സിദ്ദിഖ് കാപ്പൻ അറസ്റ്റിൽ പ്രതിഷേധം വ്യാപിക്കുന്നു; സർക്കാർ ഇടപെടണമെന്നു കുടുംബം
കോഴിക്കോട്: ഒക്ടോബർ അഞ്ചിന് യുപിയിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാ ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിമോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കുടുംബവും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടു.
ഹത്രാസിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനായി അങ്ങോട്ടു പോകുന്ന വഴിയിൽ അറസ്റ്റ് ചെയ്യപ്പെട്ട കാപ്പനെ കേരളത്തിലെ കുടുംബവുമായി ബന്ധപ്പെടാൻ പോലും യുപി പോലീസ് അനുവദിച്ചിട്ടില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു.
മകന്റെ വിവരം അറിയാതെ അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവ് വളരെ അസ്വസ്ഥയാണ്. തങ്ങൾ ഇപ്പോഴും കടുത്ത ഞെട്ടലിലാണെന്നും അദ്ദേഹത്തെ വിമോചിപ്പിക്കുന്നതിനു കേരള സർക്കാർ ഇടപെടണമെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ആവശ്യപ്പെടുന്നു. ഇതിനായി മുഖ്യമന്ത്രിക്കും പോലീസ് അധികാരികൾക്കും നിവേദനം നൽകുമെന്നും അവർ അറിയിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ, ടി ടി ശ്രീകുമാർ, ജെ ദേവിക ,സി ആർ നീലകണ്ഠൻ തുടങ്ങി നിരവധി സാംസ്‌കാരിക പ്രവർത്തകർ ഒപ്പിട്ട നിവേദനത്തിൽ മുഖ്യമന്ത്രിയോടു അഭ്യർത്ഥിച്ചു.