ചൈന വീണ്ടും കുതിക്കുന്നു; ജൂലൈ -സപ്റ്റംബർ കാലത്തു 4.9 ശതമാനം സാമ്പത്തിക വളർച്ച

ന്യൂയോർക്ക്: 2020 ജൂലൈ -സപ്റ്റംബർ  ത്രൈമാസ കാലയളവിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിലേക്കാൾ 4.9 ശതമാനം അധിക സാമ്പത്തിക വളർച്ച നേടി ചൈന വീണ്ടും കുതിക്കാൻ തുടങ്ങിയതായി ന്യൂയോർക്ക് ടൈംസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം മുതൽ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടു സമ്പദ് ഘടനയിലുണ്ടായ തിരിച്ചടിയിൽ നിന്നു കരകയറി ആദ്യമായി വീണ്ടും കുതിക്കാൻ തുടങ്ങിയ  രാജ്യവും ചൈന തന്നെയാണ്.

കോവിഡ് ഭീഷണിയെ ശക്തമായി നേരിട്ട ശേഷം സാമ്പത്തിക രംഗത്തു ചൈനയുടെ കുതിപ്പു വീണ്ടും പ്രത്യക്ഷപ്പെടുമെന്നു നേരത്തെ വിദഗ്ധർ പ്രവചിച്ചിരുന്നു. ചൈനയുടെ വികസനം 5  മുതൽ 5.5 ശതമാനം വരെ ആയിരിക്കുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. ഏതാണ്ട്‌ അതേ നിലയിൽ ചൈന എത്തുകയും ചെയ്തു. കോവിഡിന് മുമ്പുള്ള ആറു ശതമാനം വളർച്ചാനിരക്കിലേക്കു ചൈന അധികം വൈകാതെ എത്തുമെന്നു പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം  അമേരിക്കയടക്കം പ്രധാന സമ്പദ്‌വ്യവസ്ഥകൾ ഇപ്പോഴും പ്രതിസന്ധിയിൽ നിന്നും മാന്ദ്യത്തിൽ നിന്നും കരകയറിയിട്ടില്ല. ഇന്ത്യയാകട്ടെ, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ആഘാതം നേരിടുകയുമാണ്.  സെപ്റ്റംബറിൽ അവസാനിക്കുന്ന ത്രൈമാസത്തിൽ ഇന്ത്യയുടെ സമ്പദ്ഘടന 23.9 ശതമാനം പിന്നാക്കം പോകുമെന്നാണ് ലോകബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നത്.

വരും മാസങ്ങളിൽ ചൈനയുടെ വളർച്ച കൂടുതൽ ഗതിവേഗമാർജിക്കുമെന്ന് ഗവേഷകർ പറയുന്നു. കാരണം അമേരിക്കയും  യൂറോപ്പും അടക്കമുള്ള പ്രധാന സാമ്പത്തികശക്തികൾ ഇപ്പോഴും കൊറോണയുമായി യുദ്ധത്തിലാണ്. കൊറോണയുടെ രണ്ടാംവരവു കാരണം യൂറോപ്പിലെ പല രാജ്യങ്ങളും വീണ്ടും അടച്ചിടൽ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇന്ത്യയും കൊറോണയെ നേരിടുന്നതിനു ശക്തമായ നടപടികൾ എടുക്കുന്നുണ്ട്. അതിനാൽ ഈ രാജ്യങ്ങളിൽ സാമ്പത്തികരംഗത്തെ തിരിച്ചുവരവിന് ഇനിയും സമയമെടുക്കും. അതേസമയം, ചൈനയിൽ ഇപ്പോൾ ഏതാണ്ട് പൂർണമായും രോഗബാധയെ നിയന്ത്രണ വിധേയമായി മാറ്റിക്കഴിഞ്ഞു. ചൈനയുടെ വളർച്ചയിൽ ഒരു പ്രധാനഘടകം അതിന്റെ കയറ്റുമതി വ്യാപാരത്തിലുണ്ടായ വമ്പിച്ച മുന്നേറ്റമാണെന്നു ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡിൽ പല രാജ്യങ്ങളിലും ഉല്പാദന മേഖലകൾ അടഞ്ഞുകിടക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കു വേണ്ട  സംരക്ഷണ കവചങ്ങൾ അടക്കം അത്യാവശ്യമായ ദൈനംദിന ഉപഭോഗഇനങ്ങൾ പലതും ചൈനയിൽ നിന്നാണ് പല രാജ്യങ്ങളിലും എത്തുന്നത്. അതിനാൽ ചൈനയുടെ വ്യാപാര മിച്ചം കൂടുതൽ വർധിക്കുന്നു. നേരത്തെ അമേരിക്കയുമായി വാണിജ്യത്തിൽ ചൈനയുടെ വ്യാപാരമിച്ചം കുതിച്ചുയർന്നതാണ് ട്രംപ് ഭരണകൂടവും ചൈനയും തമ്മിലുള്ള കടുത്ത വ്യാപാരയുദ്ധത്തിലേക്കു നയിച്ചത്.   ചൈനയുടെ മിച്ചം വീണ്ടും കുതിച്ചുയരുമ്പോൾ അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ചൈനയുടെ ആഗോള ആധിപത്യം സംബന്ധിച്ച പരാതികൾ വീണ്ടും വർധിക്കാനാണ് ഇടയുള്ളത്. അതിനാൽ കൊറോണയ്ക്കു ശേഷമുള്ള കാലത്തു ചൈനയും  അമേരിക്കയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക -സൈനിക സംഘർഷങ്ങൾ വീണ്ടും വർധിക്കുമെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.

Leave a Reply