മിനി നാറ്റോ നീക്കമാണ് ഏഷ്യയിൽ അമേരിക്കയുടെ ലക്ഷ്യമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

ഹോങ്കോങ്: ഏഷ്യ-പസിഫിക് പ്രദേശത്തു ജപ്പാൻ, ആസ്ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചേർന്നു ചൈനക്കെതിരെ നാറ്റോ സമാനമായ  ഒരു പുതിയ സൈനിക  സഖ്യത്തിനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നതെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇത്തരമൊരു ആരോപണം  ഉന്നയിച്ചിരുന്നുവെങ്കിലും രാഷ്ട്രീയതലത്തിൽ ഏറ്റവും സമുന്നത സ്ഥാനത്തിരിക്കുന്ന ചൈനീസ് നേതാവിൽ നിന്നുള്ള ആദ്യപ്രതികരണമാണ് വാങ് യിയുടേത്.

വിവിധ  ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന ചൈനീസ് വിദേശകാര്യമന്ത്രി ഇന്നലെ മലേഷ്യയിലാണ് ഈ പ്രസ്താവന നടത്തിയതെന്നു സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. കംബോഡിയ, ലാവോസ്, തായ്‌ലൻഡ്, സിങ്കപ്പൂർ എന്നിവിടങ്ങളിലും ചൈനീസ് വിദേശകാര്യമന്ത്രി ഈയാഴ്ച സന്ദർശനം നടത്തുന്നുണ്ട്.

2018ൽ അമേരിക്കൻ നേതൃത്വത്തിൽ നാലു ഏഷ്യൻ-പസിഫിക് രാജ്യങ്ങളുടെ കൂട്ടുകെട്ടു അമേരിക്കയുടെ നേതൃത്വത്തിൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ

 ആരംഭിച്ചപ്പോൾ അതു കടൽത്തിരയിലെ പത പോലെ താൽക്കാലികം മാത്രമാണ് എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വിലയിരുത്തൽ. എന്നാൽ സമീപകാലത്തു ചൈനക്കെതിരെ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഒരു പുതിയ സൈനികസഖ്യ രൂപീകരണമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നു ചൈന മനസ്സിലാക്കുന്നുണ്ട്.  ഈ നീക്കങ്ങൾ ശീതയുദ്ധ കാലത്തെ അമേരിക്കൻ നയങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത് എന്ന് വാങ്‌ യി ഇന്നലെ മലേഷ്യയിൽ ചൂണ്ടിക്കാട്ടി.

ഏതാനും ആഴ്ച മുമ്പ് താഷ്കെണ്ടിൽ റഷ്യൻ സാന്നിധ്യത്തിൽ ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ അതിർത്തിതർക്കം ചർച്ച ചെയ്യാനായി സമ്മേളിച്ചരുന്നു. അതിൽ ഇരുരാജ്യങ്ങളും ഒരു പഞ്ചശീല തത്വത്തിന്റെ അടിസ്ഥാനത്തിൽ തർക്കവിഷയങ്ങൾ  പരിഹരിക്കാൻ ശ്രമിക്കും എന്നാണ്  മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞത്. അതിനു ശേഷം ഇന്ത്യാ- ചൈനാ സൈനികതല ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് ടോക്യോയിൽ കഴിഞ്ഞയാഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ സാന്നിധ്യത്തിൽ നാലു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം നടന്നത്. ചൈനക്കെതിരെ ഏഷ്യാ-പസിഫിക് പ്രദേശത്തു വിവിധ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് പോംപിയോയുടെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയടക്കം സമ്മേളനത്തിലെ ഒരു രാജ്യവും അതിനോടു നേരിട്ടു പ്രതികരിക്കുകയുണ്ടായില്ല.  പക്ഷേ ചൈന ഈ നീക്കങ്ങളെ ഗൗരവമായി എടുക്കുന്നതായും അതിന്റെ അടിസ്ഥാനത്തിൽ ബദൽ നയങ്ങൾക്ക് രൂപം കൊടുക്കുന്നതായുമുള്ള സന്ദേശമാണ് വാങ് യിയുടെ പ്രസ്താവനയിലൂടെ ലഭിക്കുന്നത്. 

Leave a Reply