ചൈനക്കെതിരെ ഇന്ത്യയടക്കം മിനി നാറ്റോ സഖ്യശ്രമം വിജയിക്കുകയില്ലെന്നു ചൈന

ന്യൂദൽഹി: ഒക്ടോബർ ആറിന് ജപ്പാനിൽ നടന്ന നാലു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചൈനക്കെതിരെ ഒരു കിഴക്കൻ നാറ്റോയുടെ രൂപീകരണത്തിനുള്ള അമേരിക്കൻ  ശ്രമങ്ങളുടെ ഭാഗമാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രമുഖ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസും ആരോപിച്ചു.

ജപ്പാനിലെ  ടോക്കിയോയിൽ നടന്ന ക്വാഡ് എന്നറിയപ്പെടുന്ന നാലു രാജ്യങ്ങളുടെ സമ്മേളനത്തിൽ അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് പങ്കെടുത്തത്. സമ്മേളനത്തിലെ പ്രസംഗത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ചൈനക്കെതിരെ ശക്തമായ കൂട്ടുകെട്ട് രൂപീകരിക്കേണ്ടത് അടിയന്തിര കടമയാണെന്നാണ് വാദിച്ചത്. ചൈനീസ്  കമ്മ്യൂണിസ്റ്റ് നേതൃത്വവും സർക്കാരും ഈ പ്രദേശങ്ങളിൽ ഭീഷണിയും ശക്തിയും പ്രയോഗിച്ചു മറ്റുരാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനാണ് ശ്രമിക്കുന്നത്. ദക്ഷിണ ചൈനാക്കടലിലും  കിഴക്കൻ ചൈനാക്കടലിലും ഹിമാലയത്തിലും തായ്‌വാൻ കടലിടുക്കിലും അവരുടെ ഭീഷണിയും ശക്തിപ്രകടനവും അയൽരാജ്യങ്ങൾക്കു അലോസരമുണ്ടാക്കുന്നുണ്ട്. ചൈനയിൽ നിന്നു  ഉയരുന്ന കമ്മ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ പ്രദേശത്തെ മറ്റു രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം എന്നാണ് പോംപിയോ പറഞ്ഞത്.

എന്നാൽ ചൈനക്കെതിരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ മാതൃകയിൽ ഏഷ്യൻ  സഖ്യം എന്ന പോംപിയോയുടെ നിലപാടിനോട് മറ്റു രാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്. ചൈനയുമായി നിലവിൽ തർക്കങ്ങളും സംഘർഷങ്ങളുമുള്ള രാജ്യങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും. എന്നാൽ  ചൈനക്കെതിരെ ഒരു അന്താരാഷ്ട്ര പടയൊരുക്കം എന്ന നിലപാട് ജപ്പാൻ അടക്കം ഒരു രാജ്യവും സ്വീകരിക്കുകയുണ്ടായില്ല. രണ്ടാം ലോകയുദ്ധകാലം മുതൽ ജപ്പാനും ചൈനയും തമ്മിൽ തർക്കങ്ങൾ നിലവിലുണ്ട്. അമേരിക്കയുടെ ഏഷ്യൻ പ്രദേശത്തെ ഏറ്റവും വലിയ പങ്കാളിയുമാണ് ജപ്പാൻ.

സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഏഷ്യൻ പ്രദേശത്തെ തർക്കങ്ങളുടെ പരിഹാരത്തിന് അന്താരാഷ്ട്ര നിയമങ്ങളുടെയും പരസ്പര ചർച്ചകളുടെയും അടിസ്ഥാനത്തിലുള്ള സംവിധാനം വേണമെന്നാണ് ഊന്നിയത്. അമേരിക്കയുമായി യോജിച്ചു ചൈനയെ നേരിടുന്നതിൽ ഇന്ത്യയ്ക്ക് താല്പര്യമുണ്ട് എന്ന വിലയിരുത്തലിന് സഹായകമാവുന്ന പരാമർശങ്ങൾ ഒന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. ആസ്‌ട്രേലിയ, ജപ്പാൻ വിദേശകാര്യമന്ത്രിമാരും ചൈനയെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്താൻ തയ്യാറായില്ല.

അതേസമയം, ഏഷ്യൻ പ്രദേശത്തു  സൈനിക ഇടപെടൽ ലക്ഷ്യം  വെച്ചുകൊണ്ട് അമേരിക്ക നടത്തുന്ന നീക്കങ്ങൾ വിജയിക്കുകയില്ല എന്നു ഇന്നലെ ബീജിങ്ങിൽ ചൈനീസ് വിദേശകാര്യ വക്താവ്   പ്രസ്താവിച്ചു. ഇത്തരം അടഞ്ഞ ക്ലിക്കുകളുടെ  രൂപീകരണം കൊണ്ടു രാജ്യാന്തര വിഷയങ്ങൾക്ക്  പരിഹാരം കാണാനാവുകയില്ലെന്നു വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. ഇതു ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ആഗോളവത്കരണത്തിന്റെ ഈ യുഗത്തിൽ അടഞ്ഞ ക്ലിക്കുകൾ ഉണ്ടാക്കി കാര്യങ്ങൾ നിയന്ത്രിക്കാം എന്ന് വിചാരിക്കുന്നത് അബദ്ധമാണ് എന്നു ഒരു  ചോദ്യതിനു ഉത്തരമായി വക്താവ് ചൂണ്ടിക്കാട്ടി.

ഇന്ത്യയെ ഏഷ്യയിലെ മിനി നാറ്റോയുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കു വിജയസാധ്യതയില്ലെന്നു  ചൈനയുടെ ഗ്ലോബൽ ടൈംസ് പത്രവും ഇന്നലെ ഒരു ലേഖനത്തിൽ അഭിപ്രായപ്പെട്ടു. ഇന്ത്യ ദീർഘകാലമായി റഷ്യയുമായി സൈനിക സഹകരണം  നിലവിലുള്ള രാജ്യമാണ്. അതിന്റെ സൈനികശേഷി റഷ്യൻ ആയുധങ്ങളും സാങ്കേതിക വിദ്യയുമായി ആഴത്തിൽ ബന്ധപ്പെട്ടു  കിടക്കുന്നു. അതെല്ലാം മാറ്റി സൈനിക സംവിധാനത്തെ അമേരിക്കൻ സേനയുമായി ഏകീകരിക്കുകയെന്നത്  ക്ഷിപ്രസാധ്യമായ കാര്യമല്ല. അതിനാൽ ചൈനക്കെതിരെ അമേരിക്കൻ സഖ്യത്തിൽ ഇന്ത്യയെ അണിനിരത്താനുള്ള അമേരിക്കയുടെ മോഹങ്ങൾ വിജയിക്കുകയില്ല എന്നാണ് ഗ്ലോബൽ ടൈംസ് വിലയിരുത്തിയത്. 

Leave a Reply