മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ബഹുജനസംഗമം

മലപ്പുറം: പന്ത്രണ്ടു  ദിവസമായി ഉത്തർ പ്രദേശ് പോലീസിന്റെ തടവിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ്  കാപ്പനെ അടിയന്തിരമായി വിട്ടയക്കണമെന്നു അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറത്തു ചേർന്ന ബഹുജനസംഗമം ആവശ്യപ്പെട്ടു.

കെപിസിസി ജനറൽ സെക്രട്ടറി നൗഷാദ് അലിയുടെ  നേതൃത്വത്തിൽ  കലക്ടറേറ്റ് നടയിൽ സംഘടിപ്പിച്ച സംഗമം ടി എൻ പ്രതാപൻ എം പി ഉത്ഘാടനം ചെയ്തു. സിദ്ദിഖ് കാപ്പന്റെ  ഭാര്യ റൈഹാനത്ത്, സ്കൂളിൽ പഠിക്കുന്ന മക്കൾ, മൂത്ത സഹോദരൻ  എന്നിവരടക്കം നിരവധി പേർ കോവിഡ് ചട്ടങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ പങ്കെടുത്തു.

 സിദ്ദിഖ് കാപ്പന്റെ അറസ്റ്റും തടങ്കലും ഇന്ത്യയിൽ വ്യാപകമായി വരുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകളുടെ ലക്ഷണമാണെന്ന് ടി എൻ പ്രതാപൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കാൻ രാജ്യത്തെ ജനാധിപത്യവാദികളോടു തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. തടങ്കലിലായ മാധ്യമ പ്രവർത്തകന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ അന്ത്യം വരെ കുടുംബത്തിന്റെയും നാട്ടുകാരുടെയും കൂടെ നിന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇന്ത്യയിൽ വളർന്നുവരുന്ന   ഫാസിസ്റ്റ് പ്രവണതകളുടെ കൃത്യമായ സൂചനയാണ് ഹത്രാസിലേക്കുള്ള യാത്രാമധ്യേ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവമെന്നു മുതിർന്ന മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി ചുണ്ടിക്കാട്ടി. ഹത്രാസിൽ യു പി  ഭരണകൂടത്തിന്റെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ അതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് മുസ്ലിം സമുദായക്കാരനായ ഈ മാധ്യമപ്രവർത്തകനെ അറസ്റ്റ്  ചെയ്തു യുഎപിഎ പ്രകാരം തടവിലിട്ടിരുക്കുന്നത്. സംഘപരിവാരത്തിന്റെ ഇത്തരം  അജണ്ടകൾക്കെതിരെ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഭർത്താവിനെ ഒക്ടോബർ അഞ്ചിനു പോലീസ് പിടിച്ചുകൊണ്ടുപോയ ശേഷം ഇതുവരെ കുടുംബവുമായി ഫോണിൽ ബന്ധപ്പെടാൻ പോലും അധികൃതർ അനുവദിച്ചിട്ടില്ലെന്നു കാപ്പന്റെ  ഭാര്യ റൈഹാനത്ത് പറഞ്ഞു. വക്കാലത്തു  ഒപ്പിട്ടു വാങ്ങാനായി  അഭിഭാഷകൻ എത്തിയപ്പോൾ  അദ്ദേഹത്തെയും കാണാൻ അനുവദിച്ചില്ല. അതിനാൽ  ജാമ്യത്തിനു കോടതിയെ സമീപിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

യോഗത്തിൽ വി ആർ അനൂപ്, യൂത്ത്‌ കോൺഗ്രസ്സ് നേതാവ് നൗഫൽ ബാബു , അഡ്വ . കെ സി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു . കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ്  അലി അധ്യക്ഷത വഹിച്ചു.

Leave a Reply