പുതിയ വാണിജ്യഉടമ്പടി ചൈനയുടെ ശക്തിയുടെ തെളിവെന്ന് വിലയിരുത്തൽ
ഹോങ്കോങ്: ചൈനയും ഏഷ്യ-പസിഫിക് പ്രദേശത്തെ ഒരു ഡസനിലേറെ രാജ്യങ്ങളും ഇന്നലെ ഒപ്പുവെച്ച പ്രാദേശിക സഹകരണ കരാർ (ആർ സി ഇ പി ) ആഗോള സാമ്പത്തിക രംഗത്തു ചൈനയുടെ അതിവിപുലമായ സ്വാധീനത്തിന്റെ ലക്ഷണമാണെന്നു പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. ഒരു പതിറ്റാണ്ടോളമായി നടന്ന വ്യാപാര ചർച്ചകളുടെ അവസാനത്തിലാണ് ഇന്നലെ ചൈന, ജപ്പാൻ, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ എന്നിങ്ങനെ മേഖലയിലെ 15 പ്രധാന രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നുവെങ്കിലും കരാറിൽ ഒപ്പിടുന്നതു ഒഴിവാക്കുകയായിരുന്നു.
ആഗോള വ്യാപാരത്തിന്റെ 28 ശതമാനം വരുന്ന വാണിജ്യം ഇനി ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോവുകയെന്നു പല പണ്ഡിതരും ചൂണ്ടിക്കാട്ടി. ലോകജനസംഖ്യയിൽ 220 കോടി ജനങ്ങൾ ഈ രാജ്യങ്ങളിലാണ് കഴിയുന്നത്. അതു മൊത്തം ജനസംഖ്യയുടെ 30 ശതമാനം വരും. ഭാവിയിൽ ലോക വിപണിയിൽ ഏറ്റവും വലിയ കുതിപ്പു ഉണ്ടാകാൻ സാധ്യതയുള്ള ഏഷ്യൻ മേഖലയിലെ മിക്ക രാജ്യങ്ങളും കരാറിന്റെ ഭാഗമായത് പ്രധാനമായും അതുവഴി ലഭിക്കുന്ന സാമ്പത്തിക വളർച്ച ലക്ഷ്യമാക്കിയാണെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ കരാറിൽ നിന്നു ഒഴിഞ്ഞുനിൽകാൻ കാരണം ചൈനയുമായി സമീപകാലത്തു ഉയർന്നുവന്ന അതിർത്തി സംഘർഷങ്ങളാണ്. എന്നാൽ ചൈനയുമായി അത്തരം തർക്കങ്ങൾ നിലവിലുള്ള ജപ്പാനും ആസ്ട്രേലിയയും കരാറിൽ ഭാഗഭാക്കാണ്. കരാറിൽ ഉൾപ്പെട്ട ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങൾ അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്നവയുമാണ്. അതു ചൂണ്ടിക്കാണിക്കുന്നത് മേഖലയിൽ ചൈനയുടെ സാമ്പത്തിക ഇടപാടുകളിലെ വൻ സ്വീകാര്യതയാണ് എന്നു വ്യക്തമാണ്. അതിനാൽ ഇന്ത്യയും വൈകാതെ കരാറിൽ ചേരുമെന്നാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
കരാറിന്റെ ഭാഗമായുള്ള സാമ്പത്തിക നേട്ടങ്ങൾ സംബന്ധിച്ചു വിശദ വിവരങ്ങൾ ലഭ്യമല്ലെങ്കിലും മേഖലയിലെ വ്യാപാരത്തിൽ 65 ശതമാനം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ചുങ്കം പൂർണമായും ഒഴിവാക്കുകയോ കാര്യമായി വെട്ടിക്കുറക്കുകയോ ചെയ്യുമെന്നു നിരീക്ഷകർ പറയുന്നു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കരാർ സഹായിക്കും എന്നാണ് വിലയിരുത്തൽ.