കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശിന്റെ നേട്ടങ്ങൾ ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടുന്നു

ന്യൂദൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഒമ്പതാം മാസത്തിലേക്കു കടക്കുമ്പോൾ ആമയും മുയലും പന്തയം വെച്ച പഴയ കഥയിലെ അനുഭവമാണ് രാജ്യത്തിനു മുന്നിൽ തെളിഞ്ഞു വരുന്നത്. ആദ്യമാസങ്ങളിൽ പ്രതിരോധ നടപടികളിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ കേരളം രാജ്യത്തു ഏറ്റവും  കൂടുതൽ പ്രതിദിന രോഗബാധയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. തുടക്കത്തിൽ വലിയ ആശങ്ക ഉയർത്തുകയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ഉത്തർപ്രദേശ്, ഡൽഹി,ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ പ്രതിസന്ധിയെ നേരിടുക മാത്രമല്ല, അടച്ചിടൽ അവസാനിപ്പിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ വ്യാപകമായി പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്.

ഇന്ത്യയിൽ ദേശവ്യാപകമായ അടച്ചിടൽ നടപടി മാർച്ച് 24നു പ്രധാനമന്ത്രി  നരേന്ദ്രമോദി പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്ച മുമ്പ് മാർച്ച് 10 മുതൽ കർശനമായ പ്രതിരോധനടപടികൾ ആരംഭിച്ച സംസ്ഥാനമാണ് കേരളം. തുടക്കത്തിൽ രോഗബാധയെ ചെറുക്കുന്നതിൽ സംസ്ഥാനം വലിയ വിജയം നേടിയെങ്കിലും പോരാട്ടം മാസങ്ങൾ പിന്നിട്ടതോടെ സംസ്ഥാനം ഓടിത്തളർന്ന മട്ടിലായി. സാമൂഹിക വ്യാപനം വൻതോതിൽ വർധിച്ചു. ആശുപത്രികളിൽ തിരക്കു കൂടി. ആരോഗ്യപ്രവർത്തകർക്കിടയിലും രോഗം  വ്യാപകമാകാൻ തുടങ്ങി. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം വൻ പ്രതിസന്ധിയിലാണ്. വ്യാപാരമേഖലയും ടൂറിസം, ഹോട്ടൽ  തുടങ്ങിയ പ്രധാന തൊഴിൽമേഖലകളും തകർന്നു.  സ്കൂളുകളും കോളേജുകളും അനിശ്ചിതമായി അടച്ചിട്ടു  കിടക്കുകയാണ്. അതിന്റെ ഒരു സാമൂഹിക പ്രത്യാഘാതമായി  വിദ്യാർത്ഥികൾക്കിടയിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ പ്രവണത ഗുരുതരമായി വർധിച്ചതായി കഴിഞ്ഞ ദിവസം കേരളസർക്കാർ പുറത്തുവിട്ട ഒരു പഠനം പറയുന്നു. കർണാടകം പോലുള്ള മറ്റു ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഇത്തരം  സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ വിദഗ്ധരെ അയക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം,  തുടക്കത്തിൽ ഗുരുതരമായ പ്രതിസന്ധി നേരിട്ട പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ആശ്വാസത്തിന്റെ നിശ്വാസം ഇടാവുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്.  ഉദാഹരണത്തിന് ഉത്തർപ്രദേശ്. കേരളത്തിന്റെ പത്തിരട്ടി വലിപ്പവും ജാനസംഖ്യയുമുള്ള ഈ സംസ്ഥാനം രാജ്യത്തു കൊറോണബാധയുടെ കാര്യത്തിൽ ഏറ്റവും വലിയ ഉത്കണ്ഠ ഉയർത്തിയ പ്രദേശങ്ങളിൽ  ഒന്നായിരുന്നു. ആരോഗ്യസംവിധാനങ്ങളുടെ കുറവും ഭരണസംവിധാനത്തിന്റെ പ്രശ്നങ്ങളും ഗ്രാമതല അധികാരസ്ഥാപനങ്ങളുടെ അപര്യാപ്തിയും ഉത്തർ പ്രദേശിനെ രോഗപ്രതിരോധ പ്രവർത്തനത്തിൽ മുടന്തുന്ന സ്ഥിതിയിലാക്കി. ദിനംപ്രതി ഏറ്റവും കൂടുതൽ രോഗികളെ റിപ്പോർട്ട് ചെയ്യുന്ന  സംസ്ഥാനങ്ങളിൽ മഹാരാഷ്ടയും ഉത്തർപ്രദേശും പോലുള്ള വലിയ സംസ്ഥാനങ്ങൾ തുടക്കത്തിൽ മുന്നിട്ടുനിന്നു.

എന്നാൽ മാസങ്ങൾ നീണ്ട പോരാട്ടത്തിൽ ഈ സംസ്ഥാനങ്ങൾ വമ്പിച്ച പുരോഗതിയും നേട്ടങ്ങളും  കൈവരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.  സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുപ്രകാരം ഇന്നലെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം 4287 ആണ്. അതേസമയം, ഉത്തർപ്രദേശിൽ അതു 1813 മാത്രമാണ്. മഹാരാഷ്ട്രയിൽ 3645, ആന്ധ്രാപ്രദേശിൽ 1901, കർണാടകയിൽ 3130, തമിഴ്നാട്ടിൽ 2708, ഒഡിഷയിൽ 1480. മറ്റു മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ കേസുകൾ വളരെ പരിമിതമാണ്.

പൂജാ അവധിയുമായി  ബന്ധപ്പെട്ടു പരിശോധനയിൽ വന്ന  കുറവു സംസ്ഥാനങ്ങളിലെ രോഗബാധ സംബന്ധിച്ച റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ നിരവധി ആഴ്ചകളിയി പ്രതിദിന രോഗബാധയുടെ കാര്യത്തിൽ ഇതേ അനുപാതം തന്നെയാണ് കാണുന്നത്. കേരളമാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും ഗുരുതര പ്രശ്നമായി നിലനിൽക്കുന്ന പ്രധാന സംസ്ഥാനം. അതിന്റെ  എത്രയോ ഇരട്ടി വലിപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങൾ വളരെ കുറഞ്ഞ രോഗബാധയാണ് റിപ്പോർട്ട് ചെയ്യുന്നത്. അവർ ഇരുണ്ട തുരങ്കത്തിന്റെ അന്ത്യം  കണ്ടു തുടങ്ങിയിരിക്കുന്നു. പുതുവർഷത്തിൽ അവരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും കുതിക്കാൻ തുടങ്ങും. കേരളത്തിന്റെ നിലവിലെ സ്ഥിതി നോക്കിയാൽ വിദ്യാലയങ്ങൾ  തുറക്കലോ വ്യാപാര, തൊഴിൽ മേഖലകളിലെ തിരിച്ചുവരവോ പെട്ടെന്നു സാധ്യമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. മറ്റുള്ളവർ വീണ്ടും സ്വാതന്ത്രത്തിന്റെ പുതുനാളുകളിലേക്കു പ്രവേശിക്കുമ്പോൾ കേരളം ഇരുട്ടിൽ തന്നെ മൂടിപ്പിടിച്ചു കിടക്കും എന്ന സ്ഥിതിയാണ് വരാനിരിക്കുന്നത്.

 എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിനു സത്യസന്ധമായ ഉത്തരം കണ്ടെത്താൻ ഇനിയും സമയമെടുക്കും. ഒരുപക്ഷേ തിരഞ്ഞെടുപ്പുകാലത്തു ഈ വിഷയം ചൂടുള്ള ചർച്ചയാവുന്നതിനാൽ വസ്തുനിഷ്ഠമായ ഒരു  പരിശോധന സാധ്യമാകാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നു എന്നും വരാം.

എന്നാൽ നേരത്തെ പന്തയത്തിൽ   ആമയെപ്പോലെ പിന്നിൽ നിന്ന സംസ്ഥാനങ്ങൾ നേട്ടം കൊയ്തതു കൃത്യമായ നയപരിപാടികൾ  ആവിഷ്ക്കരിച്ചു നടപ്പാക്കിയതിനാലാണ് എന്ന കാര്യം അനിഷേധ്യമാണ്. വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ സാഹചര്യത്തിനു അനുസൃതമായ നയപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. അതിൽ ഉത്തർപ്രദേശിന്റെ വമ്പിച്ച നേട്ടത്തിനു കളമൊരുക്കിയ നയങ്ങൾ ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശം നേടിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഉത്തർപ്രദേശിൽ രണ്ടുലക്ഷത്തിലേറെ രോഗലക്ഷണമുളളവരെ കണ്ടെത്തി മുൻകൂട്ടി ചികിത്സ നല്കാൻ യുപി സർക്കാരിനു കഴിഞ്ഞു എന്നാണ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ റീജിയൺ ഡയറക്ടർ പൂനം ഖേത്രപാൽ സിങ് ഒരു അവലോകനറിപ്പോർട്ടിൽ പറയുന്നത്. അതിനായി സംസ്ഥാനത്തെ പോളിയോ പ്രതിരോധ പ്രവർത്തനങ്ങളുടെ ഗ്രാമതല സംവിധാനങ്ങളെയാണ് സർക്കാർ ഉപയോഗപ്പെടുത്തിയത്. ഗ്രാമങ്ങളിൽ നിലവിലുള്ള പോളിയോ പ്രതിരോധ സംവിധാനം നേരത്തെതന്നെ ഗ്രാമീണരുമായി നിരന്തര സമ്പർക്കത്തിലായിരുന്നു. അവർ വീടുതോറും സഞ്ചരിച്ചു ഗ്രാമങ്ങളിൽ കോവിഡ് റാപ്പിഡ് ടെസ്റ്റുകൾ നടത്തുകയും പനി പോലെയുള്ള രോഗലക്ഷണമുളളവരെ കണ്ടെത്തി കോവിഡ് ക്ളസ്റ്ററുകൾ രൂപം കൊള്ളുന്നതു തടയുകയുമുണ്ടായി. ഇത്തരം പ്രവർത്തനങ്ങൾ   വഴി സംസ്ഥാനത്തെ 75 ജില്ലകളിലായി 20.8 കോടി ജനങ്ങളെ രോഗലക്ഷണ പരിശോധനക്കു വിധേയമാക്കാൻ യുപി സർക്കാരിനു കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ടെസ്റ്റുകൾ പരിമിതമാക്കി നിർത്തി രോഗംവ്യാപനം സംബന്ധിച്ച കണക്കുകളിൽ മായം ചേർത്ത സംസ്ഥാനങ്ങൾ കുഴപ്പത്തിൽ   ചെന്നുചാടി. കാരണം ഒളിച്ചുവെച്ച രോഗം കൂടുതുറന്നു പുറത്തു ചാടി. കാര്യങ്ങളെ നേരെചൊവ്വേ നേരിടാനായി ശ്രമം നടത്തിയ  സംസ്ഥാനങ്ങൾ അന്തിമ വിജയം കൊണ്ടുപോകുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ രാജ്യത്തു കാണുന്നത്. 

Leave a Reply