അമേരിക്കയിൽ മുൻകൂർ വോട്ടിങ്ങിൽ വലിയ മുന്നേറ്റം; മൂന്നുകോടി വോട്ടർമാർ ഇതിനകം വോട്ടുചെയ്തു
ന്യൂയോർക്ക്: നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക് നേരത്തെ തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഇത്തവണ വൻതോതിൽ ഉപയോഗിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാർക്ക് നേരത്തെ വോട്ടു ചെയ്യാനായി ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ മൂന്നുകോടി വോട്ടുകൾ ചെയ്യപ്പെട്ടതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. 2016ൽ വോട്ടെടുപ്പിന്റെ ഈ ഘട്ടത്തിൽ 60 ലക്ഷം വോട്ടർമാർ മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. പല സംസ്ഥാനങ്ങളിലും ഇന്നലെ ബൂത്തുകളിൽ വലിയ തിരക്കു അനുഭവപ്പെട്ടതായി മാധ്യമങ്ങൾ പറഞ്ഞു .
തിരഞ്ഞെടുപ്പിന് ഇനിയും രണ്ടാഴ്ച ബാക്കിയുണ്ടെങ്കിലും ഇത്തവണ മിക്ക വോട്ടർമാരും നേരത്തെ വോട്ടു ചെയ്യാൻ താല്പര്യം കാണിക്കുന്നതിനു രണ്ടു കാരണങ്ങളാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമത് , കോവിഡ് രോഗബാധ കാരണം അന്തിമ നിമിഷ ത്തിലെ തിരക്കു ഒഴിവാക്കാനുള്ള താല്പര്യം. രണ്ടു, മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി വോട്ടർമാരെ ആഭ്യന്തര വിഷയങ്ങളും സാമ്പത്തിക പ്രശ്നങ്ങളും നേരിട്ട് കൂടുതൽ ബാധിക്കുന്ന അവസ്ഥ. ഇത്തവണ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും കോവിഡ് അടച്ചിടൽ കാരണമുണ്ടായ വലിയ തൊഴിൽ നഷ്ടവും കോവിഡ് ദുരന്തം കാരണം ഉണ്ടായ കനത്ത ആൾനാശവും തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായ വിഷയങ്ങളാണ്.
ഇത്തരം വിഷയങ്ങൾ മത്സരത്തിൽ പ്രധാനമായി വരുന്നത് നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനു ദോഷമായി ബാധിക്കും എന്ന വിലയിരുത്തലാണ് പൊതുവിൽ നിരീക്ഷകർ പങ്കുവയ്ക്കുന്നത് . ഈ വ്യാഴാഴ്ച രണ്ടു സ്ഥാനാർത്ഥികളും തമ്മിലുള്ള അവസാനവട്ട ടെലിവിഷൻ ചർച്ച നടക്കുകയാണ്. അതിൽ ആഭ്യന്തര വിഷയ ങ്ങൾക്കാണ് മുൻഗണനയെന്നു ഡിബേറ്റ് ആങ്കർ നിശ്ചയിച്ചിട്ടുണ്ട്. അതിൽ ട്രംപിന്റെ പക്ഷം പ്രതിഷേധം പ്രകടിപ്പിച്ചു. ആങ്കർ പക്ഷം ചേർന്നു പ്രവർത്തിക്കുകയാണ് എന്നാണ് ട്രംപ് ക്യാമ്പയ്‌ൻ മാനേജർ സ്റെപ്പിൻ ആരോപിച്ചത്. എന്നാൽ വിഷയം തീരുമാനിക്കാനുള്ള അവകാശം ആങ്കറുടെതാണ് എന്നു ഇരുപക്ഷവും നേരത്തെ അംഗീകരിച്ചതാണ് എന്ന് ബൈഡൻ പക്ഷം ചുണ്ടിക്കാട്ടി. സെപ്റ്റംബർ 29 നു നടന്ന ആദ്യ ചർച്ച വലിയ വാഗ്‌വാദത്തിലും ബഹളത്തിലുമാണ് കലാശിച്ചത്. അതിനുശേഷം കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാംവട്ട ചർച്ച ഉപേക്ഷിക്കുകയായിരുന്നു. ട്രംപിനു കോവിഡ് ബാധിച്ചതിനാൽ ചർച്ച ഓൺലൈൻ വഴിയാക്കണം എന്ന നിർദേശം ട്രംപ് തള്ളുകയായിരുന്നു. ഒക്ടോബർ 23നു നടക്കുന്ന അവസാന വട്ട ചർച്ച നയിക്കുന്നത് എൻബിസി വാർത്താചാനലിന്റെ ലേഖിക ക്രിസ്റ്റീൻ വെൽക്കറാണ്. അവർ ഡെമോക്രാറ്റിക് പക്ഷപാതിയാണെന്നാണ് ട്രംപ് പക്ഷം ആരോപിക്കുന്നത്.