സിദ്ദിഖ്കാപ്പന്ഐക്യദാർഢ്യവുമായി മാധ്യമപ്രവർത്തകർ വീട്ടിലെത്തി
കോഴിക്കോട്: ഒക്ടോബർ അഞ്ചിന് ഹത്രാസിലേക്കുള്ള യാത്രാമധ്യെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മലപ്പുറം വേങ്ങരക്കടുത്തു പൂച്ചോലമേട്ടിലെ വീട്ടിലെത്തി സഹപ്രവർത്തകർ ഐക്യദാർഢ്യം രേഖപ്പെടുത്തി.
തേജസ് ദിനപത്രത്തിൽ ദൽഹി ലേഖകനായി ദീർഘകാലം പ്രവർത്തിച്ച സിദ്ദിഖ് കാപ്പന്റെ മുൻ സഹപ്രവർത്തകരായ മുതിർന്ന പത്രപ്രവർത്തകനും തേജസ് മുൻ പത്രാധിപരുമായ എൻ പി ചെക്കുട്ടി, എക്സിക്യൂട്ടീവ് എഡിറ്റർ പി എ എം ഹാരിസ്, തേജസ് ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ പി ഒ റഹ്മത്തുള്ള, വി എ മജീദ്, മുൻ വേങ്ങര ലേഖകൻ ഖമറുദ്ധീൻ തുടങ്ങിയവരാണ് ഇന്നു രാവിലെ വീട്ടിലെത്തി കാപ്പന്റെ ഭാര്യ റൈഹാനത്തിനെയും വിദ്യാർത്ഥികളായ മൂന്നു മക്കളെയും കണ്ടത്. കാപ്പന്റെ പേരിലുള്ള കള്ളക്കേസ് അവസാനിപ്പിക്കുന്നതു വരെ മാധ്യമരംഗത്തെ സഹപ്രവർത്തകർ അദ്ദേഹത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കും എന്നു സഹപ്രവർത്തകർ കുടുംബത്തിനു ഉറപ്പു നൽകി. കാപ്പന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഈ മാസം പതിനാറിന് പരിഗണിക്കുമ്പോൾ ആശ്വാസകരമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. കാപ്പന്റെ കാര്യത്തിൽ കേരള സർക്കാർ ഇടപെടണമെന്നും അദ്ദേഹത്തിനെതിരെ യുപി പൊലീസ് ചുമത്തിയ യുഎപിഎ അടക്കമുള്ള വകുപ്പുകൾ പ്രകാരമുള്ള കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകുമെന്നു റൈഹാനത്ത് വ്യക്തമാക്കി. കാപ്പന്റെ 90 വയസ്സുള്ള മാതാവിന്റെ സ്ഥിതി വേദനാജനകമാണെന്നു അവർ ചൂണ്ടിക്കാട്ടി. ഹത്രാസിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി അങ്ങോട്ടു പോകുന്ന അവസരത്തിലാണ് കാപ്പൻ അറസ്റ്റിലായത്. അദ്ദേഹത്തിനു ജാമ്യം അനുവദിക്കണം എന്നു ആവശ്യപ്പെട്ടു കേരളാ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രാദേശിക കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടുവെങ്കിലും അതു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ മുമ്പിൽ പരിഗണനക്കായി എത്തിയത്