വരവരറാവു നാനാവതി ആശുപത്രിയില്‍

മുംബൈ: ബീമാ  കോരേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ തടവിലുള്ള വയോധികനായ തെലുഗു കവി വരവര റാവുവിനെ അടിയന്തിര ചികിത്സക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റി. മുംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 81കാരനായ  കവിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു അടിയന്തിര പരിഗണനക്കായി വിഷയം എടുത്ത സന്ദർഭത്തിലാണ് അദ്ദേഹത്തിനു നാനാവതി ആശുപത്രിയിൽ ചികിത്സ നല്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചത്. വിവിധ രോഗങ്ങൾ അലട്ടുന്ന വരവര റാവുവിന്റെ സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം കൃത്യമായ ചികിത്സ ലഭിക്കാതെ മരിക്കുന്ന സാഹചര്യം വന്നാൽ അതു കസ്റ്റഡി  മരണമായി കണക്കാക്കേണ്ടി വരുമെന്നും റാവുവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഏതാനും ആഴ്ച മുമ്പ് ജയിലിൽ കോവിഡ് ബാധിതനായ വരവര റാവു പലതരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നയാളാണ്. അദ്ദേഹത്തിനു ജെ ജെ സർക്കാർ മെഡിക്കൽ  കോളേജിൽ ചികിത്സ നൽകാമെന്നു സർക്കാർ തുടക്കത്തിൽ നിലപാടെടുത്തുവെങ്കിലും നേരത്തെ അവിടെ  ചികിത്സയിൽ ഇരുന്ന അവസരത്തിൽ ഒരു തവണ മൂത്രത്തിൽ കുളിച്ചു ബോധരഹിതനായി അദ്ദേഹത്തെ അവിടെ കണ്ടെത്തിയ കാര്യം അഭിഭാഷക ചൂണ്ടിക്കാട്ടി. കിഡ്‌നി പ്രശ്നമുള്ള അദ്ദേഹത്തിനു മൂത്രം  വിസർജിക്കാൻ കത്തീറ്റർ ഇട്ടിട്ടുണ്ടെങ്കിലും രണ്ടു മാസക്കാലം അതു മാറ്റിയിടാൻ പോലും അധികൃതർ തയ്യാറായില്ല.അതേത്തുടർന്ന് അദ്ദേഹത്തിനു അണുബാധയുണ്ടാകുകയും തൽഫലമായി പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തതായി അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനു നാനാവതി ആശുപത്രിയിൽ ചികിത്സ നൽകുന്ന കാര്യം പരിഗണിക്കണമെന്ന കോടതിയുടെ  നിർദേശം അംഗീകരിക്കാൻ സർക്കാർ സന്നദ്ധമായത്.  ഡിസംബര്‍ മൂന്നിന് കോടതി കേസില്‍ വാദം കേള്‍ക്കുന്നത് വരെ റാവു ഈ ആശുപത്രിയില്‍ കഴിയാം.

Leave a Reply