ഇസ്ലാമിന്റെ പേരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം; ഫ്രാൻസും തുർക്കിയും നേർക്കുനേരെ

അങ്കാറ:തുർക്കി പ്രസിഡണ്ട് ഉർദുഗാൻ അടിവസ്ത്രം മാത്രം ധരിച്ചു പർദ്ദാ  ധാരിണിയായ സ്ത്രീയുടെ തുണി പൊക്കിനോക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച ഫ്രഞ്ച് വരിക ഷാർലി ഹെബ്ദോ വീണ്ടും അന്താരാഷ്ട്ര സംഘർഷത്തിനു തിരികൊളുത്തി. നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയുടെ  കാർട്ടൂൺ ഈ വാരിക പ്രസിദ്ധീകരിച്ചതു കടുത്ത സം ഘർഷങ്ങൾക്കു കാരണമായിരുന്നു.

തന്നെ അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ ഫ്രഞ്ച് അധികൃതർ പ്രോത്സാഹനം നൽകുകയാണെന്നും അതിനെതിരെ നിയമപരമായും നയതന്ത്രതലത്തിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്നലെ പ്രസിഡണ്ട് ഉർദുഗാൻ തുർക്കി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങൾ ഇസ്ലാമിക ലോകത്തിനെതിരെ വീണ്ടും ഒരു  കുരിശു യുദ്ധത്തിനു തയ്യാറെടുക്കുകയാണ്. അവർ  മധ്യകാലത്തെ ഇരുണ്ട യുഗങ്ങളിലേക്കു തിരിച്ചു പോകാൻ തയ്യാറെടുക്കുകയാണെന്നും പ്രസിഡണ്ട് ആരോപിച്ചു.

 തന്നെ കളിയാക്കി ഫ്രഞ്ച് വാരിക ഇറക്കിയ കാർട്ടൂൺ താൻ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം  നികൃഷ്ടമായ സൃഷ്ടികൾ കാണുന്നതു തന്നെ തെറ്റാണ്. ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനു ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പിന്തുണ നൽകുകയാണ്. എന്നാൽ ഇസ്ലാമികലോകം അതു  അംഗീകരിക്കുകയില്ലെന്നും ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഫ്രാൻസ് ഇസ്ലാമിനെയോ പ്രവാചകനെയോ  ഇകഴ്ത്താനോ അപമാനിക്കാനോ ഒരു നീക്കവും നടതിയിട്ടില്ലെന്നു ഫ്രഞ്ച് അധികൃതർ അവകാശപ്പെട്ടു.  വിവാദ കാർട്ടൂൺ ഒരു വാരികയുടെ സൃഷ്ടിയാണ്. ഫ്രഞ്ച് നിയമപ്രകാരം മതം അടക്കമുള്ള എല്ലാ കാര്യങ്ങളെയും വിമര്ശിക്കാനുള്ള അവകാശം മാധ്യമങ്ങൾക്കുണ്ട്. മതം  വിമർശനത്തിനു അതീതമാണ് എന്ന നിലപാട് അംഗീകരിക്കാൻ ഫ്രാൻസിനു സാധ്യമല്ല. അതിനാൽ  അതിന്റെ പേരിൽ ആർക്കെതിരെയും നടപടിയെടുക്കാനും സാധ്യമല്ല.

ഫ്രാൻസിൽ ഷാർലി എബ്ദോയുടെ വിവാദ കാർട്ടൂൺ ക്‌ളാസിൽ വിദ്യാർത്ഥികളെ കാണിച്ച  സ്കൂൾ അധ്യാപകനെ കഴിഞ്ഞയാഴ്ച ഒരു വിദ്യാർഥി കഴുത്തറത്തു കൊന്നതു വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണ്.  സാമുവേൽ പതി എന്ന അധ്യാപകനെ സ്കൂളിനടുത്തുവെച്ചു വധിച്ചതു ചെച്നിയയിൽ നിന്നുള്ള കൗമാരക്കാരനായ ഒരു മുസ്ലിം വിദ്യാർത്ഥിയായിരുന്നു. സംഭവത്തെ തുടർന്ന് ഫ്രഞ്ച് പോലീസ് നിരവധി മുസ്ലിം സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയിൽ  എടുക്കുകയും ചെയ്തു. ഇതു മുസ്‌ലിം വിരുദ്ധ വേട്ടയാണെന്നു പല  മുസ്ലിം സംഘടനകളും ആരോപിക്കുകയുണ്ടായി .

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസ് അടക്കം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തുർക്കി, ഇറാൻ, ഈജിപ്ത്   അടക്കമുള്ള മുസ്ലിം രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുകയായിരുന്നു. അതിനിടയിലാണ് പുതിയ ലക്കത്തിൽ ഉർദുഗാനെ കളിയാക്കുന്ന കാർട്ടൂൺ ഷാർലി ഹെബ്ദോ പ്രസിദ്ധീകരിച്ചത്.  നേരത്തെ പ്രവാചക കാര്‍ട്ടൂണ്‍   വിവാദകാലത്തു വാരികയുടെ പത്രാധിപസമിതിയിലെ നിരവധി പേരെ അക്രമികൾ വധിക്കുകയുണ്ടായി.

ഫ്രാൻസിനെതിരെ വിവിധ  മുസ്ലിംരാജ്യങ്ങളിൽ മുസ്ലിം സംഘടനകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെരുവിൽ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് ഉത്പന്നങ്ങൾ നിരോധിക്കാനും  ബഹിഷ്കരിക്കാനുമുള്ള ആഹ്വാനങ്ങളും മുഴങ്ങുന്നുണ്ട്. പല മുസ്ലിംരാജ്യങ്ങളിലും ഷോപ്പിംഗ് മാളുകളിൽ നിന്നു ഫ്രഞ്ച് ഉത്പന്നങ്ങൾ അപ്രത്യക്ഷമായി. അവ   ആക്രമണം ക്ഷണിച്ചു വരുത്തുമെന്ന്‌ കടയുടമകൾ ഭയക്കുന്നു.

ഇത്തരം  നടപടികളുടെ പശ്ചാത്തലത്തിൽ തുർക്കിക്കെതിരെ ഉപരോധ നടപടികൾ ആരംഭിക്കണമെന്ന് യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. നേരത്തെ യൂറോപ്യൻ യൂണിയനിൽ തുർക്കി ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പുതിയ സംഘർഷങ്ങളുടെ സാഹചര്യത്തിൽ തുർക്കി യൂറോപ്യൻ യൂണിയനിൽ നിന്നു അകലുകയും റഷ്യയുമായി അടുക്കുകയുമാണെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply