ജോ ബൈഡൻ വിജയത്തിലേക്കു കുതിക്കുകയാണെന്നു ആദ്യറിപ്പോർട്ടുകൾ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിലേക്കു കുതിക്കുകയാണെന്നു ആദ്യഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എലെക്റ്ററൽ കോളേജ് വോട്ടുകളിൽ ബൈഡൻ നിലവിലെ പ്രസിഡണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെ മുമ്പിലാണെന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂയോർക്ക് ടൈംസും അൽ ജസീറയും പറയുന്നത് ബൈഡൻ 209 എലെക്റ്ററൽ കോളേജ് വോട്ടുകൾ നേടിക്കഴിഞ്ഞു എന്നാണ്. ട്രംപിന് ലഭിച്ചിരിക്കുന്നത് 112 വോട്ടുകൾ മാത്രമാണ്. അതേസമയം സിഎൻഎൻ പറയുന്നത് ട്രംപിന്റെ 108 നെതിരെ ബൈഡൻ ഇതിനകം 192 വോട്ടുകൾ കരസ്ഥമാക്കി എന്നാണ് .
ബിബിസിയുടെ കണക്കുകൾ പ്രകാരം രാവിലെ ഇന്ത്യൻ സമയം പത്തുമണിയോടെ ബൈഡൻ 192 വോട്ടും ട്രംപ് 114 വോട്ടും നേടിയിട്ടുണ്ട്. വിജയത്തിന് ആവശ്യമായ വോട്ടു 270 ആണ്. വിജയം നിർണയിക്കുന്നത് എലെക്റ്ററൽ കോളേജ് വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. ജനകീയ വോട്ടുകളിൽ ഇരുവരും തമ്മിൽ കടുത്ത ബലാബലമാണ് കാണുന്നത്. പോസ്റ്റൽ ബാലറ്റുകൾ അടക്കം എണ്ണിത്തീർക്കേണ്ടതു കൊണ്ടു ജനകീയ വോട്ടുകളുടെ പൂർണവിവരം പുറത്തു വരാൻ ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവരും എന്ന് അധികൃതർ സൂചിപ്പിക്കുന്നു.
പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ മുന്നിലാണെങ്കിലും ജനപ്രതിനിധിസഭയിലേക്കുള്ള മത്സരത്തിൽ അവർ മുന്നിലാണെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ 129 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു. ഡെമോക്രറ്റുകൾ 97 സീറ്റുകളിൽ മുന്നിലാണ്. നിലവിൽ സഭയിൽ ഡെമോക്രറ്റുകൾക്കാണ് ഭുരിപക്ഷമുള്ളത്. അതേസമയം റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിലേക്കുള്ള മത്സരത്തിൽ ഡെമോക്രറ്റുകൾ റിപ്പബ്ലിക്കന്മാരെ പിന്തള്ളി. സെനറ്റിൽ 44 സീറ്റുകളിൽ ഡെമോക്രറ്റുകളും 43 സീറ്റുകളിൽ റിപ്പബ്ലിക്കന്മാരുമാണ് മുന്നിലുള്ളത്.