മെഹ്ബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ശ്രദ്ധാവിഷയമാകുന്നു

ന്യൂദൽഹി: പതിനാലു മാസം തടങ്കലിൽ കഴിഞ്ഞശേഷം സുപ്രീം കോടതി ഇടപെടലിനെ തുടർന്നു ചൊവ്വാഴ്ച വിമോചിതയായ കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ മുഖ്യപ്രതിയോഗികളായ നാഷണൽ കോൺഫറൻസിന്റെ നേതാക്കൾ ഡോ. ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും ഇന്നലെ സന്ദർശിച്ചു. ജമ്മു കശ്‍മീരിലെ ഏറ്റവും  പ്രമുഖരായ രാഷ്ട്രീയ പ്രതിയോഗികളുടെ കൂടിക്കാഴ്ച രാഷ്ട്രീയവൃത്തങ്ങളിൽ വലിയ താല്പര്യമാണ് ഉയർത്തിയിരിക്കുന്നത്‌.

ജമ്മുകാശ്മീർ  രാഷ്‌ടീയത്തിൽ പരമ്പരാഗത എതിരാളികളാണ് ഷെയ്ഖ് അബ്ദുല്ല സ്ഥാപിച്ച നാഷണൽ കോൺഫറൻസും മുഫ്തി മുഹമ്മദ് സയീദ് നയിച്ചുവന്ന പിഡിപിയും. ഷെയ്ഖ് അബ്ദുള്ളക്കു ശേഷം ഫറൂഖ് അബ്ദുള്ളയും മകൻ ഒമർ അബ്ദുല്ലയുമാണ് പാർട്ടിയെ നയിക്കുന്നത്. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ മരണശേഷം മകൾ മഹ്ബൂബ മുഫ്തിയാണ് പാർട്ടിയുടെ അധ്യക്ഷയായി പ്രവർത്തിക്കുന്നത്. കശ്മീരിലെ മുഖ്യധാരാ പാർട്ടികളിൽ ഇതു രണ്ടുമാണ് ഏറ്റവും ജനപിന്തുണയുള്ള  കക്ഷികൾ. കശ്‍മീരിലെ ജനങ്ങളെ ഇന്ത്യൻ  ദേശീയധാരയുമായി യോജിപ്പിച്ചു നിർത്തുന്ന പ്രധാനകക്ഷികളും ഇതു രണ്ടും തന്നെയാണ്.

2019 ആഗസ്ത് അഞ്ചിനു കശ്മീരിന്റെ  പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ  റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും  ചെയ്ത കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കു ശേഷം സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പലരും തടങ്കലിലായിരുന്നു. ഫറൂഖ് അബ്ദുള്ളയടക്കമുള്ള നേതാക്കളെ നേരത്തെ വിട്ടയച്ചെങ്കിലും മെഹ്ബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ കേന്ദ്രസർക്കാർ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ അനിശ്ചിതമായി നേതാക്കളെ തടവിലിടാൻ സാധ്യമല്ല എന്ന സുപ്രീം കോടതി നിരീക്ഷണത്തെ തുടർന്നാണ് അവരെ കഴിഞ്ഞ ദിവസം വിട്ടയച്ചത്.

മെഹ്ബൂബയുടെ വിമോചനത്തിന്റെ തൊട്ടുപിറ്റേ ദിവസം തന്നെയാണ് ഫറൂഖ്  അബ്ദുള്ളയും ഒമർ അബ്ദുള്ളയും അവരെ വീട്ടിലെത്തി സന്ദർശിച്ചത്. തങ്ങളുടേത് സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തില്ല എന്നുമാണ് നാഷണൽ കോൺഫറൻസ് നേതാക്കൾ മാധ്യമങ്ങളെ  അറിയിച്ചത്. എന്നാൽ കശ്മീരിന്റെ  പ്രത്യേക പദവി സംരക്ഷിക്കും എന്ന ഗുപ്‌കാർ പ്രസ്താവനയിൽ ഒപ്പിട്ട വിവിധ കക്ഷികളുടെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാരിന്റെ  നീക്കങ്ങളെ ചെറുക്കാൻ എല്ലാ ജനാധിപത്യ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്നു നേതാക്കൾ അഭിപ്രായപ്പെട്ടതായി പിഡിപി വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ്സ്, എൻ സി, പിഡിപി, പീപ്പിൾസ് കോൺഫറൻസ്  എന്നിവയടക്കം ആറു കക്ഷികളാണ് ഗുപ്‌കാർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുള്ളത്.    

Leave a Reply