കേരളത്തിൽ സംവരണ അട്ടിമറി നീക്കങ്ങൾ നടക്കുന്നതായി സംവരണ സമുദായ സംഘടനകൾ

കോഴിക്കോട്:മുന്നോക്ക സമുദായങ്ങളിലെ  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം എന്ന ഭരണഘടനാ  ഭേദഗതി നിർദേശത്തിന്റെ മറവിൽ കേരളത്തിൽ നിലനിൽക്കുന്ന പിന്നാക്ക സമുദായ സംവരണങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി വിവിധ പിന്നാക്ക, ദളിത്, ന്യൂനപക്ഷ സമുദായ സംഘടനകൾ ചൂണ്ടിക്കാട്ടി.

മുന്നോക്കക്കാർക്ക്  പുതിയ ഭരണഘടനാ  ഭേദഗതി വഴി പത്തുശതമാനം സംവരണം നൽകേണ്ടത് നിലവിലെ സംവരണത്തിൽ നിന്നല്ല. മറിച്ചു  സംവരണത്തിനു പുറത്തുള്ള സീറ്റുകളിൽ നിന്നാണ്. ഭരണഘടന പ്രകാരം അമ്പതു ശതമാനമാണ് സംവരണമായി നല്കുന്നത്. അതിനു  പുറത്തുള്ള ബാക്കി 50 ശതമാനം ഓപ്പൺ ക്വാട്ടയിൽ നിന്നു 10ശതമാനം നൽകുന്നതിനു പകരം മുഴുവൻ സീറ്റുകളും കണക്കാക്കി അതിൽ നിന്നും പത്തുശതമാനം മുന്നാക്കക്കാർക്കു സംവരണം ചെയ്യാനാണ് കേരള സർക്കാർ നീക്കം നടത്തുന്നത്. അതായതു കേന്ദ്രസർക്കാർ  ഉദ്ദേശിച്ചതിലും ഇരട്ടി സീറ്റുകൾ സംവരണമായി ആ വിഭാഗത്തിനു നൽകും. അതിൽ പകുതിയും ഇപ്പോൾ സംവരണ സമുദായങ്ങൾക്ക്‌ ലഭ്യമാകുന്ന സീറ്റുകളിൽ നിന്നു തട്ടിയെടുക്കാനാണ് കേരള സർക്കാർ ശ്രമം നടത്തുന്നത്. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത് ക്യാബിനറ്റിന്റെ പരിഗണനയിലാണെന്നും ഇന്നലെ നടന്ന യോഗത്തിൽ വിവിധ സമുദായ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടി.

ജമാഅത്തെ ഇസ്ലാമി കേരളാ ഘടകത്തിന്റെ അഭിമുഖ്യത്തിൽ വിഷയം ചർച്ച ചെയ്യാനായി  ചൊവ്വാഴ്ച വൈകിട്ടു ഓൺലൈനിൽ ചേർന്ന യോഗം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ ഉത്ഘാടനം ചെയ്തു. ഡോ.  നീലലോഹിതദാസൻ നാടാർ, പി മുജീബ്‌റഹ്മാൻ, കെ   അംബുജാക്ഷൻ, ഡോ .,ഫസൽ ഗഫൂർ, കെ കെ കൊച്ചു്, വി ആർ ജോഷി, എൻ പി   ചെക്കുട്ടി, സമദ്  കുന്നക്കാവ്, എൻ കെ അലി തുടങ്ങിയവർ സംസാരിച്ചു.

 സംവരണത്തിൽ പിന്നാക്കക്കാർ അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങൾ എടുത്തുമാറ്റാനുള്ള നീക്കത്തെ എല്ലാ സംവരണ സമുദായ പ്രസ്ഥാനങ്ങളും ഒന്നിച്ചു നിന്നു ചെറുത്തു തോല്പിക്കണമെന്നു മലപ്പുറത്തു സംവരണ സമുദായ മുന്നണി നേതാക്കൾ ഇന്നലെ പത്രസമ്മേളനത്തിൽ  ആവശ്യപ്പെട്ടു. മുസ്ലിംലീഗ് നേതാക്കളായ എൻ സൂപ്പി, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.  

Leave a Reply