കേരളപ്പിറവി ദിനം ഇത്തവണ സിപിഎമ്മിന് മാധ്യമവിരുദ്ധ ദിനം

നവംബർ ഒന്നിനു കേരളത്തിലെ മാധ്യമങ്ങൾക്കെതിരെ പ്രചാരണത്തിന് സംസ്ഥാനമെങ്ങും  കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ നടക്കുന്ന വലതുപക്ഷ  ഗൂഢാലോചനയുടെ സജീവകണ്ണിയായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നതായും അവയുടെ വാർത്താവിന്യാസത്തിലും തലക്കെട്ടുകളിലും ചർച്ചകളിലേക്കു വ്യക്തികളെ ക്ഷണിക്കുന്നതിലും ഓരോരുത്തർക്കും സമയം നൽകുന്നതിലുമൊക്കെ ഇടതുവിരുദ്ധ  പക്ഷപാതം പ്രകടമാണ് എന്നും പാർട്ടി വിലയിരുത്തുന്നു. അതിനാൽ ഇനി മാധ്യമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി അവയെ ചെറുക്കാനാണ് പാർട്ടിയുടെ തീരുമാനം.

മാധ്യമങ്ങളുടെ  പൊതുസ്വഭാവം സംബന്ധിച്ച സിപിഎം വിലയിരുത്തലിൽ ശരിയുണ്ട്. അവ  നിക്ഷേപകരുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് പൊതുവിൽ സ്വീകരിക്കുക. നിക്ഷേപകർ  സോഷ്യലിസ്റ്റ് ചിന്തയും സമസ്തലോകത്തെയും സമുദ്ധരിക്കണമെന്ന ഉദാത്തമായ ആശയങ്ങളുമായി നടക്കുന്ന കൂട്ടരല്ല.  നിക്ഷേപിച്ച പണത്തിനു ലാഭം വേണം; ലാഭം എത്ര കൂടുന്നോ   അത്രയും നല്ലതു എന്നാണവരുടെ ചിന്ത. അതിനാൽ  ഇടതുപക്ഷത്തെ സംബന്ധിച്ച മാധ്യമങ്ങളുടെ നിശിതമായ നിലപാടുകളിൽ പുതുമയൊന്നുമില്ല.  നേരത്തെയും അവ അങ്ങനെത്തന്നെയാണ്;  നേരത്തെയും അവക്കെതിരെ ഇടതുപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ ആദ്യമായാണ് മാധ്യമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ കേരളത്തിൽ ഒരു പാർട്ടി തീരുമാനിക്കുന്നത്. ജനാധിപത്യസമൂഹത്തിൽ അധികാരം കൈകാര്യം ചെയ്യുന്ന പാർട്ടികളെയും വ്യക്തികളെയും കർശനമായ പരിശോധനക്ക് വിധേയമാക്കുകയെന്നത് പൊതു സമൂഹത്തിന്റെ അടിസ്ഥാനപരമായ താല്പര്യമാണ്. അതു എത്ര കർശനമാണോ അത്രയും നല്ലതു എന്നാണ് ജനാധിപത്യസമൂഹത്തിൽ നിലനിൽക്കുന്ന പൊതുകാഴ്ചപ്പാട്. അതായതു  മാധ്യമങ്ങൾ ജനാധിപത്യസമൂഹങ്ങളിൽ ഒരു പ്രതിപക്ഷത്തിന്റെ ചുമതലയാണ് നിർവഹിക്കുന്നത്.  അധികാരത്തിന്റെ  ശീതളഛായയിൽ അടിഞ്ഞുകൂടിയവരെ നിർദാക്ഷിണ്യം വിചാരണ ചെയ്യുകയെന്നതു അവയുടെ ധർമമാണ്. അതിനാൽ ഇപ്പോൾ സിപിഎം കേരളപ്പിറവി ദിനത്തിൽ ആചരിക്കാൻ പോകുന്ന മാധ്യമവിരുദ്ധ ദിനം ആ  പാർട്ടിയുടെയും കേരളത്തിലെ ജനാധിപത്യ സമൂഹത്തിന്റെയും ചരിത്രത്തി‍ലെ ഒരു ദുർദിനമായി അവശേഷിക്കും എന്നു തീർച്ചയാണ്. 

 രസകരമായ കാര്യം, സിപിഎമ്മിന്റെ ഈ തീരുമാനം അച്ചടിച്ചു വന്ന ഇന്നത്തെ പത്രങ്ങളിൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെതായി മറ്റൊരു പ്രസ്താവനയുണ്ട്. അതായതു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി  മുരളീധരൻ മാധ്യമങ്ങൾക്കിടയിൽ പക്ഷപാതപരമായ സമീപനമെടുക്കുന്നു. അദ്ദേഹം ചിലരെ തള്ളുകയും ചിലരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതു  അനീതിയാണ്. അതിനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിന് അദ്ദേഹം പിന്തുണ നൽകുന്നു.

അപ്പോൾ ചോദ്യം മാധ്യമങ്ങൾ ആർക്കെതിരെയാണ് പ്രവർത്തിക്കുന്നത്? ആരെയാണ് അവർ അലോസരപ്പെടുത്തുന്നത്? കേരളത്തിൽ അവർ സിപിഎം നേതാക്കളെയും മന്ത്രിമാരെയും അവരുടെ കുടുംബങ്ങളെയും വേട്ടയാടുന്നതായി പാർട്ടിക്കു പരാതിയുണ്ട്.  കേന്ദ്രത്തിൽ അവർ ബിജെപിക്കാരനായ മുരളീധരനെയാണ് അലോസരപ്പെടുത്തുന്നത്. ഒരുകൂട്ടർ പ്രഖ്യാപിത ഇടതുപക്ഷം;  മറ്റെയാൾ മുരത്ത വലതുപക്ഷം. രണ്ടുകൂട്ടർക്കും  മാധ്യമങ്ങളെപ്പറ്റി പരാതിയുണ്ട്. ഇവിടെയുള്ളവർ മാധ്യമവിരുദ്ധ ജനകീയ മുന്നേറ്റത്തിനു തയ്യാറെടുക്കുന്നു. മറ്റെയാൾ തനിക്കു വേണ്ടപ്പെട്ട മാധ്യമങ്ങളെ  ലാളിക്കുന്നു; അല്ലാത്തവയെ വെയിലത്തു നിർത്തുന്നു.

എന്താണ് ഇരുകൂട്ടരും തമ്മിലുള്ള പൊതുഘടകം?  ഒരുകൂട്ടർ ഇവിടെ ഭരിക്കുന്നു; മറ്റെയാൾ കേന്ദ്രത്തിൽ ഭരിക്കുന്നു. രണ്ടുകൂട്ടർക്കും മാധ്യമങ്ങളെ  സംബന്ധിച്ച പരാതിയുണ്ട്. അതിനു ഒരു കാരണമേയുള്ളു: ഇരുകൂട്ടരും അധികാരം കയ്യാളുന്നു. അധികാരത്തിലിരിക്കുന്നവരെ  നിശിതമായ പരിശോധനക്കും വിമർശനതിനും വിധേയമാക്കാൻ മാധ്യമങ്ങൾ തയ്യാറാവുന്നു.  അതിനാൽ സത്യത്തിൽ മാധ്യമവിമർശനം ഒഴിവാക്കാൻ ഒരു വഴി മാത്രമേയുള്ളു. പഴി കേൾക്കാൻ  ബുദ്ധിമുട്ടുള്ളവർ പൊതുജീവിതം അവസാനിപ്പിക്കുക.  അതിനു എത്രപേർ തയ്യാറാകും? അല്ലെങ്കിൽ ജനാധിപത്യ സമൂഹത്തിലെ അടിസ്ഥാന മര്യാദകളെ അംഗീകരിച്ചു പ്രവർത്തിക്കാൻ തയ്യാറാവുക. സിപിഎമ്മിന് അതു സാധ്യമാകാത്ത കാലത്തോളം ആ പാർട്ടി  തങ്ങളുടെ പ്രതിച്ഛായ മോശമാകുന്നതിന് be backമാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. 

ഇനി ഇപ്പോൾ വന്നിരിക്കുന്ന വിമർശനങ്ങളിൽ എത്രമാത്രം വസ്തുതയുണ്ട് എന്നു പരിശോധിക്കുക.  ഇന്നു എന്റെ മുന്നിലുള്ള മലയാള പത്രങ്ങളിൽ രണ്ടുവാർത്തയാണ് പ്രധാന വാർത്തകളായി കാണുന്നത്. ഒന്ന് മുഖ്യമന്ത്രി  പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം  ശിവശങ്കരന്റെ അറസ്റ്റ്. രണ്ട്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്‌ണന്റെ  മകൻ ബിനിഷിന്റെ അറസ്റ്റ്. രണ്ടും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ആണ്  രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ന്യായമോ അല്ലയോ എന്ന കാര്യം അവിടെ നിൽക്കട്ടെ. ഈ വാർത്തകൾ അവയുടെ പ്രാധാന്യം  പരിഗണിച്ചു പ്രസിദ്ധീകരിക്കുന്നതോ അതു സംബന്ധിച്ച ചർച്ചകൾ നടത്തുന്നതോ എങ്ങനെയാണു പക്ഷപാതപരമായ സമീപനമാകുന്നത്? മാധ്യമങ്ങൾ അതാതവസരങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ മുൻപേജിൽ നൽകാറുണ്ട്; അവ സംബന്ധിച്ചു അഭിപ്രായങ്ങൾ പറയാറുണ്ട്; ചർച്ചകൾ നടത്താറുണ്ട്. അതെല്ലാം ഏതെങ്കിലും അജണ്ടയുടെ അടിസ്ഥാനത്തിൽ ഒരു മാധ്യമ സിണ്ടിക്കേറ്റിന്റെ ഗൂഢാലോചനാ പരിപാടിയാണ് എന്നു ആരോപിക്കണമെങ്കിൽ അസാധാരണമായ തൊലിക്കട്ടി തന്നെ വേണം.

ടിവി ചർച്ചകളുടെ കാര്യമെടുക്കുക. സാധാരണ നിലയിൽ രാഷ്ട്രീയ ചർച്ചകളിൽ ബന്ധപ്പെട്ട പാർട്ടികളുടെ വക്താക്കളെയും രാഷ്ട്രീയ-മാധ്യമ നിരീക്ഷകരെയും പങ്കെടുപ്പിക്കാറുണ്ട്. സിപിഎം അതിനായി ഒരുപറ്റം നേതാക്കളെ തയ്യാറാക്കി നിർത്തിയിട്ടുമുണ്ട്. പക്ഷേ ചർച്ചകൾ ശ്രദ്ധിക്കുന്ന ആർക്കും തിരിച്ചറിയാൻ കഴിയുന്ന ഒരു സത്യമുണ്ട്.സിപിഎം പ്രതിനിധികളായി ചർച്ചകളിൽ വരുന്നവരിൽ പലരും അത്യാവശ്യം വേണ്ട ഗൃഹപാഠം പോലും ചെയ്യാതെയാണ് വിഷയങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നത്.  പൊതുപ്രശ്നങ്ങളിൽ ഇടപെടുന്നവർ വിഷയങ്ങൾ പഠിക്കാൻ തയ്യാറാവണം. അതിനു പകരം ഒരേകാര്യം ചർവിതചർവണം ചെയ്യുകയും ആങ്കറുടെ ചോദ്യങ്ങൾക്കു മറുപടിയായി പുലഭ്യം പറയുകയും എന്നിട്ടു തങ്ങൾക്കു വേണ്ടത്ര സമയം കിട്ടുന്നില്ല എന്നു പരാതി പറയുകയും ചെയ്യുന്നതിൽ ഒരു കാര്യവുമില്ല. കേരളത്തിൽ ഇന്നു മാധ്യമങ്ങൾ നിരീക്ഷിക്കുന്നവർക്കു ബോധ്യമാകുന്ന ഒരു കാര്യം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സത്യസന്ധമായും ഫലപ്രദമായും നേരിടുന്നതിൽ സിപിഎം പ്രതിനിധികൾ താരതമ്യേന പരാജയമാണ് എന്ന വസ്തുതയാണ്. അതിനു  മാധ്യമങ്ങളെയോ ആങ്കർമാരെയോ വിമർശനം ഉന്നയിക്കുന്ന  നിരീക്ഷകരെയോ കുറ്റപ്പെടുത്തിയിട്ടു എന്തുകാര്യം? (ഇതു എഴുതിക്കൊണ്ടിരിക്കുമ്പോൾ സാമൂഹിക ബോധമുള്ള ഒരു കോളേജ്അധ്യാപകൻ ഇപ്പോൾ എന്നെ വിളിച്ചു: “എന്തിനാണ് കഴിഞ്ഞ ദിവസം ഒരു ചാനലിൽ ശിവശങ്കരന്റെ കാര്യം ചർച്ച ചെയ്യുമ്പോൾ സിപിഎം യുവനേതാവായ എംഎൽഎ ഉറക്കെ  പരിഹസിച്ചു ചിരിച്ചു കൊണ്ടിരുന്നത്” എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാനെന്തു മറുപടി പറയാനാണ് ?) 

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി  സിപിഎമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പലപ്പോഴും അഭിപായം പറയാൻ നിർബന്ധിതനാകുന്ന ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. മാധ്യമങ്ങളിൽ ഇടപെടുമ്പോൾ ഏറ്റവും അനിവാര്യമായ പ്രതിപക്ഷ ബഹുമാനം നിലനിർത്തി പെരുമാറാൻ സിപിഎം അതിന്റെ വക്താക്കളെ നിർബന്ധിക്കുന്നില്ല.  വിമർശകരുടെ നിലപാടുകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനു പകരം ഏറ്റവും എളുപ്പമുള്ള പണിയാണ് അവരിൽ പലരും ഏറ്റെടുക്കുക. അതായത്, വിമർശകരെ വ്യക്തിപരമായി കടന്നാക്രമിക്കുക. അവരെ  സമൂഹമധ്യത്തിൽ തേജോവധം ചെയ്യുക.  ഇങ്ങനെ സാമൂഹിക മാധ്യമങ്ങളിലും ടിവി സ്റ്റുഡിയോകളിലും തെരുവോരങ്ങളിലും ഒരുപതിറ്റാണ്ടിലേറെയായി നിരന്തരം പീഡനമേറ്റുവാങ്ങി വരുന്ന സി ആർ നീലകണ്ഠനും ഉമേഷ്ബാബുവും ജോസഫ് സി മാത്യുവും അപ്പുക്കുട്ടൻ വള്ളിക്കുന്നും ഒക്കെ എന്തു പറയുന്നു എന്നല്ല അവർ ചികയുന്നത്. മറിച്ചു അവരെ സിപിഎം  വിരുദ്ധ കോക്കസിന്റെ ഭാഗം മാത്രമായി ചിത്രീകരിക്കാനാണ്‌ എല്ലായ്പ്പോഴും ശ്രമം നടക്കുന്നത്. ഈ ലേഖകനും അത്തരം ആരോപണങ്ങളുടെ ഇരയാണ്. ഇസ്ലാമിക തീവ്രവാദി എന്ന വിശേഷണമാണ് സ്ഥിരമായി എനിക്കു നൽകപ്പെടുന്നത്. എന്നാൽ ഇതു കാണുന്ന ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും സത്യം അതല്ല എന്നു തിരിച്ചറിയാനുള്ള വിവേകമുണ്ട്. ഇങ്ങനെ പൊതുസമൂഹത്തിൽ അവഹേളനവും പീഡനവും ഏറ്റുവാങ്ങുന്ന ഓരോ വ്യക്തിക്കും ഒരു ഭൂതകാലമുണ്ടെന്നും അവർ തങ്ങളുടെ ജീവിതത്തിന്റെ നല്ലകാലം ഇടതുപക്ഷ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരാണ് എന്നും സമൂഹം തിരിച്ചറിയുന്നുണ്ട്. അതായതു  തങ്ങളുടെ വ്യാജോക്തികൾ ഒരുനിലയ്ക്കും അവരെ  സമൂഹമധ്യത്തിൽ ഇടിച്ചുതാഴ്ത്താൻ പ്രയോജനപ്പെടുന്നില്ല എന്നു സിപിഎം മനസ്സിലാക്കണം. നേരെമറിച്ചു ഇത്തരം വ്യാജോക്തികളും വസ്തുതാവിരുദ്ധമായ നിലപാടുകളും ആ പാർട്ടിയെയാണ് ജനമധ്യത്തിൽ അപഹാസ്യമാക്കുന്നത്. മാധ്യമ ങ്ങളെ പാഠം പഠിപ്പിക്കാൻ കേരളപ്പിറവി ദിനത്തിൽ കളത്തിലിറങ്ങുന്ന കോടിയേരിയും സഖാക്കളും തങ്ങളുടെ വാക്കുകൾ എന്തുകൊണ്ടു ജനങ്ങൾ സ്വീകരിക്കുന്നില്ല എന്നു ആലോചിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ ഒരുകാര്യം അവർക്കു ബോധ്യമാകും. വ്യാജോക്തികളും അസഭ്യവചനങ്ങളും അവരെ എവിടെയും എത്തിക്കുകയില്ല.  സത്യത്തെ ഹിരണ്മയ പാത്രം കൊണ്ടു മൂടിവെച്ചാലും അതു പുറത്തേക്കു പ്രസരിക്കും എന്ന ഉപനിഷദ് വചനം എക്കാലത്തും പ്രസക്തമാണ്. 

Leave a Reply