യുഎൻ ലോക ഭക്ഷ്യ പദ്ധതിയ്ക്ക് നോബേൽ സമാധാന സമ്മാനം
സ്‌റ്റോക്ഹോം: ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തി ലുള്ള ലോക ഭക്ഷ്യ പദ്ധതി എന്ന സംഘടനയ്ക്ക് ഈ വർഷത്തെ നൊബേൽ സമാധാന സമ്മാനം നല്കാൻ നിശ്ചയിച്ചതായി നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയും ദുരിതവും അകറ്റുന്നതിന് സംഘടന നൽകിക്കൊണ്ടിരിക്കുന്ന സുപ്രധാനമായ സംഭാവനകളെ കണക്കിലെടുത്താണ് ഇത്തവണ സമാധാന സമ്മാനം അവർക്കു നല്കാൻ തീരുമാനിച്ചതെന്ന് നൊബേൽ സമാധാന ജൂറി കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തോളമായി ലോകത്തിന്റെ പല ഭാഗങ്ങളിലും പട്ടിണിയും ദാരിദ്ര്യവും കൂടുതൽ ഗുരുതരമായതും ദശലക്ഷക്കണക്കിനു ജനങ്ങൾ ക്ഷാമത്തിന്റെ പിടിയിൽ അകപ്പെട്ടതും കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനെതിരെയുള്ള ആഗോള സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ് യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം എന്ന പ്രസ്ഥാനമെന്നും കമ്മിറ്റി പറയുന്നു. ലോകത്തെ പട്ടിണി മാറ്റാനുള്ള പ്രവർത്തന ങ്ങളിൽ ഏർപ്പെട്ട ഏറ്റവും പ്രധാന സംഘടനയാണിത്. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ എന്നിവ കാരണം ദാരിദ്ര്യവും പട്ടിണിയും വ്യാപിക്കുന്ന പ്രദേശങ്ങളിലാണ് സംഘടനയുടെ പ്രധാന പ്രവർത്തന രംഗം.