ബിഹാറിൽ നിതീഷ് കുമാറിനെ ഒതുക്കാൻ ബിജെപി കരുക്കൾ നീക്കുന്നു?
ന്യൂദൽഹി: ഈ മാസം 28 മുതൽ നവംബർ ഏഴു വരെ നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒതുക്കാനുള്ള നീക്കങ്ങൾ ബിജെപി ദേശീയ നേതൃത്വം ആരംഭിച്ചതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
2005 മുതൽ ബിജെപിയും നിതീഷിന്റെ പാർട്ടി ജനതാദൾ (യു)വും സഖ്യമായിട്ടാണ് ബിഹാറിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2013ൽ നരേന്ദ്രമോദിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഉയർത്തിക്കാട്ടിയ അവസരത്തിൽ മാത്രമാണു സഖ്യത്തിൽ വിള്ളൽ വീണത്. അന്നു നിതാന്ത രാഷ്ട്രീയ എതിരാളി ലാലൂ പ്രസാദ് യാദവുമായി മഹാസഖ്യം രൂപീകരിച്ചുകൊണ്ടു ജെഡിയു മത്സരിച്ചു വിജയിച്ചു. പക്ഷെ ജെഡിയു, ആർജെഡി സഖ്യം നീണ്ടുനിന്നില്ല. നിതീഷും ബിജെപിയും വീണ്ടും ബിഹാറിൽ ഒന്നിച്ചുചേർന്നു.
ഇത്തവണയും നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയാണ് എൻഡിഎ സഖ്യം മത്സരിക്കുന്നതെങ്കിലും പ്രധാന സഖ്യകക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ചു തർക്കം ഉറപ്പാണെന്നു നിരീക്ഷകർ പറയുന്നു. മൊത്തം 243 സീറ്റുള്ള നിയമസഭയിലേക്കു ജെഡിയു 122 സീറ്റിൽ മത്സരിക്കും. ബിജെപി മത്സരിക്കുന്നത് 121 സീറ്റിലാണ്. അതേസമയം, ബിജെപി സഖ്യകക്ഷിയായ എൽജെപി ബിജെപിയെ പിന്തുണക്കുകയും നിതീഷിനെ എതിർക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് പ്രയോഗിക്കുന്നത്. മോദി മന്ത്രിസഭയിൽ അംഗമായ രാംവിലാസ് പാസ്വാനാണ് എൽജെപിയുടെ നേതാവ്. അദ്ദേഹത്തിന്റെ മകൻ ചിരാഗ് പാസ്വാനാണ് ബീഹാറിൽ പാർട്ടിയെ നയിക്കുന്നത്. തങ്ങൾ ജെഡിയു സ്ഥാനാർത്ഥികൾക്ക് എതിരെ മത്സരിക്കും എന്നും ബിജെപിയെ പിൻതുണക്കും എന്നുമാണ് ചിരാഗ് പാസ്വാൻ ഇന്നലെ വെളിപ്പെടുത്തിയത്.
ഒരേ സഖ്യത്തിൽ നിന്നുകൊണ്ടു ഇങ്ങനെ പിളർപ്പൻ നയം സ്വീകരിക്കാൻ എൽജെപിയെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി നേതൃത്വം തന്നെയാണ് എന്നു രാഷ്ട്രീയവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിതീഷിന്റെ ബീഹാറിലെ പ്രാമുഖ്യം അവസാനിക്കുന്നതോടെ സംസ്ഥാനം ബിജെപിയുടെ നിയന്ത്രണത്തിലാവും എന്നു അവർ കണക്കുകൂട്ടുന്നു. അതിനു കാരണമായി അവർ പറയുന്നതു ബീഹാറിൽ മുഖ്യമന്ത്രി നിതീഷിന്റെ പ്രതിച്ഛായയ്ക്കു കാര്യമായ മങ്ങലുണ്ടായപ്പോൾ പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായക്കു ഒരു കുറവും ഉണ്ടായിട്ടില്ല എന്നാണ്. അതിനാൽ ചിരാഗ് പാസ്വാന്റെ നീക്കങ്ങൾക്കു പിന്നിൽ ബിജെപി തന്നെയാണ് എന്നു ജെഡിയു നേതാക്കളും തിരിച്ചറിയുന്നുണ്ട്.
ഇതു തിരഞ്ഞെടുപ്പിനു ശേഷം ഭരണമുന്നണിയിൽ കാര്യമായ പ്രശ്നങ്ങൾക്ക് ഇടകൊടുക്കും എന്ന വിഷയത്തിൽ തർക്കമില്ല. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഇന്നലെ ബിജെപി ദേശീയാധ്യക്ഷൻ ജെ പി നഡ്ഡയുമായി ദൽഹിയിൽ ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് മാധ്യമങ്ങൾ പറയുന്നത്.അതേസമയം പുതിയ സംഭവവികാസങ്ങളോട് നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മറുഭാഗത്തു ലാലുവിന്റെ ആർജെഡി, കോൺഗ്രസ്സ് സഖ്യം സീറ്റുവിഭജനം പൂർത്തിയാക്കി പ്രചാരണത്തിനു ഇറങ്ങിക്കഴിഞ്ഞു. ഇത്തവണ കോൺഗ്രസ്സ് 70 സീറ്റിൽ മത്സരിക്കുന്നുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച സീറ്റുനിലയാണ് ഇത്തവണ കോൺഗ്രസ്സിനു ബീഹാർ സഖ്യത്തിൽ ലഭിച്ചത്. ആർജെഡി മത്സരിക്കുന്നത് 144 സീറ്റിലാണ്. സഖ്യത്തിലുള്ള സിപിഐ, സിപിഎം തുടങ്ങിയ ഇടതുപാർട്ടികൾക്കു 29 സീറ്റു നൽകിയിട്ടുണ്ട്. ഈ രണ്ടു പ്രധാന സഖ്യങ്ങൾക്ക് പുറമെ ഇത്തവണ ഒരു മൂന്നാം മുന്നണിയും ബിഹാറിൽ രംഗത്തുണ്ട്. ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ്, പിന്നാക്കസമുദായ നേതാവ് പപ്പു യാദവ്, മുസ്ലിം പിൻതുണയുള്ള എസ്ഡിപിഐ തുടങ്ങിയ കക്ഷികളാണ് പുരോഗമന ജനാധിപത്യ സഖ്യത്തിലുള്ളത്. ബീഹാറിൽ പരിമിതമായ പിൻതുണയുള്ള മുസ്ലിംലീഗും ഈ സഖ്യത്തിൽ ചേരാൻ ചർച്ചകൾ നടത്തുന്നതായി ചില സൂചനകളുണ്ട്.