depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp കെ-ഫോൺ പദ്ധതിയോടു ആർക്കാണിത്ര കോപം ? – Janashakthi Online

കെ-ഫോൺ പദ്ധതിയോടു ആർക്കാണിത്ര കോപം ?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് എതിരെ  എൻഐഎ, എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ്‌, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര അന്വേഷണഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിൽ കേരളത്തിലെ ഇൻർനെറ്റ്  രംഗത്തെ സുപ്രധാന കാൽവെപ്പായ കെ-ഫോൺ പദ്ധതി കൂടി വിവാദത്തിൽ അകപ്പെടുന്നത്  സംസ്ഥാനത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കു ഹാനികരമാണ്. കേരളത്തിൽ എല്ലാ ഗ്രാമങ്ങളിലും ഹൈ സ്പീഡ്  ഇന്റർനെറ്റ് വീടുകളിൽ എത്തിക്കാനുള്ള കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ)  സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ്. അതിന് വിവാദങ്ങൾ തടയിടുമ്പോൾ ആരാണ് നേട്ടം കൊയ്യുന്നത് എന്ന കാര്യം കൂടി   പരിശോധനാവിഷയം ആവേണ്ടതുമാണ്.

മാദ്ധ്യമവാർത്തകൾ പറയുന്നത് ഇ ഡി അധികൃതർ ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം നേരത്തെ ചുമതല വഹിച്ചിരുന്ന കെ- ഫോൺ, ഇ മൊബിലിറ്റി,  സൈബർ പാർക്ക് തുടങ്ങിയ പദ്ധതികളുടെ ഫയലുകൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ്.  ഇതു സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിനെ എന്തുവില കൊടുത്തും ചെറുക്കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്  പറയുകയുണ്ടായി. അന്വേഷണം തന്റെ നേരെ വരുന്നു എന്ന ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നത് എന്നും ഇന്നലെവരെ കേന്ദ്രഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി നിലപാട് മാറ്റാൻ അതാണ് കാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തു .

ഇ ഡിയുടെ അന്വേഷണം  തന്റെ നേരെ നീളുന്നു എന്ന ഭീതി മുഖ്യമന്ത്രിക്കുണ്ട് എന്ന ആരോപണത്തിൽ ഒരുപക്ഷേ സത്യമുണ്ടാവാൻ ഇടയുണ്ട്. കാരണം ആഴ്ചകളായി  മാധ്യമങ്ങളിൽ ഉയർന്നുകേട്ട കാര്യമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കരന് പുറമെ കളങ്കിതർ വേറെയുമുണ്ട് എന്ന ആരോപണം. ആരാണ് ഈ രണ്ടാമൻ എന്ന ചോദ്യത്തിനു  കഴിഞ്ഞ ദിവസമാണ് ഉത്തരം കിട്ടിയത്. നാലുപതിറ്റാണ്ടായി തിരുവനന്തപുരത്തു സിപിഎമ്മുമായി ബന്ധപ്പെട്ട അധികാരകേന്ദങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണമെന്നു ഇഡി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതും മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള കേന്ദ്ര വിരുദ്ധ നിലപാടും തമ്മിൽ ബന്ധമുണ്ട് എന്ന ആരോപണം നിലനിൽക്കുന്നു. വരും ദിവസങ്ങളിൽ  രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോൾ പുറത്തു വരുന്ന കാര്യങ്ങൾ എന്തൊക്കെയാവും എന്നു ഇപ്പോൾ പറയാനാവില്ല. എന്നാൽ  പാർട്ടി നേതാക്കളിൽ പലരുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കാൻ അതു കാരണമാവും എന്ന കാര്യം ഉറപ്പിച്ചു പറയാനുമാവും.

അന്വേഷണം ഇങ്ങനെ മുന്നേറുന്നതിനിടയിലാണ് കെ-ഫോൺ  അടക്കമുള്ള പ്രധാന വികസന പരിപാടികൾ അവയുടെ അവസാനഘട്ടത്തിൽ വെച്ചു തടയപ്പെടാനിടയാക്കും എന്ന ഭീതി ഉയർന്നുവരുന്നത്. ഫയലുകൾ പരിശോധനക്കു  ചോദിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ പദ്ധതിയുടെ നടത്തിപ്പിനെ അന്വേഷണം  തടയിടും എന്ന് വരികയാണെങ്കിൽ അതു സംസ്ഥാനത്തിനു വലിയ  നഷ്ടം വരുത്തിവെക്കും എന്നു തീർച്ചയാണ്. കാരണം 52,746 കിലോമീറ്റർ നീളത്തിൽ സംസ്ഥാനമെങ്ങും ഒപ്റ്റിക്കൽ ഫൈബർ  കേബിൾ വൈദ്യുത പോസ്റ്റുകൾ വഴി സ്ഥാപിച്ചു അതിവേഗ ഇന്റർനെറ്റ് പാവങ്ങൾക്ക് സൗജന്യമായും മറ്റു ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിലും ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേരളത്തിന്റെ  ഭാവി വികസനപാതയുടെ നട്ടെല്ലായി മാറാനിടയുള്ള സംരംഭമാണിത്. കോവിഡ് ബാധയുടെ കാലത്തു ഇന്റർനെറ്റ് ആധുനിക ജീവിതത്തിൽ നിർവഹിക്കുന്ന പങ്കു എല്ലാവർക്കും ബോധ്യമായതാണ്.  ഭാവിയിൽ കേരളത്തിലെ വ്യവസായ,വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ സകല സംരംഭങ്ങളുടെയും നട്ടെല്ല് ഈ ശ്രുംഖലയായിരിക്കും.

അതിൽ ശിവശങ്കരന്റെ പങ്കു നിർണായകമായിരുന്നു. എൻജിനീയറിങ് പശ്ചാത്തലമുള്ള ശിവശങ്കർ ഐടി മേഖലയിൽ ഉണ്ടായ പല നിർണായക മുന്നേറ്റങ്ങളുടെയും ആസൂത്രകനായിരുന്നു. അദ്ദേഹം സപ്‌നാ സുരേഷുമായുള്ള വഴിവിട്ട ബന്ധം മൂലം സമൂഹമധ്യത്തിൽ  ആരോപണ വിധേയനായി  നിൽക്കുമ്പോഴും ഈ സുപ്രധാന വസ്തുത വിസ്മരിക്കപ്പെട്ടുകൂടാ.

അതിനു കാരണം ഇപ്പോൾ ആരോപണങ്ങളുടെ മറവിൽ  കെ-ഫോൺ അടക്കമുള്ള പദ്ധതികൾ കുഴിച്ചുമൂടാൻ ശ്രമം നടക്കുന്നു എന്ന ആശങ്കയാണ്. പൊതുമേഖലയിലെ ഈ സുപ്രധാന നീക്കം  പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ കേബിൾ നെറ്റ്‌വർക്ക് കേരളത്തിലെങ്ങും അതിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃഖംല വികസിപ്പിക്കാൻ തയ്യാറെടുക്കുന്ന അതേ അവസരത്തിലാണ് എന്നതു വെറുമൊരു യാദൃച്ഛികതയാണോ എന്ന കാര്യത്തിനു ഉത്തരം പറയേണ്ടത് ഭാവിയാണ്. പക്ഷേ  കെ-ഫോൺ പദ്ധതിയുടെ തകർച്ച സംഭവിക്കുകയാണെങ്കിൽ അതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ മുംബൈയിലെ ഈ കൂറ്റൻ ആഗോള കുത്തകയായിരിക്കും എന്നു തീർച്ചയാണ്.

Leave a Reply