വ്യാജവാർത്തകൾ തടയാൻ നടപടി വേണമെന്ന് സുപ്രീം കോടതി; വേണ്ടിവന്നാൽ കോടതി ഇടപെടും

ന്യൂദൽഹി: ദൃശ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജവാർത്തകളും വർഗീയവും സാമുദായികവുമായ വിഭാഗീയ പ്രചാരണങ്ങളും തടയാൻ സർക്കാരിനു എന്തു സംവിധാനമാണ് ഉളളതെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇത്തരം പ്രവണതകൾ തടയാൻ സർക്കാരിനു സംവിധാനമില്ലെങ്കിൽ കോടതി നേരിട്ടു അതിനുള്ള  ഏർപ്പാടുകൾ ചെയ്യാൻ നിർബന്ധിതമാകുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ സർക്കാരിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ അവസരത്തിൽ ഡൽഹിയിൽ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനവുമായി   ബന്ധപ്പെട്ടു വിവിധ ദൃശ്യമാധ്യമങ്ങളിൽ വന്ന വർഗീയ പ്രചാരണങ്ങളെ സംബന്ധിച്ച കേസ് പരിഗണിക്കുന്ന അവസരത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം ഉണ്ടായത്. കോവിഡ്  ഇന്ത്യയിൽ പടരുന്നതിന് തബ്‌ലീഗ് സംഘം ബോധപൂർവമായ നീക്കം നടത്തി എന്നടക്കമുള്ള നിരവധി ഗുരുതരമായ ആരോപണങ്ങൾ യാതൊരു തെളിവുകളുമില്ലാതെ പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയുണ്ടായി. ചില രാഷ്ട്രീയ നേതാക്കൾ കോവിഡ് വൈറസിനെ  തബ്‌ലീഗ് വൈറസ് എന്നു വിശേഷിപ്പിക്കുക പോലുമുണ്ടായി. ഇതിനെതിരെ വിവിധ മുസ്ലിം സംഘടനകളും  സന്നദ്ധ സംഘടനകളും നൽകിയ കേസിലാണ്  സുപ്രീം കോടതിയുടെ നിരീക്ഷണം വന്നത്.

 വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാരിനു അധികാരമുള്ള സാഹചര്യത്തിൽ അത്തരം പരാതികൾ  പരിശോധിക്കാൻ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് സർവീസ് അസോസിയേഷൻ (എൻബിഎസ്എ) പോലുള്ള സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട കാര്യമെന്താണ് എന്നു സുപ്രീം കോടതി ചോദിച്ചു. സർക്കാരിൽ നിക്ഷിപ്തമായ അധികാരം  ഉപയോഗിച്ചു അതിനുള്ള സംവിധാനം ഉണ്ടാക്കണം. അതിനു സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ കോടതി സർക്കാരിനു  പുറത്തുള്ള ഏതെങ്കിലും ഏജൻസിയെ അതിനായി ചുമതലപ്പെടുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. കേസുമായി ബന്ധപ്പെട്ടു ഇൻഫോർമേഷൻ – ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അമിത് ഖരെ നൽകിയ സത്യവാങ്മൂലം പരിശോധിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. തബ്‌ലീഗി  സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകളിൽ കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി  കണ്ടെത്താനായിട്ടില്ല എന്നാണ് ഐ&ബി മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നത്.  വിവിധ മാധ്യമങ്ങൾ വ്യത്യസ്ത തരത്തിലാണ് വിഷയത്തെ സമീപിച്ചത്. അതിൽ  തങ്ങൾക്കു ശരിയെന്നു തോന്നുന്ന നിഗമനങ്ങളിൽ എത്താനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട് എന്നാണ് മന്ത്രാലയം വാദിച്ചത്. എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല. വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് സർക്കാരിനു വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നേരത്തെയും  സർക്കാർ ഒരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതോടെ വിഷയത്തിൽ മൂന്നാമത്തെ സത്യവാങ്മൂലമാണ് സർക്കാർ  കോടതിയിൽ സമർപ്പിക്കാനിരിക്കുന്നത്

Leave a Reply