ഇറാൻ ആണവകരാറിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യമന്ത്രി

ടെഹ്‌റാൻ: പ്രസിഡണ്ട് ബരാക് ഒബാമയുടെ കാലത്തു ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ അമേരിക്കയും സഖ്യരാജ്യങ്ങളുമായി ഒപ്പുവെച്ച ആണവകരാറിലെ നിബന്ധനകൾ പുതിയ അമേരിക്കൻ ഭരണകൂടം അംഗീകരിക്കുകയാണെങ്കിൽ ഇറാൻ അതിനോടു പൂർണമായും സഹകരിക്കുമെന്നു ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി.

ഇറാൻ ഔദ്യോഗിക  മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് കരാർ വീണ്ടും നടപ്പാക്കാൻ ഇറാൻ സന്നദ്ധമാണെന്നു അദ്ദേഹം അറിയിച്ചത്. അതിനായി  പുതിയ ഒരു നിബന്ധനയും മുന്നോട്ടുവെക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. ബൈഡൻ ഭരണകൂടം കരാറിന്റെ ഭാഗമായ കാര്യങ്ങൾ നടപ്പിലാക്കാൻ തയ്യാറായാൽ തൽക്ഷണം അതു നടപ്പിൽ വന്നതായി പ്രഖ്യാപിച്ചു ഇറാനും സമാന നടപടികൾ സ്വീകരിക്കും.

ഇറാൻ ആണവസമ്പുഷ്‌ടീകരണ പ്രക്രിയകൾ അവസാനിപ്പിക്കുന്നതിനായാണ് അമേരിക്കയും ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും അടങ്ങുന്ന സഖ്യം ഇറാനിയൻ നേതാക്കളുമായി ചർച്ച നടത്തി 2015ൽ കരാറിൽ ഒപ്പിട്ടത്. അതോടെ ആണവ  സമ്പുഷ്‌ടീകരണം ഇറാൻ നിർത്തിവെച്ചു. അമേരിക്ക  ഇറാനെതിരെ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ പിൻവലിച്ചു.

എന്നാൽ പിറ്റേവർഷം അധികാരത്തിൽ വന്ന  ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള കരാർ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. അന്താരാഷ്ട്ര രംഗത്തു ഒബാമാ ഭരണകൂടത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളായി  പരിഗണിക്കപ്പെട്ട ബഹുരാഷ്ട്ര പാരിസ് കാലാവസ്ഥാ ഉടമ്പടിയും ഇറാൻ ആണവക്കരാറും സ്വീകാര്യമല്ലെന്നു പ്രഖ്യാപിച്ച ട്രംപ് അവയിൽ നിന്നു  പിൻവാങ്ങുകയാണെന്നു പിന്നീട് അറിയിച്ചു. അതോടെ ഇറാൻ തങ്ങളുടെ ആണവ  പരിപാടികളിലേക്കു തിരിച്ചു പോകാൻ തീരുമാനമെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് മുതൽ ഇറാനിൽ വീണ്ടും ആണവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇറാനെതിരെ  കർശനമായ  സാമ്പത്തിക ഉപരോധം ട്രംപ് ഭരണകൂടം നടപ്പിലാക്കിയിട്ടുമുണ്ട്.

അതേസമയം, അടുത്തവർഷം ജനുവരി 20നു അധികാരമേൽക്കുന്ന ബൈഡൻ വീണ്ടും കരാറിലേക്കു തിരിച്ചു  പോകുന്നതു തടയാൻ ട്രംപ് ഭരണകൂടം കരുനീക്കങ്ങൾ നടത്തുന്നതായി സിഎൻഎൻ ചാനൽ ഇന്നലെ പുറത്തുവിട്ട ഒരു വാർത്തയിൽ പറയുന്നു. ഇറാനുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ പരമാവധി ശ്രമങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നടത്താനാണ്  ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഇറാനിലെ ആണവ നിലയങ്ങളുടെ മേൽ വ്യോമാക്രമണം നടത്തുന്ന  കാര്യം ട്രംപ് കഴിഞ്ഞ ദിവസം ചില ഉപദേശകരുമായി ചർച്ച ചെയ്തിരുന്നു. ഏകപക്ഷീയമായ അത്തരം കടന്നാക്രമണങ്ങളെ അമേരിക്കൻ ഭരണകൂടത്തിലെ പലരും എതിർക്കുകയാണ്. ഭിന്നതകളെ തുടർന്നു പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെരിനെ ട്രംപ് ഏതാനും ദിവസം മുമ്പ് പുറത്താക്കി.  ട്വിറ്ററിലാണ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കുന്ന വിവരം അമേരിക്കൻ പ്രസിഡണ്ട് അറിയിച്ചത്. 

Leave a Reply