പ്രമുഖ മാധ്യമപ്രവർത്തകൻ റോബർട്ട് ഫിസ്ക് അന്തരിച്ചു

ലണ്ടൻ: പ്രമുഖ മാധ്യമ പ്രവർത്തകനും  ഗ്രന്ഥകാരനുമായ റോബർട്ട് ഫിസ്ക് അന്തരിച്ചു.  74കാരനായ ഫിസ്ക് പെട്ടെന്നുള്ള അസ്വസ്ഥതകൾ കാരണം വെള്ളിയാഴ്ച്ച ലണ്ടനിലെ സെന്റ് വിൻസന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.  ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്.

ലണ്ടനിലെ ഇൻഡിപെൻഡന്റ് പത്രത്തിന്റെ പശ്ചിമേഷ്യാ ലേഖകനായിരുന്ന ഫിസ്ക് പശ്ചിമേഷ്യാ വിഷയങ്ങളിൽ ഏറ്റവും പ്രമുഖനായ മാധ്യമ  വിദഗ്ധനായാണ് അറിയപ്പെട്ടിരുന്നത്.  അൽക്വയിദ നേതാവ് ഉസാമാ ബിൻ ലാദിൻ അടക്കമുള്ള നിരവധി പ്രമുഖരെ അദ്ദേഹം ഇന്റർവ്യൂ ചെയ്യുകയുണ്ടായി. സദ്ദാം  ഹുസൈന്റെ കുവൈറ്റ് ആക്രമണം, ലെബണനിലെ ആഭ്യന്തരയുദ്ധം, സോവിയറ്റ് യൂണിയന്റെ അഫ്‌ഗാൻ ആക്രമണം,  ഇറാനിലെ ഇസ്ലാമിക വിപ്ലവം, ബൽകാൻ മേഖലയിലെ സംഘർഷങ്ങൾ, അറബ് വസന്തം തുടങ്ങി പശ്ചിമേഷ്യയിലെ മിക്കവാറും എല്ലാ സംഭവങ്ങളും അദ്ദേഹം നേരിട്ടു റിപ്പോർട്ട് ചെയ്യുകയുണ്ടായി. പൊതുവിൽ പാശ്ചാത്യ മാധ്യമങ്ങളും ഭരണകൂടങ്ങളും  സ്വീകരിക്കുന്ന ഇസ്‌ലാംഭീതിയുടെ നിലപാടുകളുടെ ശക്തനായ വിമർശകനായിരുന്നു റോബർട്ട് ഫിസ്ക്.

പശ്ചിമേഷ്യൻ വിഷയങ്ങളിൽ മുഖ്യധാരയുടെ നിലപാടുകളിൽ നിന്നു ഭിന്നമായ ഏറ്റവും പ്രമുഖ സ്വരമായിരുന്നു അദ്ദേഹത്തിന്റെത്.  അതേസമയം ഫിസ്‌കിന്റെ പല നിലപാടുകളും വലിയ വിമർശനവും വിളിച്ചുവരുത്തി. സിറിയൻ ഏകാധിപതി ബാഷർ അൽ അസദിനെ പിന്തുണക്കുന്ന അദ്ദേഹത്തിന്റെ സമീപനം പൊതുവിൽ വിമർശനവിധേയമായിരുന്നു.  പശ്ചിമേഷ്യയിലെയും  ആധുനിക കാലത്തെ വിവിധ സംഘർഷമേഖലകളെയും സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 

Leave a Reply