വിദേശനേതാക്കളുമായി ബന്ധപ്പെടാൻ ബൈഡൻ ടീമിനു സർക്കാർ സഹായമില്ലെന്നു സിഎൻഎൻ
ന്യൂയോർക്ക്: നവംബർ മൂന്നിനു നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ 279 എലെക്റ്ററൽ വോട്ടു നേടി വിജയിച്ചതായി ഉറപ്പായിട്ടും നിയുക്ത പ്രസിഡണ്ടിന് വിദേശ നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്കൻ വിദേശ കാര്യ വകുപ്പ് സഹായം നൽകുന്നില്ലെന്ന് സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നുമാസത്തിനു ശേഷമാണ് അധികാരകൈമാറ്റം നടക്കുന്നത്. ഈ കാലയളവിൽ പുതിയ സർക്കാർ അതിന്റെ പ്രവർത്തനങ്ങൾക്കു അടിത്തറയിടുന്ന ജോലി പൂർത്തിയാക്കും .വിദേശസർക്കാറുകളും നേതാക്കളുമായി നിയുക്ത പ്രസിഡണ്ട് ചർച്ച നടത്തുകയും നയങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നതു ഈ അവസരത്തിലാണ്.വിദേശ നേതാക്കളുമായുള്ള ചർച്ചകളിൽ സാധാരണ നിയുക്ത പ്രസിഡണ്ടിന് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കും. സംഭാഷണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കുറിപ്പുകൾ തയ്യാറാക്കുക , പരിഭാഷാ സൗകര്യങ്ങൾ നൽകുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നത് സാധാരണ ഈ വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
എന്നാൽ ഇത്തവണ ബൈഡൻ ടീമിന് അത്തരത്തിലുള്ള ഒരു സഹായവും അമേരിക്കൻ വിദേശകാര്യ വകുപ്പിൽ നിന്നും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് സിഎൻഎൻ പറയുന്നത്.പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ഉദ്യോഗസ്ഥരെ കുഴപ്പത്തിലാക്കുന്നത് .സർക്കാർ ഉത്തരവില്ലാതെ അവർക്കു അത്തരം ജോലികൾ ഏറ്റെടുക്കാനാവില്ല .അതേസമയം ഭാവിസർക്കാരിന്റെ ചുമതലകൾ നിറവേറ്റാൻ സഹായിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട് താനും. അങ്ങനെ ചെകുത്താനും കടലിലും ഇടയിൽപ്പെട്ട അവസ്ഥയിലാണ് നയതന്ത്ര ഉദ്യോഗസ്ഥരും വകുപ്പിലെ മറ്റ് ഉന്നതരും. ബൈഡനെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ട്രംപിനെ പിന്തുണക്കുന്ന നിലപാടാണ് നിലവിലെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോവും സ്വീകരിക്കുന്നത്.
അതിനാൽ മുൻ ഒബാമാ ഭരണകൂടത്തിലെ വിദേശകാര്യ വകുപ്പിൽ സേവനം അനുഷ്ഠിച്ച നയതന്ത്രജ്ഞരുടെ സഹായത്തോടെയാണ് ബൈഡൻ സംഘം വിദേശനേതാക്കളുമായി ചർച്ചകൾ നടത്തുന്നത്.ബൈഡനു വിദേശസർക്കാരുകൾ അയച്ച അനുമോദന സന്ദേശങ്ങൾ പോലും വിദേശകാര്യ വകുപ്പിൽ കെട്ടിക്കിടക്കുകയാണ് .അതിനാൽ വകുപ്പിനെ ആശ്രയിക്കാതെയാണ് പല വിദേശ നേതാക്കളും ബൈഡനുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ആൻജെല മെർക്കൽ ബൈഡനുമായി വിശദമായ ചർച്ചകൾ നടത്തിയത് അമേരിക്കൻ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെയാണ്.