കാപ്പന്റെ ജാമ്യാപേക്ഷ: സുപ്രീം സുപ്രീം കോടതി നോട്ടീസയച്ചു; കേസ് വെള്ളിയാഴ്ചയ്ക്കു മാറ്റി

ന്യൂദൽഹി: മലയാളി പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഇന്നു യു പി  സർക്കാരിനു നോട്ടീസ് അയച്ചു. കേസ് വീണ്ടും  പരിഗണിക്കാനായി  വെള്ളിയാഴ്ചയ്ക്കു മാറ്റിവെച്ചു.

ഒക്ടോബർ അഞ്ചിന് യുപിയിലെ ഹത്രാസിലേക്ക്  വാർത്താശേഖരണത്തിനായി പോകുന്ന അവസരത്തിലാണ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് യുഎപിഎ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയായിരുന്നു. നേരത്തെ കപിൽ സിബൽ മുഖാന്തിരം  കേരള  പത്രപ്രവർത്തക യൂണിയൻ ദൽഹി ഘടകം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു ഹർജി മടക്കുകയായിരുന്നു. നാലാഴ്ച കഴിഞ്ഞു വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇന്നു ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എ എസ്  ബൊപ്പണ്ണ, ജസ്റ്റിസ് രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് എന്തുകൊണ്ടു ഹൈകോടതിയെ സമീപിക്കുന്നില്ല എന്ന ചോദ്യമാണ് ഉന്നയിച്ചത്. മാധ്യമപ്രവർത്തകനെതിരെ യാതൊരു കുറ്റവും ഇല്ലാതിരുന്നിട്ടും യു പി പോലീസ് കേസ് എടുക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ അദ്ദേഹത്തിന്റെ പേരു പോലും   പറയുന്നില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

ഈ അവസരത്തിൽ കേസിന്റെ മെറിറ്റിലേക്കു  തങ്ങൾ പോകുന്നില്ലെന്നും വെള്ളിയാഴ്ച യുപി സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷം കേസ്  പരിഗണിക്കാമെന്നും  കോടതി വ്യക്തമാക്കി. 

Leave a Reply