അമേരിക്കയിൽ ഇഞ്ചോടിഞ്ചു പോരാട്ടം; സംഘർഷസാധ്യതയും വളരുന്നു
ന്യൂയോർക്ക്: വോട്ടെടുപ്പിനു ശേഷമുള്ള ഉദ്വേഗഭരിതമായ ഒരു രാത്രിക്കു ശേഷം സംഘർഷഭരിതമായ പകലിലേക്കാണ് അമേരിക്കൻ ജനത ഉണർന്നെണീറ്റത്. രാത്രി മുഴുവൻ നീണ്ടുനിന്ന വോട്ടെണ്ണലിൽ ആദ്യഘട്ടത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് റിപ്പബ്ലിക്കൻസ്ഥാനാർത്ഥി നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ശക്തമായ തിരിച്ചുവരവ് നടത്തുന്നതായാണ് കണ്ടത്. വോട്ടെണ്ണലിന്റെ മണിക്കൂറുകൾ നീണ്ടതോടെ ഓരോ സീറ്റും നേടിയെടുക്കാൻ ഇരുപക്ഷവും ഇഞ്ചോടിഞ്ചു പോരാടുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും അവസാനഫലം ന്യൂയോർക്ക് ടൈംസ് കാണിക്കുന്നത് ബൈഡനു 227 എലെക്റ്ററൽ കോളേജ് വോട്ടുകൾ, ട്രംപിന് 213 എന്ന നിലയിലാണ്. സിഎൻഎൻ, ബിബിസി എന്നീ ചാനലുകൾ പറയുന്നത് ബൈഡൻ 220, ട്രംപ് 213 എന്നാണ്. എന്നാൽ റുപേർട് മർഡോകിന്റെ ഫോക്സ് ന്യൂസ് പറയുന്നതു ബൈഡൻ 238 വോട്ടുകൾ നേടിക്കഴിഞ്ഞു എന്നാണ്. വിജയത്തിനു ചുരുങ്ങിയത് 271 എലെക്റ്ററൽ കോളേജ് വോട്ടുകൾ ഒരു സ്ഥാനാർഥി നേടിയിരിക്കണം.
വോട്ടെണ്ണൽ ദീർഘിക്കാൻ കാരണമായി മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇത്തവണയുണ്ടായ വിപുലമായ പോസ്റ്റൽ ബാലറ്റുകളാണ്. പത്തുകോടിയോളം വോട്ടുകളാണ് നേരത്തെ ചെയ്തിരുന്നത്. തുടക്കത്തിൽ നേരിട്ടുള്ള വോട്ടുകളാണ് മിക്ക സ്ഥലത്തും എണ്ണിയത്. വിവിധ സ്ഥലങ്ങളിൽ തപാൽ വോട്ടുകൾ എണ്ണുന്ന ജോലി നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം തിരഞ്ഞെടുപ്പിൽ സംഘർഷവും അക്രമവും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും ഉയർന്നുവരികയാണ്. ബുധനാഴ്ച പുലർച്ചെ ട്രംപ് വൈറ്റ് ഹൗസിൽ അനുയായികളോടു പ്രഖ്യാപിച്ചത് താൻ വിജയിച്ചുകഴിഞ്ഞു എന്നാണ്. ശക്തമായ വിജയാഘോഷം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ തന്റെ വിജയം തട്ടിത്തെറിപ്പിക്കാനാണ് മറുപക്ഷം ശ്രമിക്കുന്നത്. വോട്ടെണ്ണൽ ഉടൻ പൂർത്തിയാക്കണം. തർക്കമുള്ളതിനാൽ എല്ലാ വോട്ടെണ്ണലും ഉടൻ നിർത്തിവെക്കാൻ താൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
എന്നാൽ അനുയായികളെ അഭിസംഭോധന ചെയ്‌തുകൊണ്ടു ജോ ബൈഡൻ പറഞ്ഞത് ആരാണ് വിജയി എന്നു നിശ്ചയിക്കാനുള്ള അവകാശം തനിക്കോ ട്രമ്പിനോ അല്ലെന്നാണ്. അതു തീരുമാനിക്കേണ്ടത് അമേരിക്കൻ ജനതയാണ്. ജനവിധി എന്തെന്നു അറിയാൻ അവസാനത്തെ വോട്ടു വരെ എണ്ണിത്തീർക്കണം. അതിനാൽ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തത്.
വോട്ടെണ്ണൽ നിർത്തിവെക്കാനുള്ള ട്രംപിന്റെ ആഗ്രഹം നടക്കില്ലെന്നു ഡമോക്രറ്റിക് പാർട്ടി വക്താക്കൾ പറഞ്ഞു. കോടതിയിലുടെ വോട്ടെണ്ണൽ നിർത്തിവെക്കാനുള്ള ശ്രമങ്ങളും വിജയിക്കില്ല. കാരണം വോട്ടെണ്ണൽ പ്രവർത്തനം നടക്കുന്ന വേളയിൽ കോടതിക്കു ഇടപെടാനുള്ള അവസരം കുറവാണെന്നു ന്യൂയോർക്ക് ടൈംസ് ഒരു കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും സെനറ്റ്, ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി കൂടുതൽ നേട്ടമുണ്ടാക്കിയതായി മാധ്യമങ്ങൾ പറയുന്നു. ന്യൂയോർക്ക് ടൈംസ് പറയുന്നത് സെനറ്റിൽ ഇപ്പോൾ ഡെമോക്രറ്റുകളും റിപ്പബ്ലിക്കൻമാരും 47 സീറ്റുകൾ വീതം നേടിയെന്നാണ്. സെനറ്റിൽ 51 സീറ്റു കിട്ടിയാൽ ഭൂരിപക്ഷമാകും. ജനപ്രതിനിധി സഭയിൽ ഡെമോക്രറ്റുകൾ 190 സീറ്റുകൾ നേടി ഭൂരിപക്ഷം നിലനിർത്തുമെന്നു ഉറപ്പാക്കിക്കഴിഞ്ഞു. റിപ്പബ്ലിക്കന്മാരുടെ വിജയം 181 സീറ്റുകളിൽ മാത്രമാണ്. ഭുരിപക്ഷതിനു വേണ്ടതു 218 സീറ്റുകളാണ്.