കേരളത്തിൽ ഇനിവരുന്നത് സാമുദായിക ധ്രുവീകരണ രാഷ്ട്രീയമെന്നു നിരീക്ഷണം

കോഴിക്കോട്:  മുൻ യുഡിഎഫ് സർക്കാരിലെ പൊതുമരാമത്തുമന്ത്രി വി കെ ഇബാഹിംകുഞ്ഞിനെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അറസ്റ്റ് ചെയ്യാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും സർക്കാരിന്റെയും തീരുമാനം അടുത്ത  നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ ഇടതുപക്ഷം പയറ്റാൻ പോകുന്ന ഇരുതല മൂർച്ചയുള്ള തന്ത്രത്തിന്റെ ഭാഗമെന്നു വിലയിരുത്തൽ. പ്രധാനമായും ഭൂരിപക്ഷ ഹിന്ദുസമുദായത്തെ കൂടെ ഉറപ്പിച്ചു നിർത്താനുള്ള  ലക്ഷ്യം മുന്നിൽവെച്ചുള്ള സാമുദായിക ധ്രുവീകരണത്തിന്റെ വിഷലിപ്തമായ രാഷ്ട്രീയമാണ് അടുത്ത മാസങ്ങളിൽ കേരളം കാണാനിരിക്കുന്നത് എന്നതാണ്  പൊതുവിൽ ദൃശ്യമാകുന്ന ചിത്രം. 

മൂന്നു എംഎൽഎമാർ വിവിധ അന്വേഷണ ഏജൻസികൾക്കു മുന്നിൽ  -അതിൽ രണ്ടുപേർ അറസ്റ്റിലാണ്- നിൽക്കുന്ന അവസരത്തിൽ പ്രതിസന്ധിയിലായ മുസ്ലിംലീഗ് നേതാക്കൾ മാത്രമല്ല, മലബാറിലെ പ്രധാന മുസ്ലിം സമുദായസംഘടനാ നേതാക്കളും ബുദ്ധിജീവികളും ഇതേ വിലയിരുത്തലിലാണ് എത്തിയിരിക്കുന്നത്. ഇതിനോടു വിയോജിക്കുന്ന ഒരു പ്രബല വിഭാഗം കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നയിക്കുന്ന സുന്നി ജംഇയ്യത്തുൽ ഉലമയും സഹോദര  സംഘടനകളും മാത്രമാണ്. സിപിഎം സഹയാത്രികരായ കെ ടി ജലീൽ, പി ടി എ റഹീം അടക്കമുള്ള  നേതാക്കളും ഐഎൻഎൽ പോലുള്ള രാഷ്ട്രീയകക്ഷികളും അതിനോടു യോജിക്കുമെങ്കിലും അവർക്കു സംസ്ഥാനത്തെ മുസ്ലിം പൊതുമണ്ഡലത്തിലുള്ള സ്വാധീനം പരിമിതമാണ്.

അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് സർക്കാർ നേരിടുന്ന നിരവധി അഴിമതിയാരോപണങ്ങളിൽ നിന്നു താത്കാലികമായി ചില ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും വരുംനാളുകളിൽ ലൈഫ് മിഷൻ അടക്കമുള്ള അന്വേഷണങ്ങൾ കൂടുതൽ ഗുരുതരമായ പ്രതിസന്ധികൾ കൊണ്ടുവരും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിലെ ആഭ്യന്തരനിരകളിൽ പ്രധാന അധികാരകേന്ദ്രവുമായ സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അധികം വൈകാതെ ചോദ്യം ചെയ്യും. ഹാജരാകാൻ നോട്ടീസ് ലഭിച്ച ഉടനെ കോവിഡ്  പരിശോധനക്കു വിധേയനായ രവീന്ദ്രൻ ചികിത്സയിലാണ്. പക്ഷേ രണ്ടാഴ്‌ചക്കപ്പുറം ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധ്യമല്ല. അതായതു തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണം മൂർദ്ധന്യത്തിൽ നിൽക്കുന്ന അവസരത്തിൽ കേരളം വീണ്ടും സർക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും അകത്തളങ്ങൾ  സംബന്ധിച്ച  പരിശോധനയിലേക്കു വീണ്ടും നീങ്ങും.

അതോടെ അഴിമതി സംബന്ധിച്ച വിഷയത്തിൽ യുഡിഎഫിനെ അടിച്ചു വീഴ്ത്താനുള്ള തന്ത്രങ്ങൾ തിരിച്ചടിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ലീഗും  അതിന്റെ നേതാക്കളും തികഞ്ഞ അഴിമതിക്കാരാണെന്നും കോൺഗ്രസ്സും യുഎഡിഎഫ് നേതൃത്വവും അതിനു പിന്തുണ നൽകുകയാണെന്നുമുള്ള പ്രചാരണം ഭുരിപക്ഷ സമുദായത്തിലെ വലിയ വിഭാഗം വോട്ടർമാരെ സ്വാധീനിക്കുമെന്നു സിപിഎം നേതൃത്വം കാണുന്നുണ്ട്. അതിനാൽ അത്തരത്തിൽ സാമുദായിക ധ്രുവീകരണത്തിൽ   ഊന്നിയ പ്രചണ്ഡമായ ഒരു പ്രചാരണത്തിനാണ് സിപിഎം ഇത്തവണ കോപ്പു കൂട്ടുന്നത് എന്ന് ലീഗും മുസ്ലിം സമുദായ നേതാക്കളിൽ പലരും തിരിച്ചറിയുന്നുണ്ട്.

 അത്തരത്തിലുള്ള ഒരു സമീപനം ഇപ്പോൾ പലേടത്തും ബിജെപി ഭാഗത്തേക്കു തിരിയുന്ന നായർ-ഈഴവ-തിയ്യ വോട്ടർമാരെ എൽഡിഎഫിനു അനുകൂലമായി പിടിച്ചുനിർത്തും എന്ന കണക്കുകൂട്ടലിൽ വസ്തുതയുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ നിരന്തരം നടക്കുന്ന ഒരു പ്രചാരണമാണ് കേരളത്തിൽ യുഡിഎഫ്- കോൺഗ്രസ്സ് നേതൃത്വം ലീഗ് നിയന്ത്രണത്തിലാണ് എന്ന വാദം. ഭരണത്തിൽ ലീഗും മുസ്ലിംസമുദായവും അനാവശ്യമായി കൈകടത്തുന്നു എന്നും അനർഹമായ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു എന്നുമാണ് നിരന്തരമായി നടക്കുന്ന പ്രചാരണം. അതിന്റെ വസ്തുതകൾ ഇഴകീറി പരിശോധിച്ചു വ്യക്തമാകാനുള്ള ശ്രമം രാഷ്ട്രീയ നേതൃത്വത്തിൽ നിന്നോ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നോ കാര്യമായി ഉണ്ടാകുന്നുമില്ല.

സംവരണ മാനദണ്ഡത്തെ അട്ടിമറിച്ചു കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും മുന്നോക്കക്കാർക്കു സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഉറപ്പാക്കിയപ്പോൾ കോൺഗ്രസ്സ് അതിനെതിരെ നിശബ്ദത പാലിക്കാനുള്ള ഒരു കാരണം ഇത്തരം പ്രചാരണങ്ങളാണ്. അതിനാൽ ഇത്തവണ ബിജെപിയുടെ  വിളക്കത്തു തുടർഭരണത്തിന്റെ അത്താഴം ഒരുക്കാനുള്ള  പുറപ്പാടിലാണ് സിപിഎം എന്നു ലീഗ് മാത്രമല്ല മുസ്ലിംസമുദായം പൊതുവെയും തിരിച്ചറിയുന്നുണ്ട്. അതു ഏതെല്ലാം തരത്തിൽ മുസ്ലിം സംഘടനകൾക്കിടയിലെ ഐക്യത്തിനും മറ്റു സമുദായങ്ങളുമായുള്ള ബന്ധങ്ങളിലെ വിള്ളലുകൾക്കും കാരണമാകും എന്ന വിഷയം ഗൗരവമായ പരിശോധന അർഹിക്കുന്നുണ്ട്. ഒരുപക്ഷേ കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു രാഷ്ട്രീയ തന്ത്രമാണ് സിപിഎം പയറ്റുന്നത് എന്നും വരാം. പുതുതായി സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവന്റെ ചില  നിലപാടുകളും അഭിപ്രായങ്ങളും തങ്ങളുടെ ഈ വിലയിരുത്തലിനെ ശരിവെക്കുന്നതാണ് എന്നും പല മുസ്ലിംനേതാക്കളും ചിന്തകരും ചുണ്ടിക്കാണിക്കുന്നുണ്ട്. 

Leave a Reply