ഹത്രാസിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ റിമാൻഡിൽ

ന്യൂദൽഹി : തിങ്കളാഴ്ച വൈകിട്ടു ഉത്തർപ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ യുപി പോലീസ് അറസ്റ്റ്  ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഇന്നലെ വൈകിട്ടു രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അതേസമയം കാപ്പനെ  അറസ്റ്റ് ചെയ്ത വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം  കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചിട്ടുണ്ട്.

ഹാത്രസ്സിലെ ദളിത് പെൺകുട്ടിയുടെ കൊലപാതകവും സംഭവത്തിൽ യു പി പോലീസിന്റെ നിലപാടുകളും സംബന്ധിച്ച അന്വേഷണത്തിയി ഡൽഹിയിൽ നിന്നും അങ്ങോട്ടു പുറപ്പെട്ട ഒരു സംഘത്തിന്റെ  കൂടെയാണ് അദ്ദേഹം യാത്ര ചെയ്‌തത്. ഒരു ടോൾ പ്ലാസയ്ക്കു സമീപം അറസ്റ്റിലായ കാപ്പനെയും സംഘത്തെയും സംബന്ധിച്ചു ഇന്നലെ ഒരു പകൽ മുഴുവൻ  കുടുംബത്തിനോ ദൽഹിയിലെ സഹപ്രവർത്തകർക്കോ ഒരു വിവരവും ലഭ്യമായിരുന്നില്ല. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത വിവരം ഇന്നലെ വൈകിയാണ് സഹപ്രവർത്തകർക്ക് ലഭിച്ചത്.

അതേസമയം സിദ്ദിഖ് കാപ്പനെപ്പറ്റി തിങ്കളാഴ്ച വൈകിട്ടു മുതൽ ഒരു വിവരവും ലഭ്യമാവുന്നില്ലെന്നു മലപ്പുറം വേങ്ങരയിലെ അദ്ദേഹത്തിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ഫോണും കൈവശമുള്ള ലാപ്ടോപ്പ് കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തതായാണ് അറിയുന്നത്.  

ഏതാനും വർഷങ്ങളായി ദൽഹിയിൽ മാധ്യമപ്രവർത്തകനായി കഴിയുന്ന സിദ്ദിഖ് അവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അതിനാൽ വിവരങ്ങൾ  അറിയാൻ കഴിയാതെ കുടുംബം ആശങ്കയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ മെഹ്‌ന സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.  യുപി പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങളിൽ നിന്നു ഇന്നലെ അറിഞ്ഞുവെങ്കിലും അതു  സംബന്ധിച്ചു പോലീസിൽ നിന്നും കുടുംബത്തിനു ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും  അവർ അറിയിച്ചു.

Leave a Reply