സിദ്ദിഖ്കാപ്പനെ വിമോചിപ്പിക്കാൻ സർക്കാർ ഇടപെടണം

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി  യു പി പോലീസ് തടവറയിലായ മലയാളി [പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിമോചിപ്പിക്കാൻ കേരള സർക്കാരും പൊതുസമൂഹവും ഇടപെടണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും ഐക്യദാർഢ്യ സമിതിയും ആവശ്യപ്പെട്ടു.

തിരുവനന്തപുരം പ്രസ്സ്  ക്ലബ്ബിൽ ഇന്നു രാവിലെ നടന്ന പത്രസമ്മേളനത്തിൽ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്,കേരള പത്രപ്രവർത്തകയൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ  പി റെജി, ഐക്യദാർഢ്യ സമിതി നേതാക്കളായ ശ്രീജ നെയ്യാറ്റിൻകര, ഡോ. സോണിയാ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

കാപ്പന്റെ കുടുംബത്തെ ബന്ധപ്പെടാൻ ഇന്നുവരെ പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ലെന്ന് റൈഹാനത്ത്  ചൂണ്ടിക്കാട്ടി.  അദ്ദേഹത്തിന്റെ 90കാരിയായ മാതാവിനെ ഒരുതവണ മാത്രം ചുരുങ്ങിയ നിമിഷങ്ങൾ ബന്ധപ്പെടാൻ അനുവദിക്കുകയുണ്ടായി. ഭാര്യയുമായോ മക്കളുമായോ ബന്ധപ്പെടാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. വർഷങ്ങളായി ദൽഹിയിൽ വിവിധ മലയാള മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ച ഒരു മാധ്യമപ്രവർത്തകനാണ് അദ്ദേഹം. യാതൊരു  കാരണവുമില്ലാതെയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസിലെ  സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാനായി അദ്ദേഹം അങ്ങോട്ടുപോയ അവസരത്തിലാണ് അറസ്റ്റ്. തുടക്കത്തിൽ  ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയ പോലീസ് പിന്നീട് യുഎപിഎ വകുപ്പുകൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ഡൽഹിയിൽ നടന്ന കലാപത്തിലെ കേസുകളിലും അദ്ദേഹത്തെ ഉൾപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒരു മാധ്യമപ്രവർത്തകന് നേരെ നടക്കുന്ന ഇത്തരം  മനുഷ്യാവകാശ ലംഘനങ്ങൾ ഗുരുതരമായ വിഷയമാണ്. അതിനെതിരെ സമൂഹം പ്രതികരിക്കണം. തനിക്കും കുട്ടികൾക്കും നീതി ലഭിക്കണം. അതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും അവർ  ആവശ്യപ്പെട്ടു.

 ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പി[പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റു രാഷ്ട്രീയ  പാർട്ടി നേതാക്കൾ തുടങ്ങിയവർക്ക് നൽകാനാണ് കുടുംബം ഇന്നു രാവിലെ തലസ്ഥാനത്തെത്തിയത്. കെ പി സിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചു നിവേദനം നൽകി. മറ്റു നേതാക്കൾക്കു നിവേദനം നൽകാനായി അവരെ കാണാൻ ശ്രമിക്കുകയാണെന്നും ഐക്യദാർഢ്യ  സമിതി നേതാക്കൾ അറിയിച്ചു. 

Leave a Reply