയോമിൽ ഇറങ്ങിയതായാണ് വിമാനങ്ങളുടെ സഞ്ചാരപഥം കൃത്യമായി പരിശോധിക്കുന്ന ഒരു വെബ്സൈറ്റ് കണ്ടെത്തിയത്. ഇസ്രായേലി പ്രധാനമന്ത്രി രഹസ്യ യാത്രകൾക്ക് സ്ഥിരമായി ഉപയോഗിക്കുന്ന വിമാനമാണിത് എന്നും വിവിധ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവം ന്യൂയോർക്ടൈംസ്, സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്തുവിട്ട ശേഷം ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രി യോഹാവ് ഗാലാന്റ്റ് സുരാക്ഷാസേനകളുടെ റേഡിയോയിലെ അഭിമുഖത്തിൽ സംഭവം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് രണ്ടു നേതാക്കളും കൂടിക്കണ്ടതെന്നും യോഗത്തിൽ ഇരുരാജ്യങ്ങളുടെ യും ഉന്നത ഉദ്യോഗസ്ഥർക്കു പുറമെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോവും പങ്കെടുത്തു എന്നുമാണ് ഇസ്രായേൽ മന്ത്രിയും വിവിധ മാധ്യമങ്ങളും അറിയിച്ചത്. എന്നാൽ നെതന്യാഹു അതേക്കുറിച്ചു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സംഭവം സ്ഥിരീകരിക്കാൻ അദ്ദേഹത്തിന്റെ ഓഫിസ് തയ്യാറായിട്ടുമില്ല.
എന്നാൽ നെതന്യാഹുവുമായി കൂടിക്കാഴ്ച നടന്ന വാർത്ത സൗദി അധികൃതർ നിഷേധിച്ചു. അങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും സൗദി ഭരണാധികാരിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായാണ് ചർച്ചകൾ നടന്നതെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അവകാശപ്പെട്ടു. അതേസമയം ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി പറയാൻ മൈക്ക് പോംപിയോയുടെ വക്താവ് വിസമ്മതിച്ചു.
ഫല്സ്തീൻ പ്രശ്നത്തിന് പരിഹാരം കാണുംവരെ ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല എന്നാണ് സൗദി അറേബ്യ ഇത്രയും കാലം എടുത്തുവന്ന നയം. അതേസമയം അമേരിക്കയുടെ അറബ് മേഖലയിലെ ഏറ്റവും വലിയ സഖ്യരാജ്യവുമാണ് സൗദിഅറേബ്യ. ഏതാനും ആഴ്ചകൾക്കു മുമ്പ് യുഎഇ, ബഹ്റൈൻ എന്നീ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. രണ്ടു രാജ്യങ്ങളും സൗദിയുടെ ഏറ്റവും അടുത്ത രാജ്യങ്ങളാണ്. ബഹ്റൈൻ ഭരണാധികാരികൾ പൊതുവിൽ സൗദിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ബഹ്റൈൻ ഇസ്രായേൽ ബന്ധം സൗദിയുടെ അനുമതിയോടെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
വിഷയം മലബാറിലെ രാഷ്ട്രീയത്തിൽ അലകൾ ഉയർത്താനുള്ള സാധ്യത ഏറെയാണ്. സൗദിയുമായി പല തരത്തിലുള്ള ബന്ധങ്ങളും മലബാറിലെ പ്രബല മുസ്ലിം സമുദായ സംഘടനകൾക്കുമുണ്ട്. മുസ്ലിം ലീഗ് നേതൃത്വവും സൗദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. അതേസമയം മുസ്ലിം സമൂഹത്തിൽ അറബ് ഭരണാധികാരികളുടെ ഇസ്രായേൽ അനുകൂല നയങ്ങൾ സംബന്ധിച്ച കടുത്ത വിമർശനം നിലനിൽക്കുന്നുമുണ്ട്. അതിനാൽ പുതിയ സംഭവ വികാസങ്ങൾ ലീഗിനെയും അതിനെ പിൻതുണക്കുന്ന സമുദായ സംഘടനകളെയും പ്രതിസന്ധിയിലാക്കാൻ സിപിഎം ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്.
2000ൽ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അമേരിക്കയുടെ ഇറാക്ക് ആക്രമണം സിപിഎം വളരെ ഫലപ്രദമായി തങ്ങൾക്കു അനുകൂലമായ അന്തരീക്ഷം മുസ്ലിം സമുദായത്തിൽ സൃഷ്ടിക്കാൻ സിപിഎം ഉപയോഗിക്കുകയുണ്ടായി. ജില്ലാ കൌൺസിൽ തിരഞ്ഞെടുപ്പിൽ മലപ്പുറം ഒഴികെ മുഴുവൻ ജില്ലകളും അന്നു സിപിഎം നേടി. 2004ൽ പത്തൊമ്പതു സീറ്റുകളാണ് എൽഡിഎഫ് നേടിയത്. മഞ്ചേരി മണ്ഡലത്തിൽ ലീഗിനെതിരെ ടി കെ ഹംസ നേടിയ അട്ടിമറി വിജയം സദ്ദാമിന്റെ വിജയമായാണ് പലരും അന്നു വിവരിച്ചത്.