ഡൽഹി സർവ്വകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തു

ന്യൂദൽഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ ഒന്നായ ഡൽഹി സർവകലാശാലയുടെ വൈസ്  ചാൻസലർ യോഗേഷ് ത്യാഗിയെ സസ്പെൻഡ് ചെയ്തതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ത്യാഗിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യതിലാണ് അദ്ദേഹത്തെ മാറ്റിനിർത്താൻ സർവകലാശാലയുടെ വിസിറ്റർ പദവി വഹിക്കുന്ന പ്രസിഡണ്ട് രാംനാഥ് കോവിദ് അനുമതി നൽകിയതെന്ന് സർക്കാർ അറിയിച്ചു. വൈസ്  ചാൻസലറുടെ ചുമതല വഹിക്കാൻ പ്രൊ വൈസ് ചാൻസലർ പ്രഫ. പി സി ജോഷിയെ നിയോഗിച്ചതായും സർക്കാർ അറിയിച്ചു. സർവ്വകലാശാലയുടെ ഉന്നത പദവികളിലേക്കു എക്സിക്യൂട്ടീവ് കൗൺസിലിനെ മറികടന്നു വൈസ് ചാൻസലർ നടത്തിയ അനധികൃത നിയമനങ്ങളാണ് അദ്ദേഹത്തെ പദവിയിൽ നിന്നു നീക്കാൻ കാരണമായത്.  രജിസ്ട്രാർ പദവിയിലേക്ക് കൌൺസിൽ യോഗതിനു തൊട്ടുമുമ്പ് പ്രഫ. പിസി ജായെ വിസി നിയമിക്കുകയുണ്ടായി. അതേസമയം ആ പദവിയിലേക്ക് സൗത്ത് ക്യാമ്പസ് ഡയറക്റ്റർ സുമനെ താത്കാലികമായി നിയമിക്കാൻ കൗൺസിൽ തീരുമാനിച്ചു. പുതിയ രജിസ്ട്രാറെ നിയമാനുസൃതമായ രീതിയിൽ കണ്ടെത്തുന്നതു വരെ താത്കാലിക സംവിധാനം എന്ന നിലയിലാണ് കൌൺസിൽ ഈ തീരുമാനമെടുത്തത്. എന്നാൽ വിസി അതു  അംഗീകരിക്കാതെ സ്വന്തം ഇഷ്ടപ്രകരം നിയമനം നടത്തുകയായിരുന്നു. ജൂലൈ 17 മുതൽ ആരോഗ്യ കാരണങ്ങളാൽ അവധിയിലുള്ള വിസി നിലവിൽ ചുമതലയുള്ള പിവിസിയെ മറികടന്നു നടത്തിയ നിയമനം ചട്ടങ്ങൾക്ക്  വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി .

Leave a Reply