depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp മുന്നോക്ക സംവരണം:സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു – Janashakthi Online

മുന്നോക്ക സംവരണം:സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു

കോഴിക്കോട്: ഇന്നലെ സംസ്ഥാന ക്യാബിനറ്റ് അംഗീകാരം കൊടുത്ത മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച തീരുമാനത്തിൽ വിവിധ സർക്കാർ പിന്നാക്ക-ദളിത്-ന്യൂനപക്ഷ സമുദായ സംഘടനകളും നേതാക്കളും കടുത്ത ആശങ്കയും പ്രതിഷേധവും ഉയർത്തുകയാണ്.

മലബാറിൽ സംവരണ വിഷയത്തിൽ വിവിധ പിന്നാക്ക സമുദായ സംഘടനകൾ ഒന്നിച്ചുള്ള പ്രക്ഷോഭത്തിനും നിയമനടപടികൾക്കും ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച ആലോചനായോഗങ്ങളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, ദളിത് പ്രസ്ഥാനങ്ങൾ,  മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി, മുസ്ലിം എംപ്ലോയീസ് സംഘടനയായ മെക്ക തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കൾ പങ്കെടുത്തിട്ടുണ്ട്.  സംവരണത്തിൽ കേരളസർക്കാർ പ്രഖ്യാപിച്ച ചട്ട ഭേദഗതികൾ  പിന്നാക്ക സമുദായങ്ങൾ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് സംഘടനാ നേതാക്കൾ പൊതുവിൽ അഭിപ്രായപ്പെടുന്നത്.

മുന്നോക്ക സമുദായങ്ങളിലെ  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം എന്നാണ് സർക്കാരിന്റെ പുതിയ നിയമ ഭേദഗതിയിൽ പറയുന്നത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന നാൾ മുതൽ പുതിയ ഭേദഗതി പ്രാബല്യത്തിലാവുമെന്നും ഇന്നലെ സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

നിലവിൽ സംവരണ സമുദായങ്ങൾക്കായി സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും 50 ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്.   ബാക്കി 50 ശതമാനം ഓപ്പൺ ക്വാട്ട എന്ന പേരിൽ തുറന്ന മത്സരത്തിലൂടെ വിതരണം ചെയ്യപ്പെടുന്നു. ഇതിൽ പത്തുശതമാനം ഇനി മുന്നോക്കക്കാർക്കായി സംവരണം ചെയ്യുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിഷയം പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് കെ ശശിധരൻ നായർ  കമ്മീഷന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ കൊണ്ടുവന്ന നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് കേരള സർക്കാരിന്റെ തീരുമാനം. പാർലമെന്റ് പാസ്സാക്കിയ ഭേദഗതി പ്രകാരം നിലവിലെ സംവരണത്തിനു പുറത്തു പത്തുശതമാനം വരെ സീറ്റുകൾ മുന്നോക്കക്കാർക്കിടയിലെ ദരിദ്രർക്കായി സംവരണം ചെയ്യാവുന്നതാണ്. കേന്ദ്ര  സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലുകളിലും ഇതു ബാധകമാകും. അതേസമയം ഇതു സംസ്ഥാനങ്ങൾ നിർബന്ധിതമായി നടപ്പാക്കേണ്ടതില്ല എന്നാണ് കേന്ദ്രനയം പറയുന്നത്.

കേന്ദ്രത്തിന്റെ ഭരണഘടനാ  ഭേദഗതിയെ തമിഴ്നാട് സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലും ഭേദഗതിക്കെതിരായ കേസ്  നിലവിലുണ്ട്. എന്നാൽ ഭേദഗതി നടപ്പാക്കുന്നതിനു സുപ്രീം കോടതി സ്റ്റേ നൽകിയിട്ടില്ല. അതിനാൽ കേന്ദ്രവും  ഗുജറാത്ത്‌, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഭേദഗതി പ്രകാരം മുന്നോക്കസമുദായ സംവരണം നടപ്പിലാക്കാൻ നടപടി എടുത്തുവരുന്നുണ്ട്. കേരളവും ഇന്നലെ അംഗീകരിച്ച നിയമനടപടിയിലൂടെ അതു നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

എന്നാൽ ഇതു സംവരണത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യുന്ന നീക്കമാണെന്നും അതിനെ നിയമപരമായും രാഷ്ട്രീയമായുംചെറുത്തില്ലെങ്കിൽ ഭവിഷ്യത്തു ഗുരുതരമായിരിക്കുമെന്നും വിവിധ സംഘടനകളുടെ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനായി വിവിധ സംഘടനകളുടെ കോഓർഡിനേഷൻ സമിതി രൂപീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സാമ്പത്തിക മാനദണ്ഡം സംവരണത്തിനു  അടിസ്ഥാനമാക്കുന്നതു  നീതീകരിക്കാനാവില്ല എന്നാണ് അതിനെ എതിർക്കുന്ന സംഘടനകൾ പറയുന്നത്.സാമൂഹികവും വിദ്യാഭ്യാസപരവുമായ അവശതകളും സാമ്പത്തികമായ പ്രശ്നങ്ങളും കൂട്ടികുഴയ്ക്കുന്നതു ശരിയായ സമീപനമല്ല എന്നാണ് അവരുടെ  വാദം. 

Leave a Reply