ഹത്രാസ്: യു പി സർക്കാരിന്റേതു വിലകുറഞ്ഞ തന്ത്രമെന്ന് മാധ്യമങ്ങൾ
ന്യൂദൽഹി: ഹത്രാസിലെ ദളിത് പെൺകുട്ടിയെ ബലാൽക്കാരം ചെയ്ത കേസിൽ ഉത്തർ പ്രദേശ് സർക്കാരും പോലീസും നേരിടുന്ന രൂക്ഷ വിമർശനങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് അവിടേക്കു പോയ മലയാളി മാധ്യമപ്രവർത്തകനെയും സഹയാത്രികരെയും യുഎപിഎ പ്രകാരം കേസിൽ പെടുത്തിയത് എന്നു വിവിധ ദേശീയ മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളും ചൂണ്ടിക്കാട്ടി.
യോഗി ആദിത്യനാഥ് സർക്കാർ ചെന്നുപെട്ട പ്രതിസന്ധിയിൽ നിന്നു കരകേറാനും ജനശ്രദ്ധ തിരിക്കാനുമായാണ് ഭീകരവാദ നിരോധന നിയമം പ്രയോഗിക്കുന്നത് എന്നു പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഐഐസിസി വക്താവുമായ മനു അഭിഷേക് സിംഗ്‌വി മാധ്യമങ്ങളോടു പറഞ്ഞു. പോക്കറ്റടി സംഭവങ്ങളിൽ പെറ്റി കേസ് എടുക്കുന്ന പോലെയാണ് മാധ്യമപ്രവർത്തകനെതിരെ യുപി സർക്കാർ യുഎപിഎ കേസ് എടുത്തിരിക്കുന്നത്. യുപിയിൽ നടന്ന ഗുരുതരമായ ദളിത് പീഡനവും അതിൽ പോലീസിന്റെ കുറ്റകരമായ പ്രവർത്തനങ്ങളും മറച്ചുവെക്കാനുള്ള ഹീനമായ ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിക്കുന്നത്. ബലാത്സംഗക്കേസിൽ രാജ്യദ്രോഹം സംബന്ധിച്ച വകുപ്പിന്റെ ദുരുപയോഗം രാജ്യചരിത്രത്തിൽ തന്നെ ആദ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ പരിഹാസ്യമായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ കൊണ്ടുവന്നു സ്വയം പ്രതിരോധം തീർക്കാനുള്ള ദുർബല നീക്കമാണ് ആദിത്യനാഥ് സർക്കാർ നടത്തുന്നത്.
കേസിനെ വഴിതിരിച്ചു വിടാനും പ്രതികളെ സംരക്ഷിക്കാനുമുള്ള യുപി സർക്കാർ നീക്കങ്ങളെ വിവിധ ദേശീയപത്രങ്ങളും അപലപിച്ചു. ഹത്രാസ് മുതൽ ദൽഹിയിലെ സംഭവങ്ങൾ വരെ ചുണ്ടിക്കാണിക്കുന്നത് അനീതി മാത്രം നടമാടുന്ന ഒരു ദേശത്തിന്റെ ചിത്രമാണെന്നു പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഇന്നലെ എൻഡിടിവി സൈറ്റിൽ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പല പ്രദേശങ്ങളിലും സ്ത്രീകൾക്കും ദലിതുകൾക്കും ആദിവാസികൾക്കും മുസ്ലിംകൾക്കും നീതി പൂർണമായും അപ്രാപ്യമാകുന്ന ഭീതിജനകമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. ഹത്രാസുമായി ബന്ധപ്പെട്ടു യുപി സർക്കാരിന്റെ നടപടികൾ അതിനു ദൃഷ്ടാന്തമാണ്.
ഹത്രാസ് സംഭവങ്ങൾ സംബന്ധിച്ചു ഇന്നു ദി ഹിന്ദു എഡിറ്റുപേജിൽ നൽകിയ കാർട്ടൂൺ യുപി മുഖ്യമന്ത്രിയുടെ നടപടികളെ രൂക്ഷമായി കളിയാക്കുന്നു. മുഷിഞ്ഞുനാറിയ സ്വന്തം വസ്ത്രം ആദിത്യനാഥ് ഗൂഢാലോചനാസിദ്ധാന്തം എന്ന ബ്രാൻഡിലുള്ള അലക്കുയന്ത്രത്തിലിട്ടു അലക്കിയെടുത്തു വീണ്ടും ധരിക്കുന്നതാണ് കാർട്ടൂണിൽ ചിത്രീകരിക്കുന്നത്. പക്ഷേ ഉടുപ്പിന്റെ മുന്നിലെ കറ പിന്നിലേക്കു മാറിയതു മുഖ്യമന്ത്രി കാണുന്നില്ല.
അതേസമയം, ഇന്നലെ മഥുരയിൽ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റു മൂന്നുപേർക്കുമെതിരെ രാജ്യദ്രോഹകുറ്റം അടക്കം ഗുരുതരമായ ചാർജുകളാണ് എഫ്‌ഐആറിൽ കാണിച്ചിരിക്കുന്നത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകളാണ് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. സിദ്ദിഖ് കാപ്പന് പുറമെ മുസാഫർനഗറിലെ അതിയുർ റഹ്‌മാൻ, ബഹ്രൈച് സ്വദേശി മസൂദ് അഹമ്മദ്, രാംപുർകാരനായ അലാം എന്നിവരെയാണ് കോടതി രണ്ടാഴ്ചയ്ക്കു റിമാൻഡ് ചെയ്തത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതിയുർ റഹ്‌മാനും മസൂദ് അഹമ്മദും ഡൽഹിയിൽ ഗവേഷണ വിദ്യാർത്ഥികളാണ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ കമ്മിറ്റിയുടെ ട്രഷററാണ് റഹ്‌മാൻ. അവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറാണ് അലാം. അവരെ വിമോചിപ്പിക്കാനുള്ള നിയമനടപടികൾ നടന്നുവരികയാണെന്ന് അഭിഭാഷകൻ അൻസാർ ഇൻഡോറി ഇന്നലെ ദൽഹിയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.