ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻപോയ മലയാളി ലേഖകൻ അറസ്റ്റിൽ

ന്യൂദൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി സ്ഥലത്തെത്തിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഇന്നലെ വൈകിട്ട് യുപി പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തു സംഘർഷമുണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ് ചെയ്തത് .

നിരവധി വർഷങ്ങളായി ഡൽഹിയിൽ പ്രവർത്തിക്കുന്ന സിദ്ദിഖ് കാപ്പൻ നേരത്തെ തേജസ് ദിനപത്രത്തിന്റെ ദൽഹി പ്രതിനിധിയിയായിരുന്നു. രണ്ടു വർഷം മുമ്പ് തേജസ് പ്രസിദ്ധീകരണം നിർത്തിയശേഷം അദ്ദേഹം വിവിധ ഓൺലൈൻ മാധ്യമങ്ങൾക്കു വേണ്ടിയാണു പ്രവർത്തിച്ചു വന്നത്. കേരളാ പത്രപ്രവർത്തക യൂണിയന്റെ ദൽഹി ഘടകം സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാപ്പൻ ഓൺലൈൻ പ്രസിദ്ധീകരണമായ അഴിമുഖത്തിനു വേണ്ടി ഹത്രാസ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനായാണ് അങ്ങോട്ടു പോയതെന്നു ഡൽഹിയിലെ സഹപ്രവർത്തകർ പറഞ്ഞു. ഇന്നലെ ക്യാമ്പസ് ഫ്രണ്ടിലെ ചില അംഗങ്ങളുടെ കൂടെയാണ് അദ്ദേഹം ഹത്രാസിലെത്തിയത്. എല്ലാവരെയും ഇന്നു കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്.

സംഭവത്തിൽ ഇടപെടണമെന്നും മലയാളി മാധ്യമപ്രവർത്തകനെ വിട്ടയക്കാൻ യുപി മുഖ്യമന്ത്രിയോടു ആവശ്യപ്പെടണമെന്നും അഭ്യർത്ഥിച്ചു കെ യു ഡബ്ലിയു ജെ ദൽഹി ഘടകം കേരള മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം അയച്ചിട്ടുണ്ട്. 

Leave a Reply