ഫൈസർവാക് സിൻ പ്രതീക്ഷ നൽകുന്നു; സംഭരണവും വിതരണവും വെല്ലുവിളി
ന്യൂയോർക്ക്: പ്രമുഖ ഫാർമാ കമ്പനി ഫൈസർ തങ്ങളുടെ കോവിഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 90 ശതമാനം ഫലപ്രാപ്തി തെളിയിച്ചതായി ഇന്നലെ അവകാശപ്പെട്ടു. കോവിഡിനെതിരെ അമ്പതു ശതമാനത്തിലേറെ ഫലപ്രാപ്തിയുള്ള പ്രതിരോധ മരുന്ന് പോലും സ്വീകാര്യമാണെന്നു നേരത്തെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. അതിനാൽ ഫൈസർ കമ്പനിയുടെ പ്രഖ്യാപനം ആരോഗ്യവിദഗ്ദ്ധർ വലിയ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്.
ജർമൻ കമ്പനിയായ ബയോ എന്റെകുമായി യോജിച്ചാണ് ഫൈസർ എം- ആർഎൻഎ (മെസൻജർ ആർഎൻഎ) സാങ്കേതിക വിദ്യയിലുള്ള പുതിയ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. വേഗത്തിൽ മരുന്നു നിർമാണത്തിനു സഹായിക്കുന്നതും താരതമ്യേന ചെലവു കുറഞ്ഞതുമായ ഒരു സാങ്കേതിക വിദ്യയാണ് ഇതെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഭാവിയിൽ ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മരുന്നുകളാണ് ആഗോളതലത്തിൽ ആവശ്യമായ മരുന്നുകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള പ്രായോഗിക മാർഗം.
പക്ഷേ എം-ആർഎൻഎ സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കുന്ന മരുന്നുകളുടെ സംഭരണവും വിതരണവും വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്നു വിദഗ്ധരെ ഉദ്ധരിച്ചു ഇന്നലെ ബിബിസി ചൂണ്ടിക്കാട്ടി. ഈ മരുന്നുകൾ ഫലപ്രദമാവണമെങ്കിൽ അത് മൈനസ് 70 ഡിഗ്രി തണുപ്പിലെങ്കിലും സൂക്ഷിച്ചിരിക്കണം. സാധാരണനിലയിൽ മരുന്നുകൾ മൈനസ് 2 ഡിഗ്രി ഊഷ്മാവിലാണ് സൂക്ഷിക്കുന്നത്. നിലവിലുള്ള സംഭരണ സംവിധാനങ്ങൾ അത്തരത്തിലുള്ളതാണ്. കൂടുതൽ ശക്തമായ സംഭരണ സംവിധാനങ്ങൾ ഇപ്പോൾ വികസിത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരം മരുന്നു ഗ്രാമതലങ്ങളിൽ പോലും എത്തിക്കണമെങ്കിൽ വളരെ വിപുലമായ സംഭരണ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. അതിനാൽ വികസിത രാജ്യങ്ങളിൽ കോവിഡ് പ്രതിരോധ മരുന്ന് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്ന അവസരത്തിൽപ്പോലും ദരിദ്ര രാജ്യങ്ങളിൽ അവ ലഭ്യമായി എന്നു വരില്ല എന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.