മുംബൈ പോലിസിൽ കലാപത്തിന് ആഹ്വാനം; റിപ്പബ്ളിക് ടിവിക്കെതിരെ കേസെടുത്തു

മുംബൈ: മുംബൈ  പോലീസ് കമ്മിഷഷണർക്കെതിരെ പോലീസ്‌ സേനയിൽ കടുത്ത എതിർപ്പു ഉയരുന്നതായും സേനയിൽ കലാപ സൂചനകളുണ്ടെന്നും റിപ്പോർട്ട് നൽകിയ റിപ്പബ്ലിക് ടിവി ന്യൂസ് ഡെസ്കിലെ ഉന്നതർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു.  മുംബൈ പോലീസ് കമ്മീഷണർക്കെതിരെ ഏതാനും ദിവസമായി നിരന്തരം വാർത്തകൾ പുറത്തുവിടുന്ന റിപ്പബ്ലിക് ടിവി സേനയിൽ കലാപാന്തരീക്ഷമുണ്ടെന്നു വ്യാഴാഴ്ചയാണ് വാർത്ത പുറത്തു വിട്ടത്.

മാധ്യമരംഗത്തെ സംഘപരിവാര മുഖങ്ങളിൽ പ്രമുഖനായ അർണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരും തമ്മിൽ ഏതാനും ആഴ്ചകളായി നടക്കുന്ന ഏറ്റുമുട്ടലിലെ പുതിയ അധ്യായമാണ് തീവ്ര വലതുപക്ഷ നയങ്ങൾ പ്രചരിപ്പിക്കുന്ന ചാനലും മുംബൈ പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ കാണുന്നത്. മഹാരാഷ്ട്രയിൽ നേരത്തെ ബിജെപി സഖ്യകക്ഷിയായിരുന്ന ശിവസേന എൻസിപി, കോൺഗ്രസ്സ് പാർട്ടികളുമായി ചേർന്ന് സംസ്ഥാനത്തു ഭരണം പിടിച്ചശേഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും സർക്കാരിനെയും ലക്ഷ്യംവെച്ചു ചാനൽ നിരന്തരം വാർത്തകൾ പടച്ചുവിടുന്നതായി ആരോപണമുണ്ടായിരുന്നു.

അതിനിടയിൽ ചാനൽ റേറ്റിംഗിൽ തട്ടിപ്പു നടത്താൻ റിപ്പബ്ലിക് ടിവി അധികൃതർ കൈക്കൂലി നൽകിയതായും റേറ്റിംഗിൽ അട്ടിമറി നടത്തിയതായും മുംബൈ പോലീസ്  കണ്ടെത്തി ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബ്രോഡ്കാസ്റ്റിംഗ് ഓഡിയൻസ് റിസർച് സെന്റർ (ബാർക്)എന്ന സ്ഥാപനമാണ് ചാനൽ പരിപാടികളുടെ  പ്രേക്ഷക സ്വീകാര്യത സംബന്ധിച്ച വിവരങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. അതിനായി അവർ വിവിധ കേന്ദങ്ങളിൽ വീടുകളിൽ ടിവി സെറ്റുകളുമായി ബന്ധപ്പെടുത്തി മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ കൃത്രിമം നടത്തി  തങ്ങളുടെ പരിപാടികളുടെ റേറ്റിംഗ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഗൂഢാലോചന നടത്തുകയും പലർക്കും കൈക്കൂലി നൽകുകയും ചെയ്തു എന്നാണ് മുംബൈ പോലീസ് ചാർജ് ചെയ്ത കേസിൽ പറയുന്നത്. ഈ സംഭവത്തെക്കുറിച്ചു മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് മാധ്യമങ്ങളെ അറിയിച്ച ശേഷമാണ് ചാനൽ അദ്ദേഹത്തിനെതിരെ സേനയിൽ രൂക്ഷമായ പ്രതിഷേധം നിലനില്കുന്നതായും സേനയിൽ ഗുരുതരമായ കലാപാന്തരീക്ഷമുണ്ടെന്നും വ്യാഴാഴ്ച വാർത്ത നൽകിയത്. ഇതു തികഞ്ഞ വ്യാജവാർത്തയും സേനയിൽ ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവമായ നീക്കവുമാണെന്നു മുംബൈ പോലീസ് റിപ്പബ്ലിക്ടിവിക്കെതിരെ  ഇന്നലെ ചാർജ് ചെയ്ത കേസിൽ പറയുന്നു. 

മുംബൈ പോലീസിന്റെ സോഷ്യൽ മീഡിയ ലാബിലെ സബ് ഇന്സ്പെക്റ്റർ ശശികാന്ത് പവാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എൻ എം ജോഷിമാർഗ് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കേസടുത്തിരിക്കുന്നത്. കേസിലെ പ്രതികളായി എഫ്‌ഐആറിൽ കാണിച്ചിരിക്കുന്നത്  റിപ്പബ്ലിക് ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സാഗരിക മിത്ര, സീനിയർ അസ്സോസിയേറ്റ് എഡിറ്ററും ആങ്കറുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റർ ഷവാൻ സെൻ, എക്സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായൻസ്വാമി തുടങ്ങിയ ചാനലിലെ പ്രധാന മാധ്യമപ്രവർത്തകരെയാണ്. നിരന്തരമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ആരോപണം നേരിടുന്ന ഒരു മാധ്യമസ്ഥാപനവും മുംബൈ പോലീസും  തമ്മിൽ ആരംഭിച്ചിരിക്കുന്ന ഏറ്റുമുട്ടൽ മാധ്യമമേഖലകളിൽ വലിയ കൗതുകമാണ് ഉയർത്തിയിരിക്കുന്നത്‌. 

Leave a Reply