കോവിഡ്അടച്ചിടൽ ഗ്രാമങ്ങളെ കടക്കെണിയിലേക്കു നയിനയിക്കുന്നതായി പഠനം
കോഴിക്കോട്: കോവിഡ് രോഗബാധ കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചതു ഗ്രാമീണ ജനങ്ങളെ ഗുരുതരമായ പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും നയിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള മലയോര ഗ്രാമമായ നൊച്ചാട് ഗ്രാമത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ നടത്തിയ സൂക്ഷ്‌മതല ഗ്രാമീണസർവ്വേ പറയുന്നതു കോവിഡ് അടച്ചിടലിന്റെ കാലത്തെ തൊഴിൽനഷ്ടം വഴി ഏതാണ്ട് 17 കോടി രൂപയുടെ വരുമാനനഷ്ടം ഈ ഗ്രാമത്തിലെ അസംഘടിത മേഖലയിൽ ജോലി തേടുന്ന തൊഴിലാളികൾക്ക് മാത്രം ഉണ്ടായിട്ടുണ്ടെന്നാണ്. പരിഷത്തിന്റെ സർവ്വേ വിവരങ്ങൾ കോവിഡും ജീവിതവും: നൊച്ചാടിൻറെ നേർക്കാഴ്ചകൾ എന്ന പേരിൽ കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ടായി പുറത്തിറക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവും സാമ്പത്തികശാസ്ത്ര പണ്ഡിതനുമായ ഡോ. ടി പി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
കേരളത്തിൽ മാർച്ച് മുതൽ മെയ് അവസാനം വരെയുള്ള മാസങ്ങളിൽ സാമ്പത്തികവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ ഏറ്ററ്വും സജീവമാകുന്ന അവസരത്തിലാണ് കോവിഡ് പ്രതിസന്ധി ജനങ്ങളെ രൂക്ഷമായി ബാധിച്ചത്. മിക്കവാറും എല്ലാ തൊഴിൽ മേഖലകളെയും അടച്ചുപൂട്ടൽ ബാധിച്ചു. ഈ മാസങ്ങളിൽ മാത്രം ഗ്രാമത്തിലെ തൊഴിലാളികൾക്കു മൊത്തം രണ്ടു ലക്ഷത്തിലേറെ തൊഴിൽ ദിനങ്ങളുടെ നഷ്ടമുണ്ടായതായാണ് സർവേ കണ്ടെത്തിയത്. പിന്നീടുള്ള മാസങ്ങളിൽ കാലവർഷക്കാലം ആയതിനാൽ പൊതുവിൽ പഞ്ഞമാസങ്ങളായാണു മുമ്പു തന്നെ അറിയപ്പെടുന്നത്.
ഈ മാസങ്ങളിലെ തൊഴിൽ നഷ്ടം കർഷകതൊഴിലാളികളെയും ഗാർഹിക തൊഴിൽ ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ള വിഭാഗങ്ങളെയും മാത്രമല്ല ബാധിച്ചത്. പ്രാദേശിക കലാകാരന്മാർ, പാരമ്പര്യ കലാപ്രവർത്തകർ, പാചകക്കാർ, പാത്രങ്ങളും മേശ, കസേര തുടങ്ങിയവ വാടകക്ക് കൊടുക്കുന്നവർ, പന്തൽ പണിക്കാർ, ബാർബർമാർ , ഡ്രൈവർമാർ, ബുട്ടീഷ്യന്മാർ തുടങ്ങി മറ്റു നിരവധി തൊഴിലുകളിൽ ഏർപ്പെടുന്നവരെയും ഇതു ഗുരുതരമായി ബാധിച്ചു. വേനൽ മാസങ്ങളില്‍ വ്യാപകമായി നടക്കുന്ന പൊതുപരിപാടികൾ, സാമൂഹിക പ്രവർത്തനങ്ങൾ, വിവാഹങ്ങൾ, ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും തുടങ്ങിയ വരുമാന മാർഗങ്ങൾ പോലും അടഞ്ഞതാണ് ഇത്തരം തൊഴിലാളികളെ കഷ്ടത്തിലാക്കിയത്. വേനൽമാസങ്ങളിൽ ലഭിക്കുന്ന വരുമാനമാണ് പിന്നീടുള്ള ദീർഘമായ മഴക്കാലത്തെ തരണം ചെയ്യാൻ അവരെ സഹായിക്കുന്നത്. തൊഴിൽ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കാൻ പലരും പണം കടം വാങ്ങിയിട്ടുണ്ട്. അവരെല്ലാം ഇപ്പോൾ കടബാധ്യതയുടെ നടുവിലാണ്.
ഗ്രാമങ്ങളിൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്കും വീടു നിർമാണം, കെട്ടിമേയൽ അടക്കമുള്ള മറ്റു അത്യാവശ്യ കാര്യങ്ങൾക്കും പണം കണ്ടെത്താനുള്ള ഒരു പരമ്പരാഗത പലിശരഹിത സംവിധാനമാണ് പണപ്പയറ്റു അഥവാ കുറിക്കല്യാണം എന്ന പേരിൽ അറിയപ്പെടുന്നത്. ഗ്രാമങ്ങളിലെ അനൗദ്യോഗിക ഇൻഷുറൻസ് സംവിധാനമാണ് അത്. ഓരോ വ്യക്തിയും ക്ഷണക്കത്തടിച്ചു വിതരണം ചെയ്താൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നിശ്ചിത ദിവസം പരിപാടിയിൽ പങ്കെടുത്തു കാര്യമായ തുക സംഭാവന ചെയ്യും. പിന്നീട് പണം നൽകിയവർ സ്വന്തം നിലയിൽ അത്തരമൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ മാത്രമാണ് ആ തുക തിരിച്ചു നൽകുന്നത്. സാധാരണ നിലയിൽ കിട്ടിയതിനേക്കാൾ കൂടുതൽ വലിയ സംഖ്യയാണ് തിരികെ നൽകുന്നത്. കാരണം ഇതൊരു പാരമ്പര്യമായി തലമുറകളിലൂടെ മുന്നോട്ടു പോകുന്ന സംവിധാനമാണ്.
എന്നാൽ ഇത്തവണ പേരിനുപോലും ഇത്തരം പരിപാടികൾ ഗ്രാമങ്ങളിൽ നടക്കുകയുണ്ടായില്ല എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കേരളത്തിലെ ഗ്രാമീണ ജീവിതത്തിൽ ഉണ്ടാക്കിയ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുടെ ഒരു ചിത്രമാണ് പരിഷത്തിന്റെ നൊച്ചാട് ഗ്രാമത്തെ സംബന്ധിച്ച പഠനത്തിൽ തെളിയുന്നത്.