വിദ്യാഭ്യാസ സ്തംഭനം ഇന്ത്യയുടെ പുരോഗതിയെ ഗുരുതരമായി ബാധിക്കുമെന്ന് ലോകബാങ്ക്

വാഷിംഗ്ടൺ : ആറുമാസമായി സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം സ്തംഭനാവസ്ഥയിലായ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അതിന്റെ ഭാവി സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നു ലോകബാങ്കിന്റെ ദക്ഷിണേഷ്യാ അവലോകന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 8നു പുറത്തിറക്കിയ ഏറ്റവും അവസാനത്തെ അവലോകനത്തിലാണ് വിദ്യാഭ്യാസ രംഗത്തെ നിലവിലെ അവസ്ഥയുടെ ആഘാതം സംബന്ധിച്ച മുന്നറിയിപ്പുകൾ ഉൾക്കൊള്ളുന്നത്.

സ്കൂളുകളും  കോളേജുകളും ദീർഘകാലം അടഞ്ഞു കിടക്കുന്നതു നേരത്തെ ഈ രംഗത്തു വിവിധ രാജ്യങ്ങൾ ഉണ്ടാക്കിയ പുരോഗതിയെ    പിന്നോട്ടടിക്കുന്നതാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇനി വിദ്യാലയങ്ങളിലേക്കു തിരിച്ചെത്താൻ ഇടയില്ല. അവർ ഇതിനകം  തന്നെ അസംഘടിത മേഖലകളിലെ അവിദഗ്ധ  തൊഴിൽസേനയിൽ എത്തിപ്പെട്ടിരിക്കുന്നു. തങ്ങൾ പഠിച്ച കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാനും അവർക്കു പ്രയാസമായിത്തീരും. അതിനാൽ ഇപ്പോൾ  വിദ്യാലയങ്ങളിൽ നിന്നു പുറത്തായ ഒരു  തലമുറയെ വീണ്ടും വിദ്യാലയങ്ങളിൽ എത്തിക്കുകയെന്നത് എളുപ്പമാവില്ല.

സ്കൂൾ പഠനത്തിനു പകരമായി പല സർക്കാരുകളും ഓൺലൈൻ പഠനസംവിധാനങ്ങൾ ഏർപ്പടുത്തിയെങ്കിലും അവയുടെ പ്രയോജനം വളരെ പരിമിതം മാത്രമാണെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. മിക്ക പ്രദേശങ്ങളിലും അതിനു പറ്റിയ ഇന്റർനെറ്റ് സൗകര്യങ്ങൾ ഇനിയും ലഭ്യമല്ല. പല വിദ്യാർത്ഥികളും ഇതിനകം തന്നെ വീട്ടിലോ പുറത്തോ തൊഴിൽ തേടി പോയതായാണ് കാണുന്നത്. അവരുടെ ഭാവിയിലെ നൈപുണ്യ വികസന സാദ്ധ്യതകൾ പരിമിതമാണ്.  അതിനാൽ  ഭാവിയിലെ അവരുടെ വരുമാനം കാര്യമായി കുറയാനാണ് സാധ്യത. ലോകബാങ്ക് കണക്കുപ്രകാരം വിദ്യാഭ്യാസം ഇടക്കുവെച്ചു തടസ്സപ്പെടുന്ന ഓരോ കുട്ടിയുടെയും  ഭാവി വരുമാനത്തിൽ 4400 ഡോളർ ഇടിവു സംഭവിക്കും. അവരെയും കുടുംബങ്ങളെയും വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ ഇതു കാരണമാക്കും. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലും ഇതിന്റെ ആഘാതം  ഒഴിവാക്കാനാവില്ല.

 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ ഏറ്റവും വലിയ ആഘാതം ഏൽക്കാൻ പോകുന്ന രാജ്യം ഇന്ത്യയാണെന്ന് ലോകബാങ്ക് പറയുന്നു.  വിദ്യാഭ്യാസ നഷ്ടം കൊണ്ടു ഇന്ത്യ 400 മുതൽ 600 ബില്യൺ (40,000 – 60,000 കോടി) ഡോളർ വരെ നഷ്ടം സഹിക്കേണ്ടിവരും.  പാകിസ്ഥാൻ 100 ബില്യൺ ഡോളർ നഷ്ടം നേരിടും. ബംഗ്ലാദേശും  സമാനമായ പ്രശ്നങ്ങൾ നേരിടും. അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ  നഷ്ടം താരതമ്യേന കുറവാണ്; നേരത്തെതന്നെ  പല ആഭ്യന്തര കാര്യങ്ങളാൽ   അവരുടെ വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലാണ് എന്നതാണ് അതിനൊരു കാരണം. 

Leave a Reply