കിഫ്ബി കേരളത്തെ നയിക്കുന്നത് കടക്കെണിയിലേക്കോ?
തിരുവനന്തപുരം: കേരളാ അടിസ്ഥാന വികസന ഫണ്ട് ബോർഡ് (കിഫ്ബി) വഴി സംസ്ഥാനത്തിന്റെ വികസനാവശ്യത്തിനു നടത്തുന്ന ധനസമാഹരണവും അതിന്റെ വിനിമയ രീതികളും കംട്രോളർ & ഓഡിറ്റർ ജനറൽ (സിഎജി) പരിശോധനാവിധേയമാക്കിയതോടെ ഈ പദ്ധതിയുടെ ഭാവി ബാധ്യതകൾ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങൾ ഉയരുകയാണ്.
സിഎജി അതിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് കിഫ്ബി വഴി ബോണ്ടുകൾ ഇറക്കി വലിയ പലിശയ്ക്ക് പണം സമാഹരിച്ചു വികസന പദ്ധതികൾക്ക് ചെലവഴിക്കുന്നതിൽ ഭരണഘടനാപരമായ സുതാര്യത ലംഘിക്കപ്പെടുന്നുണ്ട് എന്നാണ്. പണം സമാഹരിക്കുന്നതും ചെലവഴിക്കുന്നതും സംബന്ധിച്ച പരിശോധന നടത്താൻ സിഎജിയ്ക്ക് അധികാരമില്ല എന്ന വാദമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് മുന്നോട്ടുവെക്കുന്നത്. സ്വകാര്യമേഖലയിൽ നിന്നു ഭാവിയിൽ പലിശ സഹിതം തിരിച്ചടക്കേണ്ട വായ്പ ബോണ്ടുകൾ വഴി സമാഹരിക്കുന്നതു പുതിയ കാര്യമല്ല. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എൻടിപിസി, ദേശീയപാതാ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ഇങ്ങനെ ധനം സമാഹരിച്ചിട്ടുണ്ട്. വികസനപദ്ധതികൾക്ക് വേണ്ടി ഇങ്ങനെ പണം സംഭരിച്ചു അതിൽ നിന്നു ഭാവിയിൽ ലഭിക്കുന്ന ആദായം വഴി അതു തിരിച്ചടക്കാനാവശ്യമായ വരുമാനം ഉറപ്പാക്കാൻ സംസ്ഥാനത്തിനു സാധ്യമാണ്. അതിനാൽ കിഫ്ബിയുടെ ബാധ്യതകൾ എങ്ങനെ നിറവേറ്റും എന്നു ഇപ്പോൾത്തന്നെ ഉത്കണ്ഠപ്പെടുന്നതിൽ അർത്ഥമില്ല.
എന്നാൽ സിഎജി അതിനോടു യോജിക്കുന്നില്ല എന്നു അവർ ഉയർത്തിയ ഗുരുതരമായ ചോദ്യങ്ങളിൽ നിന്നു വ്യക്തമാണ്. ധനസമാഹരണം, വിനിയോഗം എന്നീ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാലിക്കേണ്ട അടിസ്ഥാനപരമായ കരുതലും അച്ചടക്കവും ലംഘിച്ചുകൊണ്ട് സ്വകാര്യ കമ്പനികളുടെ ഊഹക്കച്ചവട രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നത് എന്നു സിഎജി ആശങ്കിക്കുന്നു. അതു സംബന്ധിച്ച ചോദ്യങ്ങളാണ് നേരത്തെ അവർ ഉന്നയിച്ചത്. അതിനു നൂറുപേജിൽ ഏറെ വരുന്ന മറുപടി തയാറാക്കി സംസ്ഥാന ധനവകുപ്പ് അവർക്കു നൽകിയിരുന്നു. എന്നാൽ അതു സിഎജി അംഗീകരിച്ചില്ല എന്നാണു അവരുടെ അന്തിമ റിപ്പോർട്ടിൽ നിന്നു ബോധ്യമാകുന്നത്. ഇപ്പോൾ സംസ്ഥാന ധനവകുപ്പിനു ലഭിച്ചിരിക്കുന്ന റിപ്പോർട്ട് കരടുറിപ്പോർട്ടാണ് എന്നു ഡോ. തോമസ് ഐസക് പറയുന്നുണ്ടെങ്കിലും അതിൽ ഇനി കാര്യമായ മാറ്റങ്ങൾ ഉണ്ടാവാനിടയില്ല എന്നു ഉറപ്പാണ്.
സിഎജി ഉന്നയിക്കുന്ന ചോദ്യങ്ങൾ ലളിതമാണ്. എങ്ങനെയാണു ഈ ബാധ്യതകൾ തിരിച്ചടക്കാൻ സംസ്ഥാന സർക്കാരിന് കഴിയുക? പൊതുവിപണിയിൽ നിന്നു സർക്കാരുകൾ കടമെടുക്കുന്നതിനു കർശനമായ നിയമവ്യവസ്ഥയുണ്ട്. ധന ഉത്തരവാദിത്വ ,ബജറ്റ് മാനേജ്മെന്റ് നിയമം (എഫ്ആർബിഎം നിയമം) കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ബാധകമാണ്. മൊത്തം വരുമാനത്തിന്റെ നിശ്ചിത അനുപാതത്തിൽ പൊതുവായ്പ ഒതുക്കണം എന്നാണ് അതിന്റെ കാതൽ. അടിയന്തിര സാഹചര്യങ്ങളിൽ ബജറ്റിലൂടെ മാറ്റങ്ങള് ആവാമെങ്കിലും മൊത്തം കമ്മി മൂന്നു ശതമാനത്തിൽ കവിയരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.
അതിനെ മറികടക്കാനായാണ് കിഫ്ബി എന്ന പുതിയ സംവിധാനം സർക്കാർ ഉപയോഗിക്കുന്നത്. അടിസ്ഥാനവികസന സംരംഭങ്ങൾ വഴി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ കുതിപ്പുണ്ടാകുമെന്നും അതിനാൽ ഭാവിവരുമാന സാധ്യതകൾ വിപുലമാണ് എന്നും അതോടെ ആഗോള വിപണിയിലെ കടം മുതലും പലിശയും ചേർത്തു തിരിച്ചടക്കാൻ കഴിയുമെന്നുമാണ് സർക്കാർ അവകാശവാദം.
ആടുതേക്ക് മാഞ്ചിയം കാലം മുതൽ മലയാളി കേട്ടുകൊണ്ടിരിക്കുന്ന വായ്ത്താരിയാണ് ഇത്. ഈ സംരംഭങ്ങളിൽ പണം നിക്ഷേപിച്ചാൽ ഏതാനും വർഷം കഴിയുമ്പോൾ വരുമാനം കുതിച്ചുയരുമെന്നു വാഗ്ദാനം നൽകിയാണ് ആളുകളിൽ നിന്നു പണം പിരിച്ചത്. എന്നാൽ പിന്നീട് സംഭവിച്ചതെന്താണ് ? ആട് കിടന്നിടത്തു പൂട പോലും കാണാനായില്ല. തേക്ക് വളരുന്ന തോട്ടങ്ങളിൽ പുല്ലുപോലും വളർന്നില്ല. കോടികൾ മുടക്കിയവൻ പെരുവഴിയിലായി .
പക്ഷേ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഊഹക്കച്ചവടക്കാരൻ ആടുതേക്ക് കച്ചവടത്തിനു ഇറങ്ങിയ മലയാളി നിക്ഷേപകനെപ്പോലെ വിഡ്ഢിയല്ല. ഇറക്കിയ പണത്തിനു ലാഭവും അമിതലാഭവും വാങ്ങിയെടുക്കാൻ അവർക്കു അറിയാം. അതിനായി അതിസങ്കീർണമായ വായ്പാകൈമാറ്റ സംവിധാനങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. അതിൽ ഉൾപ്പെട്ട ഒരു കമ്പനി കേരളത്തെ മുന്നൂറു കോടിയിലേറെ പറ്റിച്ചു മുൻപരിചയമുള്ള കാനഡയിലെ ലാവലിൻ കമ്പനിയുടെ കൂട്ടുകമ്പനിയാണെന്നതു കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് കൃത്യമായി ചുണ്ടിക്കാണിക്കുന്നുണ്ട്.
പ്രധാനപ്രശ്നം ആരാണ് ഈ ഭീമൻവായ്പകളുടെ ജാമ്യക്കാരൻ എന്നതാണ്. കിഫ്ബി ബോണ്ടുകളുടെ ജാമ്യം കേരള സർക്കാരിന്റെ ബാധ്യതയാണ്. നാളെ ഈ പറഞ്ഞ തരത്തിൽ വരുമാനം വർധിക്കുന്നില്ലെങ്കിൽ ബാധ്യത തീർക്കാൻ സർക്കാർ മറ്റുവഴികൾ കണ്ടെത്തണം. നികുതിയായോ സെസ്സ് ആയോ മാത്രമാണ് അങ്ങനെ ധനം കണ്ടെത്താൻ കഴിയുക. അതായതു ഇന്നത്തെ വികസനകുതിപ്പിന്റെ പേരിൽ നടക്കുന്ന കച്ചവടത്തിൽ നഷ്ടം ഉണ്ടായാൽ ഭാവി തലമുറകൾ അതിന്റെ ബാധ്യതകൾ ഏറ്റെടുക്കണം.
കിഫ്ബി വഴി ഇതിനകം തന്നെ 50,000 കോടി രൂപയുടെ വികസന പദ്ധതികൾക്കു പണം അനുവദിച്ചു കഴിഞ്ഞു എന്നാണ് ധനമന്ത്രി പറയുന്നത്. അതിൽ എത്ര വാസ്തവമുണ്ട് എന്നറിയാൻ നിവൃത്തിയില്ല. പലതും കടലാസ്സു പദ്ധതികളാണ് എന്നു പൊതുവിൽ വിലയിരുത്തലുണ്ട്. കോഴിക്കോട്ടെ ആനക്കാംപൊയിലിൽ നിന്നു വയനാട് മേപ്പാടി വരെ ഉണ്ടാക്കുന്ന 900 കോടിയുടെ തുരങ്കപ്പാത ഉദാഹരണം. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തത്. എന്നാൽ സത്യത്തിൽ ഒരുകല്ലുപോലും നീക്കാനുള്ള സംവിധാനം പദ്ധതിയിൽ ഇല്ല. വനപ്രദേശമാണ് ഇതിലധികവും. അതിനു പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേപോലെ മിക്ക പദ്ധതികൾ സംബന്ധിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
പക്ഷേ പണം വെള്ളം പോലെ ഒഴുകുന്നുമുണ്ട്. എന്തെല്ലാം ആവശ്യത്തിനായാണ് പണം വിനിയോഗിക്കപ്പെടുന്നത് എന്നു കണ്ടെത്താൻ സമയമെടുക്കും. എന്നാൽ അതുമായി ബന്ധപ്പെട്ട പലരും ചൂണ്ടിക്കാട്ടുന്ന ഒരുകാര്യം കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് അഥവാ മൂലധന നിക്ഷേപം ആവശ്യമായ കാര്യങ്ങൾക്കു പണം എളുപ്പത്തിൽ ലഭിക്കുന്നു എന്നാണ്. അതായതു കമ്മീഷൻ കിട്ടാൻ സാധ്യതയുള്ള എല്ലാ പരിപാടികൾക്കും പണം ലഭ്യമാണ്. നിലവിലെ അങ്ങാടി നിലവാരപ്രകാരം ഓരോ കച്ചവടത്തിനും 30 ശതമാനമാണ് മിനിമം കമ്മീഷൻ. അതു എങ്ങോട്ടുപോകുന്നു എന്നു തിരഞ്ഞെടുപ്പു വരുമ്പോൾ ഒഴുകുന്ന പണത്തിൽ കണ്ടെത്താനാകും.
പണ്ടു എം പി ഗംഗാധരൻ ജലവിതരണ മന്ത്രിയായിരുന്നപ്പോൾ പാലക്കാട്ടു അട്ടപ്പാടിയിൽ ജലവിതരണത്തിനു ഗംഭീര പദ്ധതിയുണ്ടാക്കി. റോഡിൽ കുഴി കുത്തി പൈപ്പുകൾ സ്ഥാപിച്ചു വേണമല്ലോ അതു നടപ്പാക്കാൻ. എന്നാൽ പൈപ്പുകൾ എത്തും മുമ്പ് അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ലുയിസ് വാൽവുകൾ അട്ടപ്പാടിയിലെത്തി. പൈപ്പിനെക്കാൾ അധികം വാൽവുകൾ അവിടെ കെട്ടിക്കിടന്നു. അതു അന്വേഷിച്ചുപോയ സ്ഥലത്തെ ദേശാഭിമാനി ലേഖകനോടു വകുപ്പിലെ ചില പ്രമുഖർ പറഞ്ഞതു വാൽവിന് കമ്മീഷൻ കൂടുതൽ കിട്ടി; അതിനാൽ പൈപ്പിനുമുമ്പെ വാൽവ് വാങ്ങി എന്നാണ്. പൈപ്പ് വന്നപ്പോൾ പൈപ്പും വാൽവും തമ്മിൽ യോജിക്കുന്നില്ല. അട്ടപ്പാടിക്കാരുടെ കുടിവെള്ളം കുളത്തിലായി. കമ്മീഷൻ വാങ്ങിയ മന്ത്രിയും പരിവാരങ്ങളും അവരുടെ വഴിക്കുപോവുകയും ചെയ്തു. കിഫ്ബിയുടെ വികാസനോത്സവം കഴിയുമ്പോൾ കേരളീയരുടെ സ്ഥിതി കുടിവെള്ളം കാത്തുനിന്ന അട്ടപ്പാടിയിലെ ആദിവാസികളുടെ സ്ഥിതിയാകുമോ എന്തോ!