നിതീഷ് നാലാം തവണയും ഭരണത്തിലേക്ക്; കോൺഗ്രസ്സും ഉവൈസിയും പ്രതിക്കൂട്ടിൽ
ന്യൂദൽഹി: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷകളെ അട്ടിമറിച്ചു ബിജെപി -ജെഡിയു സഖ്യം നാലാം തവണയും അധികാരം പിടിച്ചെടുക്കുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കോൺഗ്രസ്സ് പാർട്ടിയും അസദുദീൻ ഉവൈസിയുടെ മജ്‌ലിസ് പാർട്ടിയും.
പ്രതിപക്ഷ മഹാസഖ്യത്തിൽ തേജസ്വി യാദവ് നയിച്ച ആർജെഡി 75 സീറ്റുനേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുന്നണിയുടെ ഭാഗമായി നിന്ന സിപി(എംഎൽ) ലിബറേഷൻ 12 സീറ്റുകൾ പിടിച്ചെടുത്തു. സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകൾ വീതവും നേടി. പക്ഷേ മുന്നണിയെ തോല്പിച്ചത് കോൺഗ്രസ്സിന്റെ അമിതമായ അവകാശവാദങ്ങളും പ്രചാരണത്തിലെ പോരായ്മകളുമാണെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ മത്സരിക്കാനായി 70 സീറ്റ് നിർബന്ധിച്ചു വാങ്ങിയ കോൺഗ്രസ്സിന് ആകെ ജയിക്കാൻ കഴിഞ്ഞതു വെറും 19 സീറ്റുകളിൽ മാത്രമാണ്. ഈ സീറ്റുകളിൽ ഒരു പങ്കെങ്കിലും ആർജെഡി അല്ലെങ്കിൽ ഇടതുകക്ഷികൾ എന്നിവയ്ക്ക് ലഭിച്ചിരുന്നുവെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
പ്രതിപക്ഷ സഖ്യങ്ങളിൽ നേരത്തെ കോൺഗ്രസിനു ലഭിച്ചുവന്ന സുപ്രധാന പദവികൾ ഇനിയങ്ങോട്ടു ചോദ്യം ചെയ്യപ്പെടും എന്നു ബിഹാറിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ നേതൃത്വമോ രാഷ്ട്രീയ നിലപാടോ ഇല്ലാതെ കോൺഗ്രസ്സ് പ്രതിപക്ഷത്തു കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന വിലയിരുത്തൽ ഇന്നലെത്തന്നെ പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ്സിന്റെ അമിതമായ അവകാശ വാദങ്ങൾ തേജസ്വി യാദവ് അംഗീകരിച്ചതു വിനയായി മാറി എന്നാണ് ആ പാർട്ടിയിലെ പല നേതാക്കളും അഭിപ്രായപ്പെടുന്നത്.
ഉത്തർപ്രദേശിലും മധ്യപ്രദേശിലും കോൺഗ്രസ്സ് ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടിയും കോൺഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പരാജയത്തിനു ഒരു കാരണമായി കോൺഗ്രസ്സ് നേതാക്കൾ ചുണ്ടിക്കാണിക്കുന്നത് ഉവൈസിയുടെ നേതൃത്വത്തിലുള്ള മൂന്നാം സഖ്യം വോട്ടു ഭിന്നിപ്പിച്ച പ്രശ്നമാണ്. സീമഞ്ചൽ പോലെയുള്ള മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം വോട്ടുകൾ ആർജെഡി -കോൺഗ്രസ്സ് സഖ്യത്തിൽ നിന്നു മറിക്കുന്നതിനായി ഉവൈസി ബിജെപിയുമായി ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. സീമഞ്ചൽ പ്രദേശത്തു മജ്‌ലിസ് പാർട്ടി അഞ്ചു സീറ്റടക്കം ഈ മുന്നണിയിലെ കക്ഷികൾ ഏഴുസീറ്റ് നേടിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ അവകാശവാദങ്ങൾ നിഷേധിച്ചു പ്രതിപക്ഷ ഐക്യത്തിനു തുരങ്കം വെച്ചതിനു മുഖ്യ കാരണക്കാർ കോൺഗ്രസ്സ് നേതാക്കൾ തന്നെയാണെന്നു മൂന്നാം സഖ്യത്തിലെ മജ്‌ലിസ്, ബിഎസ്പി നേതാക്കൾ തിരിച്ചടിക്കുന്നു.