ഫാദർ സ്റ്റാൻ സ്വാമിയെ വിമോചിപ്പിക്കണമെന്നു ആവശ്യപ്പെട്ടു ജനകീയ സമ്മേളനം

ന്യൂദൽഹി: ഭീമ-കോരേഗാവ് കേസിൽ യുഎപിഎ പ്രകാരം ഏതാനും ദിവസങ്ങൾക്കു മുമ്പ്അറസ്റ്റിലായ ജാർഖണ്ഡിലെ ആദിവാസി അവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ  ഫാദർ സ്റ്റാൻ സ്വാമിയെ തടവിൽ നിന്നു വിമോചിപ്പിക്കണമെന്നു  ആവശ്യപ്പെട്ടു റാഞ്ചിയിൽ രാഷ്ട്രീയ കക്ഷികളും സന്നദ്ധപ്രവർത്തകരും സമ്മേളനം നടത്തി. യോഗത്തിൽ ബിജെപി ഒഴികെയുള്ള   വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവർത്തകരും  പങ്കെടുത്തു .

83 കാരനായ സ്റ്റാൻ സ്വാമിയെ കഴിഞ്ഞ ആഴ്ചയാണ് ദേശീയ അന്വേഷണ ഏജൻസി മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ് ചെയ്തത്. ദീർഘകാലമായി റാഞ്ചി കേന്ദ്രീകരിച്ചിച്ചു ആദിവാസികളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ നേതൃപരമായ പ്രവർത്തനങ്ങൾ  നടത്തുന്ന വ്യക്തിയാണ് ഫാദർ സ്റ്റാൻ സ്വാമി.  ഫിലിപ്പൈൻസിൽ ഗവേഷണപഠനം നടത്തിയ അദ്ദേഹം തന്റെ ജീവിതം സമൂഹത്തിനു പൂർണമായും സമർപ്പിക്കാൻ തീരുമാനിച്ചു ജെസ്യൂട്ട് സഭയിൽ ചേർന്നയാളാണ്. ദീർഘകാലം ബാംഗളൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിട്യൂട്ടിൽ  ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യയിൽ ആദിവാസി മേഖലയിലെ സാമൂഹിക സംഘർഷങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ ഏറ്റവും ആധികാരികമായി സംസാരിക്കാൻ ശേഷിയുള്ള വ്യക്തിയെന്ന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയ ആളാണ്.

റാഞ്ചിയിലെ  ന്യായ മഞ്ച്  പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന റാലി ജില്ലാസ്കൂൾ പരിസരത്തു നിന്നു ആരംഭിച്ചു രാജ് ഭവന്റെ മുന്നിൽ നടന്ന സമ്മേളനത്തിലാണ് അവസാനിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റാൻ സ്വാമിയെ അദ്ദേഹം ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തടവില്‍ പാർപ്പിക്കുന്നതു കടുത്ത അനീതിയാണെന്നു സിപിഎം ആഭിമുഖ്യത്തിലുള്ള ആദിവാസി അധികാർ മഞ്ച് പ്രവർത്തകൻ പ്രഫുല്ല ലിൻഡ ചൂണ്ടിക്കാട്ടി.  ജാർഖണ്ഡിലെ ഖനിജ വിഭവങ്ങളും വനങ്ങളും കൊള്ള ചെയ്യാനുള്ള കോർപ്പറേറ്റ് ശ്രമങ്ങൾക്കു പിന്തുണ നൽകാനായാണ് ആദിവാസി അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാൻ സ്വാമിയെ അറസ്റ് ചെയ്തത് എന്ന് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സഞ്ജയ് പാണ്ഡെ പറഞ്ഞു.

സർക്കാരും കോർപ്പറേറ്റ് ശക്തികളും  ചേർന്നു നടത്തുന്ന ഗൂഢാലോചനയുടെ ഇരയാണ് സ്റ്റാൻസ്വാമിയെന്നു സമ്മേളനത്തിൽ പലരും അഭിപ്രായപ്പെട്ടു. ആദിവാസി വനമേഖകളിൽ അമിതമായ പ്രകൃതിചൂഷണത്തിനും  ഖനന പ്രവർത്തനങ്ങൾക്കുമായി സർക്കാരും സ്വകാര്യ കമ്പനികളും ചേർന്നു നടത്തുന്ന നീക്കങ്ങളെ ആദിവാസികൾ ചെറുക്കുന്നുണ്ട്. തങ്ങളുടെ പരമ്പരാഗതമായ ആവാസമേഖലകളിൽ നിന്നും ആദിവാസികളെ പുറത്താക്കാനുള്ള സർക്കാർ നീക്കത്തെയാണ് അവർ ചെറുക്കുന്നത്.  ഇതിനെയാണ് മാവോയിസ്റ്റ് പ്രവർത്തനമായി വ്യാഖ്യാനിച്ചു ഭരണകൂടം  അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ജാർഖണ്ഡ് മുക്തി മോർച്ച, സിപിഐ , സിപി(എംഎൽ) തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജാർഖണ്ഡ് ജനാധികാർ മഹാസഭ, ജൻമുക്തി സംഘർഷ വാഹിനി തുടങ്ങിയ സന്നദ്ധസംഘടനാ  നേതാക്കളും യോഗത്തിൽ പങ്കെടുത്തു.  

Leave a Reply