ബൈഡൻ -കമലാഹാരിസ് സഖ്യം വിജയത്തിൽ; ഭൂരിപക്ഷം ഇനിയും വർധിക്കും

ന്യൂയോർക്ക്:  അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 279 എലെക്റ്ററൽ വോട്ടുകൾ നേടിയ ജോസഫ് ആർ ബൈഡൻ -കമലാ ഹാരിസ് കൂട്ടുകെട്ട് വിജയം ഉറപ്പാക്കിയതായി ഇന്നലെ രാത്രി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ 264 വോട്ടുകൾ ഉറപ്പാക്കിയ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥാനാർത്ഥികൾ വിജയിക്കാനാവശ്യമായ 270 വോട്ട് എന്ന കടമ്പ കടന്നത്‌ വോട്ടെണ്ണലിന്റെ അഞ്ചാമത്തെ നാളിലാണ്.

വോട്ടെടുപ്പു പൂർത്തിയായ നവംബർ മൂന്നിന് രാത്രിയോടെ ആരംഭിച്ച വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. ഇനിയും വോട്ടെണ്ണൽ പൂർത്തിയാക്കാനുള്ള  സംസ്ഥാനങ്ങളിൽ അതു പൂർത്തിയാക്കാൻ ഒന്നോ രണ്ടോ ദിവസം കൂടി  വേണ്ടിവരുമെന്നാണ്  അധികൃതർ പറയുന്നത്. ശനിയാഴ്ച പെൻസിൽവാനിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലാണ് ബൈഡനും ഹാരിസും വിജയം ഉറപ്പിച്ചത്. അതോടെ ഭൂരിപക്ഷം 279ൽ എത്തി. ഇനിയും ഫലം പ്രഖ്യാപിക്കാനുള്ള ജോർജിയ,നോർത്ത്  കരോലിന , അരിസോണ, അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലം കൂടെ വരുന്നതോടെ സഖ്യത്തിനു 306 എലെക്റ്ററൽ വോട്ടുകൾ നേടാൻ കഴിയുമെന്നാണ് പ്രവചനം.

ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം ബൈഡൻ ഇന്നലെ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തിൽ തിരഞ്ഞെടുപ്പു കഴിഞ്ഞുവെന്നും ഇനി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് മുന്നിലുള്ളതെന്നും വ്യക്തമാക്കി. ഭിന്നതകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. അമേരിക്കൻ ജനത അഭൂതപൂർവമായ രീതിയിലാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ഇടപെട്ടത്. ഓരോ പൗരന്റെയും വോട്ടു വിലപ്പെട്ടതാണ്. അവരുടെ വിധി അറിയാൻ ക്ഷമയോടെ പ്രവർത്തനം നടത്തേണ്ടതുണ്ട്. അതിനാൽ നാളുകൾ വൈകിയാണെങ്കിലും രാജ്യം ജനവിധിയുടെ പ്രക്രിയ പൂർത്തിയാക്കുകയാണ്. ഇനി  വേണ്ടതു ഭിന്നതകൾ മാറ്റിവെച്ചു ഒന്നിച്ചു നിൽക്കലാണ്; മുറിവുകൾ ഉണക്കലാണ്.

അതേസമയം പ്രതിസന്ധി നേരിടുന്ന പൊതുജനാരോഗ്യം ,തകർന്ന  സമ്പദ്‌വ്യവസ്ഥ എന്നിവയുടെ കാര്യതിൽ അടിയന്തിര ഇടപെടലുകൾ നടത്തുന്നതിനായി ബൈഡൻ വിദഗ്ധരുമായി കൂടിയാലോചനകൾ ആരംഭിച്ചു. ജനവരി 20 നു അധികാരമേൽക്കുന്ന പുതിയ ഭരണകൂടത്തിൽ പ്രധാന ചുമതലകൾ വഹിക്കേണ്ടത് ആരൊക്കെ എന്ന വിഷയത്തിലും ആലോചനകൾ ആരംഭിച്ചതായി വിവിധ മാധ്യമങ്ങൾ  പറയുന്നു.

അതേസമയം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് പരാജയം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. തിരഞ്ഞെടുപ്പു മത്സരം അവസാനിച്ചിട്ടില്ല എന്നും ജനവിധിക്കെതിരെ കോടതിയിൽ പോരാടുമെന്നും അദ്ദേഹം ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു.  തിങ്കളാഴ്ച നിയമനടപടികൾ ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.  എന്നാൽ  വോട്ടെണ്ണൽ സംബന്ധിച്ച പരാതികളിൽ കാര്യമായ വസ്തുതകൾ ഇല്ലെന്നും അതിനാൽ കോടതികളിൽ കേസ് നിലനിൽക്കാൻ സാധ്യത കുറവാണെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. 

Leave a Reply