ശ്രീനാരായണ സർവകലാശാലയുടെ പേരിലുള്ള വിവാദങ്ങൾക്കു പിന്നിൽ

കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ കേരളത്തിലെ പ്രബലമായ പിന്നാക്ക സമുദായത്തെ ഇടതുപക്ഷത്തിന്റെ കൂടെ ഉറപ്പിച്ചു നിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായുള്ള സർക്കാർ തീരുമാനമാണെന്ന് സകലർക്കും ബോധ്യമാണ്. അതിൽ തെറ്റുമില്ല. കാരണം കേരളത്തിൽ  തെക്കും വടക്കും ഉള്ള പ്രദേശങ്ങളിൽ സിപിഎമ്മിനു ഏറ്റവും വലിയ പിന്തുണ നൽകിവരുന്ന  സമുദായം ശ്രീനാരായണ ഗുരുവിനെ പിൻപറ്റി വരുന്ന ഈഴവരും തിയ്യരും അടങ്ങുന്ന വിഭാഗമാണ്. ശബരിമലയിലെ കോലാഹലങ്ങൾക്കു ശേഷം ഭൂരിപക്ഷ സമുദായത്തിൽ ഉയർന്നുവന്ന അസംതൃപ്തിയെ തണുപ്പിക്കാൻ സർക്കാർ പല നീക്കങ്ങൾ നടത്തിയിരുന്നു.  വിദൂരവിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്കു തിരികൊളുത്തുന്ന പുതിയ സർവകലാശാലയ്ക്കു നാരായണ ഗുരുവിന്റെ പേരുകൊടുത്തതിൽ അതിനാൽ ചില രാഷ്ട്രീയലക്ഷ്യങ്ങൾ കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്.

എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്നമട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ വന്നുകൂടിയിരിക്കുന്നത്. എസ്എൻഡിപി യോഗത്തിന്റെ സമ്മേളനവേദി  സർക്കാരിന്റെ നടപടികളിൽ   കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്താനുള്ള വേദിയായാണ് അതിന്റെ നേതാക്കൾ ഉപയോഗിച്ചത്. മകനെ ഗൾഫിൽ അറസ്റ്റ് ചെയ്തപ്പോൾ  ഓടിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിധേയത്വം പോലും മറന്നുപോയ മട്ടിലാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശനശരങ്ങൾ പ്രയോഗിച്ചത്. ശ്രീനാരായണീയരെ അപമാനിക്കാനാണ് സർക്കാർ നീക്കം നടത്തിയത് എന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

പുതിയ  സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി മലബാറിൽ നിന്നും ഒരു മുസ്ലിം നാമധാരിയെ തിരഞ്ഞു പിടിച്ചു കൊല്ലത്തു കൊണ്ടുപോയി സ്ഥാപിക്കാൻ സർക്കാർ കാണിച്ച ഉത്സാഹമാണ് വെള്ളാപ്പള്ളിയെ കുപിതനാക്കിയത് എന്നു വ്യക്തമാണ്. അത്രയും കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ അദ്ദേഹം പറയുകയും ചെയ്തു. ഈ  വിമർശനത്തിൽ ചില വസ്തുതയുണ്ട് എന്ന വിലയിരുത്തൽ എസ്എൻഡിപി യോഗത്തിൽ മാത്രമല്ല, പൊതുവിൽ എസ്എൻഡിപി പ്രസ്ഥാനത്തിനു കാര്യമായ വേരോട്ടമില്ലാത്ത മലബാറിൽ പോലും ഉയർന്നു വരുന്നുണ്ട് എന്ന കാര്യവും  സത്യമാണ്.

  വെള്ളാപ്പള്ളിയ്ക്ക് മറുപടി കൊടുക്കാൻ  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തയ്യാറായി എന്നതു വിഷയം കത്തിപ്പടർന്നാൽ അതു ഇടതുപക്ഷത്തിനു പ്രശ്നങ്ങളുണ്ടാക്കും എന്ന പാർട്ടിയുടെ തിരിച്ചറിവിന്റെ സൂചനയാണ്. കോടിയേരി  പറഞ്ഞതു നാരായണഗുരുവിനെ ഏതെങ്കിലും സമുദായത്തിന്റെ ആളായി ചിത്രീകരിക്കുന്നതിൽ അർത്ഥമില്ല എന്നാണ്. അദ്ദേഹം  ജാതിമത ചിന്തകൾക്ക് അതീതനായ  നവോത്ഥാന നായകനാണ്. അതിനാൽ  അദ്ദേഹത്തിന്റെ സമുദായത്തിനു വിസി പദവി കിട്ടിയില്ല എന്നു പരാതിപ്പെടുന്നതിൽ കാര്യമില്ല.

കാര്യം ശരിയാണ്. നമുക്കു  ജാതിയില്ല എന്നു ഒരവസരത്തിൽ നാരായണ ഗുരു പ്രഖ്യാപിക്കുകയുണ്ടായി. അതു അദ്ദേഹത്തിന്റെ ആധ്യാത്മിക ചിന്ത അതിന്റെ ഉദാത്തഭാവങ്ങളിലേക്കു എത്തിയ അവസരത്തിൽ  ഉണ്ടായ പ്രഖ്യാപനമാണ്. അതിനർത്ഥം കേരളീയ സമൂഹത്തിൽ നിന്നു ജാതിമത ചിന്തകൾ മാഞ്ഞുപോയി എന്നല്ല. നാരായണ ഗുരു അതെല്ലാം അപ്രസക്തമെന്നു പ്രഖ്യാപിച്ചു എന്നുമല്ല.    കാരണം അതൊരു സാമൂഹിക യാഥാർഥ്യമാണ്. നാരായണ ഗുരുവിനെ  മറയാക്കി അതിനെ മറച്ചുവെക്കാൻ  കോടിയേരി  ശ്രമിച്ചിട്ടു പ്രയോജനമില്ല. 

മാത്രമല്ല, സമൂഹത്തിലെ ഈ ഗുരുതരമായ സത്യം ഏറ്റവും ശക്തമായി തുറന്നുപറഞ്ഞയാളും നാരായണ ഗുരു തന്നെയാണ്. അരുവിക്കരയിൽ അദ്ദേഹം ശിവപ്രതിഷ്ഠ നടത്തിയ അവസരത്തിൽ അതിൽ പ്രകോപിതരായ മേൽജാതിക്കാരോട് ഗുരു പറഞ്ഞതു താൻ പ്രതിഷ്ഠിച്ചത് ഈഴവശ്ശിവനെയാണെന്നാണ്. അതായതു  ആധ്യാത്മികമായി ജാതിമത ഭേദ ചിന്തകൾക്ക് അതീതനായി നിൽക്കുമ്പോഴും ചുറ്റുമുള്ള സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്നു അകന്നുനിന്നയാളല്ല ശ്രീ നാരായണ ഗുരു. അദ്ദേഹത്തിന്റെ നവോത്ഥാനം സാമൂഹിക യാഥാർഥ്യങ്ങളിൽ   അടിസ്ഥാനം ഉറപ്പിച്ചതാണ്. പിന്നാക്ക  സമുദായങ്ങളുടെ ഉൽക്കർഷം അതിന്റെ പ്രധാന രാസത്വരകമാണെന്നു അദ്ദേഹം കണ്ടറിഞ്ഞിരുന്നു.

ഇതാണ്  കോടിയേരി ബാലകൃഷ്ണൻ സമർത്ഥമായി മറച്ചുവെക്കാൻ ശ്രമിക്കുന്നത്. പുതിയ സർവകലാശാലയുടെ തലപ്പത്തു അതിന്റെ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ പ്രഗത്ഭനായ പണ്ഡിതൻ തന്നെ വരുമെന്നാണ് നേരെചൊവ്വെ ചിന്തിക്കുന്ന മനുഷ്യരെല്ലാം കരുതിയത്. എന്നാൽ  സർക്കാരിലെ ഉന്നതരിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും അങ്ങനെ ചിന്തിക്കുന്നവരല്ല ഇപ്പോൾ ആധിപത്യം വഹിക്കുന്നത്. അവർ ആസകലം സാമുദായിക താല്പര്യങ്ങളിലും അതിനു വേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടങ്ങളിലും അഭിരമിക്കുന്നവരാണ്.  സ്വന്തം കെടുകാര്യസ്ഥത കാരണം കാലിക്കറ്റ്  സർവകലാശാലയിൽ ഒരു മുസ്ലിം സമുദായക്കാരനെ വിസിയാക്കാൻ കഴിഞ്ഞില്ല; അതിനാൽ എന്തുവന്നാലും ശ്രീനാരായണ സർവകലാശാലയിൽ അത്തരമൊരാളെ കുടിയിരുത്തണം എന്ന വാശിയാണ് ബന്ധപ്പെട്ട മന്ത്രി കെ ടി ജലീലിനെ നയിച്ചത്. അദ്ദേഹത്തിന്റെ സമീപകാല പ്രവർത്തനങ്ങൾ സർക്കാരിനുണ്ടാക്കിയ പ്രതിസന്ധികൾ  ചില്ലറയല്ല. അതിന്റെ ഒരു പങ്ക്‌ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരിയും ഏറ്റെടുക്കുകയും ചെയ്തു. പരിശുദ്ധ  ഖുർആൻ മുൻനിർത്തി രണ്ടുപേരും നടത്തിയ പുണ്യയുദ്ധങ്ങളുടെ കഥ മലയാളികൾ മറന്നിട്ടില്ല. വൈകുന്നേരങ്ങളിലെ തന്റെ സ്ഥിരം  ടിവി റിയാലിറ്റി ഷോ ഒരവസരത്തിൽ തികഞ്ഞ മതപ്രഭാഷണ പരമ്പര പോലെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. കോടിയേരി ദേശാഭിമാനിയിലൂടെ അതിനു പിന്തുണ നൽകുകയും ചെയ്തു .

അങ്ങനെ മതവും ജാതിയും  രാഷ്ട്രീയ ലാഭത്തിനു വേണ്ടി നിരന്തരം ഉപയോഗിച്ചു വന്ന ഒരു സർക്കാരും  ഭരണകക്ഷിയുമാണ് ഇപ്പോൾ കേരളത്തിലെ പിന്നാക്ക സമുദായങ്ങളിലെ അംഗങ്ങളോട് നാരായണ ഗുരുവിനെ സംബന്ധിച്ചു  ഗിരിപ്രഭാഷണം നടത്തുന്നത്. ഈ പ്രഭാഷണം വിസി പദവി സ്വന്തക്കാരന് നല്കാൻ മന്ത്രിയും വേറെ ചില  പുത്തൻ അവതാരങ്ങളും പിടിവാശി പിടിച്ചപ്പോൾ എന്തുകൊണ്ടു അവരുടെ നേരെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രയോഗിച്ചില്ല? നവോത്ഥാന കേരളത്തിന്റെ നേട്ടങ്ങളൊക്കെ  ചിലർ കൊണ്ടുപോകും, പിന്നാക്കക്കാർ പ്രഭാഷണം കൊണ്ടു വയറു നിറയ്ക്കണം എന്നാണോ സർക്കാരിന്റെ നയം? 

Leave a Reply