ചരക്കു സേവന നികുതിയിൽ സെസ്സ് 2026 വരെ തുടരുമെന്നു ധനകാര്യ കമ്മിഷൻ അധ്യക്ഷൻ

ന്യൂദൽഹി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിനെ തുടർന്നു സംസ്ഥാനങ്ങൾ  നേരിട്ട വില്പന നികുതി വരുമാനനഷ്ടം നികത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രം നൽകിവരുന്ന നഷ്ടപരിഹാരം വീഴ്ചയില്ലാതെ തുടരുന്നതിനു നടപടി എടുക്കുമെന്ന് കേന്ദ്ര ധനകാര്യ  കമ്മീഷൻ ചെയർമാൻ എൻ കെ സിങ്  വ്യക്തമാക്കി. ഈ  ആവശ്യത്തിനുള്ള ധനസമാഹരണത്തിനായി നിലവിൽ ചുമത്തി വരുന്ന അധിക സെസ്സ് 2025-26 ധനകാര്യവർഷം വരെ തുടരുമെന്നും ദി ഹിന്ദു പത്രത്തിനു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു.

 ജിഎസ്‌ടി ഇനത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ചു കേന്ദ്ര ധനകാര്യവകുപ്പും വിവിധ സംസ്ഥാനങ്ങളും തമ്മിൽ  കടുത്ത ഭിന്നത നിലനിൽക്കുന്ന അന്തരീക്ഷത്തിലാണ് ധനകാര്യകമ്മിഷൻ  അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്. ജിഎസ്‌ടി നടപ്പിലാക്കുന്ന ആദ്യത്തെ അഞ്ചു വർഷങ്ങളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകും എന്ന വ്യവസ്ഥയാണ് ജിഎസ്‌ടി കൌൺസിൽ അംഗീകരിച്ചത്. എന്നാൽ ഈ വർഷം മാർച്ച് മുതൽ കോവിഡ് അടച്ചിടൽ കാരണം നികുതി വരുമാനത്തിൽ അതി ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. അതേത്തുടർന്ന്   കേന്ദ്രത്തിനു സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരത്തുക നല്കാൻ  കഴിയില്ലെന്നും പകരം ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്കു വായ്പയായി സ്വീകരിക്കാൻ കേന്ദ്രം ജാമ്യം നിൽക്കാമെന്നുമാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സംസ്ഥാനങ്ങളെ അറിയിച്ചത്. ഇതു സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ വലിയ സംഘർഷങ്ങൾക്ക് കാരണമായി.  കേരളമടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ കേന്ദ്രനിർദേശത്തെ എതിർത്തു. സംസ്ഥാനങ്ങൾ വായ്പ വാങ്ങുന്നതിനു പകരം കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യണം എന്നാണ് കേരളാ ധനമന്ത്രി ഡോ .തോമസ് ഐസക് അടക്കമുള്ള മന്ത്രിമാർ ആവശ്യപ്പെട്ടത്. അതിനായി സുപ്രീം കോടതിയെ സമീപിക്കാനും അവർ തീരുമാനിച്ചു. 

അതോടെ കേന്ദ്രസർക്കാർ നിലപാട് മാറ്റി. സംസ്ഥാനങ്ങൾക്കു  നഷ്ടപരിഹാരം  നൽകാനുള്ള തുക കണ്ടെത്താൻ കേന്ദ്രം വായ്പ വാങ്ങുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ള കുടിശിക 1.35  ലക്ഷം കോടി രൂപയാണെന്നു കണക്കാക്കിയിട്ടുണ്ട്. അതിൽ അടിയന്തിരമായി നൽകാനുള്ള തുകയായ 1.1  ലക്ഷം കോടി രൂപയാണ് കേന്ദ്രം ഇപ്പോൾ വായ്പയായി സംഭരിക്കുന്നത്. ഈ തുക വിതരണം ചെയ്യുന്നതോടെ ജിഎസ്‌ടി  നഷ്ടപരിഹാരം  ഇനത്തിൽ സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട തുകയിൽ 90 ശതമാനവും വിതരണം ചെയ്യാനാകും.

കേന്ദ്രത്തിന്റെ നിലപടുമാറ്റത്തെ വിവിധ  സംസ്ഥാനങ്ങൾ സ്വാഗതം ചെയ്‌തിട്ടുണ്ട്. ബിജെപിയും സഖ്യകക്ഷികളും  ഭരിക്കുന്ന 21 സംസ്ഥാനങ്ങൾ  മുൻ നിർദേശപ്രകാരം വായ്പ വാങ്ങാനുള്ള നടപടികൾക്ക് സന്നദ്ധരായ  ഘട്ടത്തിലാണ് കേന്ദ്രം വീണ്ടും നിലപാട് മാറ്റിയത്. ഇതു തങ്ങൾ ഉയർത്തിയ ശക്തമായ സമമർദ്ദത്തിന്റെ  ഫലമാണെന്ന് ഡോ .തോമസ് ഐസക് പ്രസ്താവിച്ചു.

എന്താണ് നിലപാടുമാറ്റത്തിനു കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ  പ്രേരിപ്പിച്ചത് എന്ന വിഷയം സാമ്പത്തിക  പണ്ഡിതന്മാരും  മാധ്യമങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഏഴുമാസം മുമ്പുതന്നെ കേന്ദ്ര സർക്കാരിന്റെ മുന്നിൽ ഇത്തരമൊരു നിർദേശം വിവിധ സംസ്ഥാനങ്ങൾ  വെച്ചതാണെന്നു ദി ഹിന്ദു ഇന്ന് എഴുതിയ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പക്ഷേ കേന്ദ്ര ധനകാര്യ മന്ത്രാലയം അതു  പരിഗണിക്കാൻ തയ്യാറായില്ല. ഇപ്പോൾ അവർ പറയുന്ന ന്യായം വിവിധ സംസ്ഥാനങ്ങൾ വിവിധ പലിശ നിരക്കിൽ വായ്പ  വാങ്ങുന്നതു പൊതു ധനകാര്യ രംഗത്തു പ്രശ്നങ്ങൾ ഉണ്ടാക്കുന്നതു ഒഴിവാക്കാനാണ് ഒരേനിരക്കിൽ കേന്ദ്രം തന്നെ വാങ്ങി നൽകുന്നത്  എന്നാണ്. അതു തിരിച്ചടക്കാനുള്ള തുക  കണ്ടെത്താനായി ജിഎസ്ടിയിലെ സെസ്സ് അടുത്ത അഞ്ചു വർഷം കൂടെ തുടരുകയും ചെയ്യും. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ  പരിമിതമായ ആവശ്യം പോലും ഏഴുമാസമായി അവഗണിച്ച കേന്ദ്ര സർക്കാർ നയങ്ങൾ   ചൂണ്ടിക്കാണിക്കുന്നതു കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ  ഗുരുതരമായ ചില പ്രശ്നങ്ങളിലേക്കാണെന്നു പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു.  

Leave a Reply