നേതൃമാറ്റത്തിനുശേഷം സിപിഎം വീണ്ടും സമരമുഖത്തേയ്ക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങിയ ശേഷം തിങ്കളാഴ്ച സിപിഎമ്മും  ഇടതുമുന്നണിയും വീണ്ടും സമരരംഗത്തേക്കു ഇറങ്ങുന്നു.  കേരളത്തിൽ കേന്ദ്ര സർക്കാർ ഏജൻസികൾ രാഷ്ട്രീയ പ്രേരിതമായ മട്ടിലാണ് ഇപ്പോൾ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നു ആരോപിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടതുപക്ഷ  ജനാധിപത്യ മുന്നണിയുടെ കൺവീനർ എന്നനിലയിലും പുതുതായി ചുമതലയേറ്റ സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിലും തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ എ വിജയരാഘവൻ പ്രമുഖസ്ഥാനത്തു വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  ദീർഘകാലം ദൽഹിയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിൽ പ്രവർത്തിച്ച വിജയരാഘവനു കേരളത്തിൽ പാർട്ടിയെയും മുന്നണിയെയും ഒരേസമയം നയിക്കേണ്ട ഭാരിച്ച ചുമതലയാണ് വന്നുപെട്ടിരിക്കുന്നത്.

മകൻ  ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി പദം ഒഴിയാൻ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം  വളരെ അപ്രതീക്ഷിതമായാണ് തീരുമാനം  പുറത്തു വന്നത് .ഒരാഴ്ച മുമ്പ് സിപിഎം സംസ്ഥാന കമ്മിറ്റി ചേർന്ന അവസരത്തിൽ പോലും കോടിയേരി സ്ഥാനത്തു തുടരണം എന്ന നിലപാടാണ് പിബിയിലെയും സംസ്ഥാന ഘടകത്തിലെയും  നേതാക്കൾ എടുത്തത്. എന്നാൽ ബിനീഷിന്റെ  തലസ്ഥാനത്തെ വീട്ടിലെ ഇ ഡി റെയ്‌ഡും അവിടെനിന്നു കണ്ടെടുത്തതായി പറയപ്പെടുന്ന ബാംഗളൂരിലെ മയക്കുമരുന്നു കേസിലെ പ്രതിയുടെ പേരിലുള്ള ഡെബിറ്റ് കാർഡ് കേരളത്തിൽ ഉപയോഗിച്ചതായുള്ള വാർത്തകളും നിലപാട് മാറ്റത്തിനു കാരണമായി എന്നു സംശയിക്കപ്പെടുന്നു. സംഭവങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രി എടുത്ത സമീപനവും കോടിയേരിയെ പൂർണമായി  പിന്തുണക്കുന്നതായിരുന്നില്ല.

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അവധി എന്നു പാർട്ടിയും കോടിയേരിയും വ്യക്തമാക്കുന്നുണ്ടെങ്കിലും അദ്ദേഹം ചികിത്സക്കായി തത്കാലം അമേരിക്കയിലേക്ക് പോകുന്നില്ല എന്നാണ് സൂചന. തിരുവനന്തപുരത്തു തുടർന്നുകൊണ്ടു ചികിത്സയും പൊതുപ്രവർത്തനവും അദ്ദേഹം തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ  പിണറായി കഴിഞ്ഞാൽ ഏറ്റവും പ്രമുഖനായ നേതാവാണ് കോടിയേരി.  അദ്ദേഹം മാറിനിൽകുന്നതോടെ പാർട്ടിയിലും ഭരണത്തിലും പിണറായി പൂർണമായും ആധിപത്യം സ്ഥാപിക്കുന്നതായാണ് കാണുന്നത്.നാളെ നടക്കുന്ന  സമരങ്ങൾ പാർട്ടിയിൽ ഇനി ആരാണ് പുതിയ ശക്തികേന്ദ്രങ്ങൾ എന്നതിനുള്ള ചില സൂചനകൾ കൂടി നൽകും 

Leave a Reply