ധനമന്ത്രിയുടെ ദീപാവലി പാക്കേജ്; 2.65 ലക്ഷം കോടിയുടെ ആനുകൂല്യം നൽകുമെന്നു പ്രഖ്യാപനം

ന്യൂദൽഹി: ദീപവലിക്കു  തൊട്ടുമുമ്പ് ധനമന്ത്രി നിർമലാ സീതാരാമൻ സർക്കാരിന്റെ മൂന്നാമത്തെ ധനകാര്യ പാക്കേജ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. പുതിയ പാക്കേജിൽ മൊത്തം 2.65 ലക്ഷം കോടി രൂപയുടെ ആനുകൂല്യം 12 ഇനങ്ങളിലായി നൽകുമെന്നാണ് ധനമന്ത്രി അറിയിച്ചത്.

വീടുകളുടെ നിർമാണവും വില്പനയും പ്രോത്സാഹിപ്പിക്കാനായി വരുമാന നികുതി ആനുകൂല്യം ഇരട്ടിയായി വർധിപ്പിക്കുകയാണെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. തൊഴിൽ മേഖലയിൽ കുതിപ്പുണ്ടാക്കാനായി ഇപിഎഫ് ആനുകൂല്യം അടക്കുന്നതു സർക്കാർ ഏറ്റെടുക്കുന്നതും ഗ്രാമീണ തൊഴിൽദാന പദ്ധതിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതും അടക്കമുള്ള നിരവധി പദ്ധതികളാണ് ഇന്നു പ്രഖ്യാപിച്ചത്. 

നേരത്തെ സർക്കാർ കോവിഡ് കാലത്തു രണ്ടു പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. അതിനു പുറമേ റിസർവ് ബാങ്ക് സ്വന്തം നിലയിലും ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.  ആത്മനിർഭർ ഭാരത് മൂന്നു പദ്ധതികളിലും റിസർവ് ബാങ്ക് പദ്ധതികളിലുമായി മൊത്തം 29.87  ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ ഇതിനകം സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞതായി ധനമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ  സമ്പദ് ഘടനയിൽ ഉണ്ടായ ഗുരുതരമായ തിരിച്ചടിയിൽ നിന്നു രാജ്യം കരകയറുന്ന ലക്ഷണങ്ങൾ കാണാനുണ്ടെന്നു നിർമലാ സീതാരാമൻ പറഞ്ഞു. മൊത്തം  ജിഡിപിയുടെ പതിനഞ്ചു ശതമാനം തുകയാണ് ഇതിനകം സർക്കാർ വിവിധ പാക്കേജുകളിലായി നൽകിയിരിക്കുന്നത്. 

Leave a Reply