സാമ്പത്തിക സംവരണം: സർക്കാർ നീക്കത്തെ ചെറുക്കാൻ ലീഗിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം

കോഴിക്കോട്: സംസ്ഥാനത്തു മുന്നോക്കസമുദായക്കാർക്കു പത്തു ശതമാനം സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ അനുവദിച്ച എൽഡിഎഫ് സർക്കാർ നീക്കത്തെ ചെറുക്കാൻ മുസ്ലിംലീഗിന്റെ  നേതൃത്വത്തിൽ പിന്നാക്ക സമുദായങ്ങളുടെ പ്രസ്ഥാനം  രൂപപ്പെടുന്നു. ബുധനാഴ്ച ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനായി എറണാകുളത്തു വിവിധ പിന്നാക്ക സമുദായ സംഘടനകളുടെ യോഗം വിളിച്ചുചേർക്കാൻ ഇന്നലെ  മലപ്പുറത്തു പാണക്കാട്ടു ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ സംഘടിപ്പിച്ച മുസ്ലിം സംഘടനാ യോഗത്തിൽ നിശ്ചയിച്ചു.

അതേസമയം, സംസ്ഥാന സർക്കാർ മുന്നോക്ക സംവരണം  സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം ഇന്നലെ ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിച്ചു. 2020  ഒക്ടോബർ 23 മുതൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും പത്തുശതമാനം സീറ്റുകൾ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് നീക്കിവെക്കുമെന്നാണ് വിജ്ഞാപനം പറയുന്നത്. പിഎസ്‌സി ചട്ടങ്ങളിൽ ഇതു സംബന്ധിച്ച മാറ്റങ്ങൾ ഉടൻ നടപ്പിൽ വരും.

കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ സംവരണ നിയമത്തിൽ മാറ്റം വരുത്തിയത്. ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയുടെ  പരിഗണനയിലാണ്. അതിൽ തീരുമാനം വരുന്നതുവരെ  കേരളസർക്കാർ  വിജ്ഞാപനം നിർത്തിവെക്കണമെന്നു മലപ്പുറത്തു ചേർന്ന യോഗം ആവശ്യപ്പെട്ടു.  ജനസംഖ്യയിൽ പത്തുശതമാനം മാത്രമുള്ള മുന്നോക്കക്കാർക്ക് പരമാവധി സംവരണമായ പത്തുശതമാനം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് .അതേസമയം, ഈഴവ – തിയ്യ, മുസ്ലിം തുടങ്ങിയ ജനസംഖ്യയിൽ വളരെ കൂടുതലുള്ള സമുദായങ്ങൾക്കും അതേ പരിഗണന മാത്രമാണ് ലഭിക്കുന്നത്. ഇപ്പോൾത്തന്നെ സർക്കാർ സർവീസിൽ മുന്നോക്ക സമുദായങ്ങൾ തങ്ങളുടെ ജനസംഖ്യാ അനുപാതത്തേക്കാൾ മൂന്നും നാലും ഇരട്ടി പദവികൾ കൈവശം വെക്കുന്നുണ്ട്. പിന്നാക്കാർക്കാവട്ടെ, തങ്ങൾക്കു അർഹതയുള്ള പദവികൾ പോലും കിട്ടുന്നുമില്ല. അതിനാൽ സർക്കാർ സർവീസിലെ വിവിധ സമുദായങ്ങളുടെ യഥാർത്ഥ പ്രാതിനിധ്യം സംബന്ധിച്ച കൃത്യമായ കണക്കെടുപ്പു നടത്തണമെന്നും സംവരണം ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസലിയാർ അധ്യക്ഷത വഹിച്ചു. വിവിധ മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. എറണാകുളം  യോഗത്തിൽ ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളിലെ സംവരണത്തിനു അർഹതയുള്ള സമുദായങ്ങളുടെ സംഘടനാനേതാക്കളും പങ്കെടുക്കുമെന്നു നേതാക്കൾ യോഗത്തിനു ശേഷം വ്യക്തമാക്കി. സംവരണ വിഷയത്തിൽ ലീഗ് അടക്കമുള്ള മുസ്ലിം, പിന്നാക്ക സംഘടനകളുമായി ചേർന്നു പ്രക്ഷോഭം നടത്തുമെന്നു കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗനേതൃത്വവും പ്രഖ്യാപിച്ചിരുന്നു.  എറണാകുളം യോഗത്തിൽ എസ്എൻഡിപി യോഗം, ദളിത് സംഘടനകൾ,  ലത്തീൻ  കത്തോലിക്കാ സംഘടനകൾ, നാടാർ സമുദായം, വണിക – വൈശ്യ സമുദായം,  അരയ സമുദായം തുടങ്ങിയ വിവിധ സമുദായ സംഘടനാ നേതാക്കൾ പങ്കെടുക്കുന്നുണ്ട്

Leave a Reply