എഡ്വേഡ് സ്നോഡൻ റഷ്യൻ പൗരത്വം സ്വീകരിക്കുന്നു

മോസ്കോ:  അമേരിക്കൻ  ചാര ഏജൻസി സിഐഎയുടെ കീഴിൽ പ്രവർത്തിക്കുന്ന അവസരത്തിൽ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ സുരക്ഷാ ഏജൻസികൾ നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരം പുറത്തുവിട്ടതിന്റെ പേരിൽ കേസ് വന്നതിനാൽ അമേരിക്കയിൽ നിന്നു അഭയം തേടി റഷ്യയിൽ കഴിയുന്ന എഡ്‌വേഡ്‌ സ്‌നോഡൻ റഷ്യൻ പൗരത്വം സ്വീകരിക്കുന്നു.

റഷ്യൻ പൗരത്വത്തിനായി അദ്ദേഹം അപേക്ഷ നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്റർഫാക്‌സ്‌ വാർത്താ  ഏജൻസിയെ അറിയിച്ചു. അദ്ദേഹത്തിന്റെ അമേരിക്കൻ പൗരത്വം നിലനിർത്തി റഷ്യൻ പൗരത്വം സ്വീകരിക്കാനാണ് തീരുമാനമെന്നു അഭിഭാഷകൻ അറിയിച്ചു . 2013ൽ  സിഐഎയുടെ രഹസ്യവിവരശേഖരണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിയ സ്‌നോഡനെതിരെ ചാരവൃത്തിയുടെ പേരിൽ അമേരിക്കൻ ഏജൻസികൾ കേസെടുത്തിട്ടുണ്ട്. അതിനാൽ നിരവധി വർഷങ്ങളായി  അദ്ദേഹം റഷ്യയിലാണ് കഴിയുന്നത്.

സ്നോഡനും ജീവിത പങ്കാളി ലിൻഡ്‌സെ മിൽസും ഡിസംബറിൽ അവരുടെ ആദ്യകുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നുണ്ട്. റഷ്യയിൽ ജനിക്കുന്ന കുട്ടിക്കു റഷ്യൻ പൗരത്വം ലഭിക്കും. അതിനാൽ കുഞ്ഞിന്റെ കൂടെ കഴിയാൻ തങ്ങൾ റഷ്യൻ പൗരത്വം തേടുകയാണെന്നു സ്നോഡനും മിൽസും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അമേരിക്കയിലെ തങ്ങളുടെ മാതാപിതാക്കളിൽ നിന്നു വർഷങ്ങളായി പിരിഞ്ഞു കഴിയുകയാണ് തങ്ങൾ . അതേ അവസ്ഥ തങ്ങളുടെ കുഞ്ഞിനു വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം . എന്നാൽ ഭാവിയിൽ അമേരിക്കയിലേക്ക് തിരിച്ചുപോകാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Leave a Reply