കേരളത്തിനുപിന്നാലെ ജാർഖണ്ഡും സിബിഐയ്ക്കുള്ള മുൻകൂർ അനുമതി പിൻവലിച്ചു
ന്യൂദൽഹി : കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്കു സംസ്ഥാനത്തു കേസുകൾ അന്വേഷിക്കുന്നതിനു നേരത്തെ നൽകിയ അനുമതി പിൻവലിക്കുകയാണെന്നു ഇന്നലെ ജാർഖണ്ഡ് സർക്കാർ അറിയിച്ചു. രണ്ടുദിവസം മുമ്പ് കേരളവും ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിരുന്നു. സിബിഐയുടെ ഏകപക്ഷീയമായ നിലപാടുകളിലും അന്വേഷണ രീതികളിലും കടുത്ത വിയോജിപ്പു പ്രകടമാക്കിക്കൊണ്ടാണ് സംസ്ഥാനങ്ങൾ മുൻകൂർ അനുമതി റദ്ദാക്കിയത്.
നേരത്തെ പശ്ചിമ ബംഗാൾ, രാജസ്ഥാൻ , മഹാരാഷ്ട്ര , മിസോറാം , ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളും സിബിഐയ്‌ക്കുള്ള അനുമതിപത്രം പിൻവലിച്ചിരുന്നു. ഇതോടെ മൊത്തം ഏഴു സംസ്ഥാനങ്ങൾ ഈ തീരുമാനമെടുത്തുകഴിഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കക്ഷിരാഷ്ട്രീയ താല്പര്യത്തോടെ ഇടപെടുന്നു എന്ന ആരോപണങ്ങളെ തുടർന്നാണ് ഈ നടപടികൾ . ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ആദ്യമായി ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുകളെ ഈ തീരുമാനം ബാധിക്കുകയില്ല. ഭാവിയിൽ ഈ സംസ്ഥാനങ്ങളിലെ കേസുകൾ സിബിഐയ്ക്ക് അന്വേഷിക്കണമെങ്കിൽ ബന്ധപ്പെട്ട സർക്കാരുകളുടെ അനുമതി വേണം .