ഏഷ്യ പസിഫിക്സ്വതന്ത്ര വ്യാപാര ഉടമ്പടിയിൽ ചേരാൻ ഇന്ത്യയ്ക്കു മേൽ സമ്മർദ്ദം

ന്യൂദൽഹി: ഏഷ്യയിലെയും പസിഫിക് പ്രദേശത്തെയും പ്രധാന രാജ്യങ്ങൾ  ചേർന്നു കഴിഞ്ഞയാഴ്ച ഒപ്പുവെച്ച പ്രാദേശിക വ്യാപാര ഉടമ്പടി (ആർസിഇപി)യിൽ ചേരാൻ ഇന്ത്യയ്ക്കുമേൽ  വിവിധ രാജ്യങ്ങളുടെ സമ്മർദ്ദം. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ആസിയാൻ ഗ്രൂപ്പിലെ പത്തുരാജ്യങ്ങളുമാണ് നവംബർ 15നു മേഖലയിലെ വ്യാപാരം സംബന്ധിച്ച സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. നേരത്തെ കരാറിന്റെ ചർച്ചകളിൽ സജീവമായി ഇടപെട്ട ഇന്ത്യ ഒരു വർഷമായി അതിന്റെ  പ്രവർത്തനങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

ചൈനയടക്കമുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വാണിജ്യക്കരാർ അംഗീകരിച്ചാൽ അതു ആഭ്യന്തര  കമ്പോളത്തിൽ വിദേശ ഉത്പന്നങ്ങൾ  നിറയാൻ കാരണമാവുമെന്നാണ് ഇന്ത്യൻ അധികൃതരുടെ ഭയം. ചൈനയും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ  ,കമ്മീ കുതിച്ചുകയറുന്ന സാഹചര്യമാണ് നിലനിന്നത്. ആസിയൻ രാജ്യങ്ങളും ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങളുമായി നേരത്തെ ഇത്തരം കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിരുന്നു. അതിൽ  മിക്ക രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇന്ത്യയുടെ അനുഭവം വർധിച്ചുവരുന്ന വ്യാപരകമ്മിയുടേതാണ്. 2011-2019കാലത്തു ആസിയാൻ രാജ്യങ്ങളുമായുള്ള  വ്യാപാരത്തിൽ ഇന്ത്യയുടെ കമ്മി 500 കോടി ഡോളറിൽ നിന്ന് 2200 കോടി ഡോളറായി വർധിക്കുകയിരുന്നു. ജപ്പാനുമായുള്ള വ്യാപാരക്കമ്മി ഇക്കാലത്തു 400 കോടി ഡോളറിൽ നിന്നു 800 കോടി ഡോളറായി. ദക്ഷിണ കൊറിയയുടെ കാര്യത്തിൽ ഇന്ത്യയുടെ കമ്മി 800 കോടി ഡോളറിൽ നിന്ന് 1200 കോടി ഡോളറായാണ് വർധിച്ചത്. ചൈനയുമായി അത്തരം കരാർ ഒന്നും  നിലവിലില്ലെങ്കിലും ഇന്ത്യയുടെ വ്യാപരക്കമ്മി 2005-06 വർഷത്തെ 400 കോടി ഡോളറിൽ നിന്ന് ഇപ്പോൾ 5000 കോടി ഡോളറായിട്ടുണ്ട്.

ഈ അനുഭവങ്ങൾ നോക്കിയാൽ വിദേശ ഉത്പന്നങ്ങളും സേവനങ്ങളും ഇന്ത്യൻ കമ്പോളത്തിൽ അടിഞ്ഞുകൂടി പ്രാദേശിക ഉല്പാദന-സേവന  രംഗങ്ങളിലെ വളർച്ച സ്തംഭിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു ഒരു വിഭാഗം സാമ്പത്തിക പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും കഴിഞ്ഞയാഴ്ച ഇതേ നിലപാടാണ് സ്വീകരിച്ചത്. സ്വതന്ത്ര വ്യാപാര ഉടമ്പടികൾ ആഭ്യന്തര ഉല്പാദന വളർച്ചയുടെ മുരടിപ്പിനു കാരണമാകുന്നു എന്നാണ് ഇന്ത്യയുടെ അഭിപ്രായം.

എന്നാൽ ഇതു ആഗോള വികസന മുന്നേറ്റത്തിൽ ഇന്ത്യയുടെ പുരോഗതി തടയുന്ന സമീപനമാണെന്നു മറ്റു പല നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യ   ആഗോളവത്കരണ പ്രക്രിയയുടെ ഭാഗമായ ശേഷം രാജ്യത്തിനുണ്ടായ സാമ്പത്തിക വളർച്ച പരിഗണിക്കാതെയാണ് ഇത്തരം നിലപാടുകൾ സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര  വളർച്ചയിൽ കുതിപ്പുണ്ടായ കാലമാണിത്. അതേപോലെ  ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഇന്ത്യയ്ക്ക് വൻ നേട്ടങ്ങൾ ഉണ്ടായതും ഈ കാലത്താണ്. ചൈനയുമായുള്ള  വ്യാപാര കമ്മിയുടെ യഥാർത്ഥ കാരണം അവരുടെ ഉത്പന്നങ്ങൾ ഇന്ത്യൻ കമ്പോളത്തിൽ വന്നു കുമിയുന്നതല്ല. ഉപഭോഗ സാധനങ്ങളല്ല, മറിച്ചു യന്ത്ര ഉപകരണങ്ങളും പാർട്ടുകളും മറ്റുമാണ് ചൈനയുമായുള്ള വ്യാപാര കമ്മിയുടെ പ്രധാന കാരണം. ഇത്തരം ഉപകരണങ്ങൾ ചൈനയുടെ വിലനിരക്കിൽ  ഇന്ത്യയിൽ ലഭ്യമല്ല എന്നതിനാലാണ് അവ വ്യാപകമായ രീതിയിൽ ഇറക്കുമതി ചെയ്യപ്പെടുന്നത്. അത്തരം യന്തങ്ങളും ഉപകരണങ്ങളും   ഇന്ത്യയിൽ സ്ഥാപിച്ചു ഇവിടെ ഉല്പാദന പ്രക്രിയയെ ശക്തിപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയിലെ ചെറുകിട -ഇടത്തരം മേഖലകളിൽ ഉപയോഗിക്കുന്ന  യന്ത്രങ്ങളിലും ഉപകരണങ്ങളിലും മഹാഭൂരിപക്ഷവും ചൈനയിൽ നിന്നാണ് വരുന്നത്. അതു ഒഴിവാക്കിയാൽ വില കൂടുതൽ നൽകേണ്ട പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരണം.അതു വഴി  ഇന്ത്യൻ ഉല്പാദന മേഖലയ്ക്ക് തന്നെയാണ് കോട്ടം തട്ടുകയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പുതിയ കരാറിൽ ഇന്ത്യ ഭാഗമാകണമെന്നു ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ആഗഹിക്കുന്നുണ്ട്. ചൈനയുടെ അമിതമായ    മേധാവിത്വം ഒഴിവാക്കാൻ ഇന്തയുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണ് ആസിയൻ രാജ്യങ്ങളും കരുതുന്നത്. ഇന്ത്യ ഭാവിയിൽ ആർസിഇ പി കരാറിൽ ചേരുന്നതിനു ആവശ്യമായ സംവിധാനങ്ങൾ നിലനിർത്തിയാണ് കഴിഞ്ഞയാഴ്ച മറ്റു രാജ്യങ്ങൾ അതിൽ ഒപ്പുവെച്ചത്.പുതുതായി   ചേരുന്നവർ അപേക്ഷ നൽകി ഒന്നരവർഷം  കാത്തിരിക്കണം എന്ന വ്യവസ്ഥ ഇന്ത്യയുടെ കാര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്.അത്തരമൊരു ഭേദഗതി ഇന്ത്യയുടെ കാര്യത്തിൽ കൊണ്ടുവന്നത് ജപ്പാന്റെ നിർദേശം അനുസരിച്ചാണെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

Leave a Reply