പോലീസ്നിയമഭേദഗതി ഓർഡിനൻസ് വിവാദം: സർക്കാരിനു വീണ്ടും തിരിച്ചടി

തിരുവനന്തപുരം:  സാമൂഹിക മാധ്യമങ്ങളിൽ വ്യക്തികളെ അപമാനിക്കുന്നതിന്റെ പേരിൽ  കടുത്ത ശിക്ഷാനടപടികൾ ഉൾപ്പെടുത്തി പോലീസ് നിയമത്തിൽ വരുത്തിയ ഭേദഗതി ഓർഡിനൻസ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു 24 മണിക്കൂറിനകം പിൻവലിക്കേണ്ടിവന്നതു സംസ്ഥാനത്തെ  പിണറായി വിജയൻ സർക്കാരിനേറ്റ സമീപകാല തിരിച്ചടികളിൽ മർമപ്രധാനമാണ്.  കഴിഞ്ഞ  അഞ്ചുമാസമായി നിരവധി അഴിമതി ആരോപണങ്ങളിൽ കുടുങ്ങി  പ്രതിസന്ധിയിൽ നിന്നു പ്രതിസന്ധിയിലേക്കു കുതിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച  അസംതൃപ്തി പൊതുസമൂഹത്തിലും  മാധ്യമങ്ങളിലും മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളിലും വ്യാപിക്കുകയാണ് എന്നാണ് പോലീസ് നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തെ തുടർന്നു ഇന്നലെ മുതൽ വ്യക്തമായത്.

പോലീസ് നിയമത്തിലെ ഭേദഗതി നേരത്തെ ഐ ടി നിയമത്തിൽ സുപ്രീം കോടതി എടുത്തുകളഞ്ഞ വിവാദ വ്യവസ്ഥകളുടെ ചുവടുപിടിച്ചുള്ളതാണ് എന്നതാണ് നിയമ ഭേദഗതി സംബന്ധിച്ചു ഉയർന്നുവന്ന പ്രധാന വിമർശനം.  രണ്ടാമത്തെ പ്രശ്‍നം, സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന തീർത്തും അപമാനകരമായ ചില പ്രവണതകളെ തടയാനെന്ന പേരിൽ പുറപ്പെടുവിച്ച പുതിയ ഭേദഗതിയിൽ നിയമനടപടികളും ശിക്ഷയും അത്തരം സാമൂഹിക മാധ്യമ ഇടപടലുകളിൽ മാത്രമല്ല, വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങൾക്കും കൂടി ബാധകമാവുന്ന വിധത്തിലാണ് വ്യവസ്ഥകൾ കൊണ്ടുവന്നത്. അതോടെ   സംസ്ഥാനത്തു ഇടതുപക്ഷ മുന്നണിയോടു ആഭിമുഖ്യം പുലർത്തിയ പത്ര-ദൃശ്യ മാധ്യമങ്ങൾ കൂടി സർക്കാരിന്റെ നിയമ ഭേദഗതിക്കെതിരെ ശക്തമായി രംഗത്തു വന്നു. ഇന്നലെ വിവിധ ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിലും ഇന്നു രാവിലെ   പുറത്തുവന്ന വിവിധ മലയാള പത്രങ്ങളിലും പ്രശസക്തമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.അതിനു കൃത്യമായ മറുപടി നൽകുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു.

അതേസമയം, വ്യക്തിസ്വാതന്ത്ര്യവും അഭിപായ സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്ന നിലയിൽ ബിജെപി സർക്കാർ നേരത്തെ കൊണ്ടുവന്ന ഐ ടി നിയമത്തിലെ  ഭേദദഗതികളെ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ തുടക്കം മുതലേ എതിർത്തു വന്നതാണ്. ഐ ടി  നിയമത്തിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഭേദഗതികളെ സിപിഎം പാർലമെന്റിലും പുറത്തും ശക്തമായി വിമർശിക്കുകയുണ്ടായി. അത്തരം വ്യവസ്ഥകൾ സുപ്രീം കോടതി എടുത്തുകളഞ്ഞപ്പോൾ പാർട്ടി അതിനെ സ്വാഗതം ചെയ്തതുമാണ്.  

ഈ സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ വിവാദ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു വിജ്ഞാപനമായി ഇന്നലെ പുറത്തു വന്നത്. അപമാനകരമായ അഭിപ്രായങ്ങൾക്കും പോസ്റ്റുകൾക്കും മൂന്നുവർഷം വരെ ശിക്ഷയും 10,000 രൂപ വരെ പിഴയും അത്തരം വാർത്തകളോ പോസ്റ്റുകളോ എഴുതുന്നവർക്കും പ്രസിദ്ധീകരിക്കുന്നവർക്കും മാത്രമല്ല അതു വായിച്ചു ഫോർവേഡ് ചെയ്യുന്നവർക്കും ബാധകമാക്കുന്ന അതിലെ  വ്യവസ്ഥകൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. മുൻ ആഭ്യന്തര  മന്ത്രിയും പ്രശസ്ത നിയമജ്ഞനുമായ പി ചിദംബരം, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരടക്കം ഇന്ത്യൻ പൊതുസമൂഹത്തിലെ നിരവധി ആളുകൾ കേരളത്തിലെ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നു. നിയമം ദുരുപയോഗം ചെയ്യുന്നതു ഒഴിവാക്കുമെന്നും അതിനായി  പ്രത്യേക സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രിയും പോലീസ്‌മേധാവി ലോക്നാഥ് ബെഹ്‌റയും നടത്തിയ പ്രസ്താവനകൾ അലൻ -താഹ കേസ് അടക്കമുള്ള സമീപകാലത്തെ കേസുകൾ മുൻനിർത്തി വിമർശകർ കശക്കിയെറിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി സംബന്ധിച്ച വിയോജിപ്പ് സിപിഎം ജനറൽ സെക്രട്ടറി മാധ്യമങ്ങളോടു തുറന്നു പറഞ്ഞത്. തുടർന്നു ഇന്നുരാവിലെ എകെജി സെന്ററിലിൽ അടിയന്തിര സെക്രെട്ടറിയറ്റ് യോഗത്തിലാണ്  ഭേദഗതി പിൻവലിക്കാനും വിഷയം നിയമസഭയിൽ ചർച്ച ചെയ്യാനുമുള്ള തീരുമാനം സിപിഎം നേതൃത്വം എടുക്കുന്നത്.

സംസ്ഥാനത്തു സിപിഎം നേതൃത്വത്തിൽ സർക്കാർ നടപടികളെ സംബന്ധിച്ച ഗുരുതരമായ ഭിന്നതകൾ  പൊട്ടിപ്പുറപ്പെടാൻ ആരംഭിച്ചിട്ടുണ്ട് എന്നതു ഒരു വസ്തുതയാണ്. നേതാക്കൾ തമ്മിലുള്ള  വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങളും തർക്കങ്ങളും അതിൽ നിഴലിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ സമീപനങ്ങളും പാർട്ടിയിലെ ഒരു വലിയ വിഭാഗം നേതാക്കളുടെ അഭിപ്രായങ്ങളും തമ്മിൽ യോജിച്ചു പോകുന്നില്ല. സമീപകാലത്തു സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണൻ ചുമതയൊഴിഞ്ഞതു ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണെങ്കിലും സർക്കാരിനെ നയിക്കുന്ന പിണറായി വിജയനുമായുള്ള ഭിന്നതകളും വ്യക്തിപരമായ പരാതികളും അതിലുണ്ട് എന്നു വ്യക്തമാണ്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ സ്വന്തം താല്പര്യത്തിൽ ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്ന പുതിയ ഭേദഗതി ആഭ്യന്തര -നിയമ വകുപ്പുകളുടെ താൽപര്യത്തിൽ പുറത്തുവന്നത്.  മുന്നണിയിലെ രണ്ടാംകക്ഷി സിപിഐയുടെ മുഖപത്രം ജനയുഗം ഇന്നലെ മുഖപ്രസംഗത്തിലൂടെ ഭേദഗതിയെ വിമർശിച്ചിരുന്നു. എന്നാൽ കാബിനറ്റ് ഭേദഗതി  പാസാക്കുമ്പോൾ സിപിഐയുടെ മന്ത്രിമാർ ഉറങ്ങുകയായിരുന്നുവോ എന്നാണ് അതു സംബന്ധിച്ചു ഒരു പ്രമുഖ  സിപിഐ ബുദ്ധീജീവി ചോദിച്ചത്. ആരാണ് ഇത്തരം ഭേദഗതികളുടെ പിന്നിൽ എന്ന ചോദ്യമാണ് ഇപ്പോൾ  ഉയരുന്നത്. സത്യത്തിൽ ആരാണ് കേരളം  ഭരിക്കുന്നത്? സിപിഎമ്മും സിപിഐയും അടക്കമുള്ള പാർട്ടികൾക്കു അംഗീകരിക്കാൻ പ്രയാസമാകുന്ന നിയമങ്ങളും നടപടികളുമാണ് നിത്യേനയെന്നോണം പുറത്തു വരുന്നത്. അപ്പോൾ ഉയരുന്ന ചോദ്യം ഭരണത്തിന്റെ തലപ്പത്തു മുഖ്യമന്ത്രിയാണോ അതോ പോലീസ് മേധാവിയാണോ അതോ വേറെ വല്ലവരുമാണോ എന്ന ചോദ്യമാണ്. കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ടു വരുന്ന വിവാദങ്ങളിൽ സിപിഎം നേതൃത്വത്തിനും ആശങ്കകളുണ്ട് എന്നാണ് ഇന്നലെയും ഇന്നുമായി ഉണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.  

 

Leave a Reply