സിറ്റിഗ്യാസ് പദ്ധതി വീടുകളിലേക്ക്; മലബാറിൽ അടുക്കളകളിൽ വിപ്ലവം

കോഴിക്കോട്: ഒരുകുറ്റി ഗ്യാസിനുവേണ്ടി കാത്തുനിന്നു കുടുംബിനികൾ കഷ്ടപ്പെട്ട പഴയ നാളുകൾ ഓർമയാകുന്നു. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായ  സിറ്റിഗ്യാസ് പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ വിവിധ ഗ്രാമങ്ങളിലും നഗരത്തിലും നേരിട്ടു പൈപ്പ് വഴി പ്രകൃതി വാതകം വീടുകളിലെത്തിക്കുന്ന പദ്ധതി ആറുമാസത്തിനുള്ളിൽ നടപ്പിലാവും.

കഴിഞ്ഞ സർക്കാരിന്റെ  കാലത്തു മലബാറിൽ ഇഴഞ്ഞുനീങ്ങിയ ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ നടത്തിപ്പ് ഊർജ്ജിതമായതു പിണറായി വിജയൻ സർക്കാർ 2016ൽ അധികാരത്തിൽ വന്നതോടെയാണ്. കൊച്ചിയിൽ നിന്നും മലബാറിലെ വിവിധ ജില്ലകളിലൂടെ പൈപ്പ്‌ലൈൻ വഴി പ്രകൃതി വാതകം മംഗലാപുരം വരെ എത്തിക്കുന്ന പദ്ധതിയാണിത്.  കർണാടക സംസ്ഥാനത്തെ പ്രവൃത്തി വളരെ നേരത്തെ പൂർത്തിയായിരുന്നു.  കൊച്ചി മുതൽ വടക്കോട്ടുള്ള പൈപ്പിടൽ പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടങ്ങിയെങ്കിലും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില ഗ്രാമങ്ങളിൽ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധം കാരണം പദ്ധതി മുടങ്ങി.  ഭരണ -പ്രതിപക്ഷങ്ങളിലെ പ്രധാന രാഷ്ട്രീയ കക്ഷികൾ പദ്ധതിയെ അനുകൂലിച്ചുവെങ്കിലും എസ്ഡിപിഐ അടക്കമുള്ള ചില കക്ഷികളാണ് പദ്ധതിയെ തടയാൻ മുന്നിൽ നിന്നത്.  സമരം രൂക്ഷമായതോടെ പദ്ധതി മലബാർ പ്രദേശത്തു ഉപേക്ഷിക്കാനുള്ള നീക്കത്തിലായിരുന്നു ഗെയിൽ അധികൃതർ.

എന്നാൽ എൽഡിഎഫ് സർക്കാർ  പദ്ധതി നടത്തിപ്പു ഊർജ്ജിതമാക്കുകയും പ്രാദേശികതല കൂടിയാലോചനകൾ വഴി ജനങ്ങളുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തു. വളരെ ശക്തമായ ജനകീയ പ്രചാരണമാണ് ഇക്കാര്യത്തിൽ ഗ്രാമതലത്തിൽ  നടന്നത്. പൈപ്പ്‌ലൈൻ പോകുന്ന വഴിയിൽ കൃഷി സാധ്യമാവില്ല തുടങ്ങിയ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നു അതിലൂടെ ജനങ്ങൾക്ക് ബോധ്യമായി. നേരത്തെ പദ്ധതിയെ എതിർത്ത പ്രദേശങ്ങളിൽ പോലും അതിനു അനുകൂലമായ നിലപാട് ഉയർന്നു. അതോടെ പൈപ്പിടൽ പ്രവർത്തനം സുഗമമായി പൂർത്തിയായി.

വീടുകളിലേക്കുള്ള  വാതകവിതരണ പരിപാടി ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. താമരശ്ശേരിക്കടുത്തുള്ള ഉണ്ണികുളം ഗ്രാമത്തിലെ മൂന്നു വാർഡുകളിലാണ് ആദ്യമായി  പദ്ധതി നടപ്പിലാക്കുക. അതോടെ പാചകവാതകത്തിനു വേണ്ടിയുള്ള കാത്തിരിപ്പു  അവസാനിക്കും. അതു പൈപ്പിലൂടെ സുഗമമായി ലഭ്യമാകും.  ഇതോടൊപ്പം വാഹനങ്ങൾക്കുള്ള വാതക വിതരണത്തിനുള്ള പരിപാടികളും നടക്കുന്നുണ്ട്. അടുത്ത  മാർച്ചിനകം കോഴിക്കോട് ജില്ലയിൽ മാത്രം 20 വാതക വിതരണ സ്റ്റേഷനുകൾ ആരംഭിക്കും. അദാനി കമ്പനിയാണ് ഗ്യാസ് വിതരണകേന്ദ്രങ്ങൾ നടപ്പിലാക്കുന്നത്.  വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ പ്രകൃതി വാതകത്തിലേക്കു മാറുന്ന പ്രക്രിയ  അതോടെ മലബാറിൽ മുന്നേറുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു

Leave a Reply